പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ (32) കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യയായ അഫ്സാനയുടെ മൊഴി. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്താനായില്ല.
കൊന്നു കുഴിച്ചുമൂടിയെന്നാണ് അഫ്സാനയുടെ മൊഴിയെങ്കിലും കുഴിച്ചിട്ട സ്ഥലം ഇടക്കിടെ മാറ്റിപ്പറഞ്ഞ് പോലീസിനെ കബളിപ്പിക്കുകയാണ് ഇവര്‍. ഏനാത്ത് പരുത്തിപ്പാറയിലെ വാടകവീടിന് സമീപം യുവതി കാണിച്ചുനല്‍കിയ സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തേക്കും വ്യാഴാഴ്ച രാത്രി ഇവരെ കോടതിയില്‍ ഹാജരാക്കും.
ഒന്നര വര്‍ഷം മുമ്പാണ് നൗഷാദിനെ കാണാതായത്. നൗഷാദിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പ് ഭാര്യ അഫ്സാനയെ ചോദ്യം ചെയ്തപ്പോള്‍ അടുത്തിടെ നൗഷാദിനെ നേരിട്ട് കണ്ടെന്ന് മൊഴി നല്‍കിയതാണ് അഫ്സാനയെ കുടുക്കിയത്. അഫ്സാനയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നൗഷാദ് വന്ന സ്ഥലത്തെ സിസിടിവിയും മറ്റും പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വീണ്ടും ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അതിനിടെയാണ് നൗഷാദിനെ ഒന്നര വര്‍ഷം മുമ്പ് കൊലപ്പെടുത്തിയെന്ന് ഇവര്‍ മൊഴി നല്‍കിയത്.