ചാലക്കര പുരുഷു
മാഹി മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് മൂന്ന് പതിറ്റാണ്ടുകള്‍ നീളുന്ന ആത്മബന്ധം ഈ സ്ഥാപനവുമായുണ്ട്. ദൈവത്തിന്റെ വിരലുകളുള്ള ഈ ചിത്രകാരന്‍, കലാഗ്രാമത്തിന്റെ അങ്കണത്തില്‍ നൂറ് കണക്കിന് കലാസ്വാദകരെ വിസ്മയിപ്പിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ട്. കൂറ്റന്‍ കാന്‍വാസില്‍ പശ്ചാത്തലത്തില്‍ നടനചാരുതയോടെ ചടുലതയോടെ ഈ മഹാപ്രതിഭ വരയുന്നത് കണ്ടു നിന്നവര്‍ക്കെല്ലാം കൗതുകവും അത്ഭുതവുമായിരുന്നു. പറയാനോ എഴുതാനോ കഴിയാത്ത വിധം വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്തിയിരുന്ന നമ്പൂതിരിയും ദേവനും, എ.പിയും കലാഗ്രാമത്തില്‍ ഒന്നിക്കുമ്പോള്‍ കലാകാരന്മാര്‍ക്ക് ഈ കലാക്ഷേത്രം പത്മതീര്‍ത്ഥക്കരയാവും. അന്തര്‍ദ്ദേശീയ തലത്തില്‍ കലാഗ്രാമത്തില്‍ ഒരു മാസം നീണ്ട കരിങ്കല്‍ ശില്‍പകലാ ക്യാംപില്‍ അദ്ദേഹം കൊത്തിയെടുത്ത ശില്‍പം അനശ്വര സ്മാരകമായി കലാഗ്രാമത്തില്‍ നിലനില്‍ക്കുന്നു. കലാഗ്രാമത്തിന്റെ വഴിയില്‍ അദ്ദേഹം കൊത്തിയെടുത്ത കെ.പി.കേശവമേനോന്റെ അര്‍ദ്ധകായ പ്രതിമ മറ്റൊരു സ്മരണയാണ്.
കടലാസുമായി തനിക്ക് മുന്നിലെത്തുന്ന ചെറിയ കുട്ടികള്‍ക്ക് പോലും രേഖാ ചിത്രങ്ങള്‍ വരച്ച് നല്‍കുന്ന ഈ മഹാമനുഷ്യനെ പുതു തലമുറയിലെ ചിത്രകൃത്തുക്കളെല്ലാം വരച്ചുവച്ചിട്ടുണ്ട്. ഓരോ അനുസ്മരണ ചടങ്ങ് നടക്കുമ്പോഴും, വാചാലമായ ചിത്രങ്ങള്‍ വരച്ചാണ് തുടക്കം കുറിക്കുക. എം.ഗോവിന്ദന്‍, ജി.അരവിന്ദന്‍, എം.വി.ദേവന്‍, എ.പി.കുഞ്ഞിക്കണ്ണന്‍, ടി.പത്മനാഭന്‍ എന്നിവരുടെയെല്ലാം ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. കലാഗ്രാമത്തിലെ എല്ലാ വാര്‍ഷിക ആഘോഷങ്ങളിലും മുടങ്ങാതെ വന്നെത്തുന്ന നമ്പൂതിരിക്ക് തന്റെ ബാല്യകാല മദിരാശി പവിത്ര സംഘത്തിലെ കൂട്ടുകാരായ എ.പി.കുഞ്ഞിക്കണ്ണന്‍, എം.വി.ദേവന്‍, ടി.പത്മനാഭന്‍ , എന്‍.പി.മുഹമ്മദ് തുടങ്ങി എം.മുകുന്ദന്‍, സംഗീതജ്ഞന്‍ കെ. രാഘവന്‍ മാസ്റ്റര്‍, നോവലിസ്റ്റ് എം. രാഘവന്‍, പ്രൊഫ: എം.പി ശിവദാസ്, കെ.കെ മാരാര്‍, കെ. പാനൂര്‍ അടക്കമുള്ളവരെ കാണാനും സൗഹൃദം പുതുക്കാനുമുള്ള അവസരം കൂടിയായിരുന്നു.
തകഴി മുതല്‍ നാളിതു വരെയുള്ള എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് തന്റെ വരയിലൂടെ കഥാപാത്ര മിഴിവ് പകര്‍ന്ന ചിത്രകാരന്‍… ‘രണ്ടാമൂഴം ‘ എന്ന എം.ടി.യുടെ നോവലിന് അദ്ദേഹം വരച്ചു ചേര്‍ത്ത വിസ്മയാവഹമായ ചിത്രങ്ങള്‍ നോവല്‍ പോലെ തന്നെ പ്രസിദ്ധം. ക്ലാസ്സിക് നോവലായ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ക്ക് ചിത്രഭാഷ്യമെഴുതിയ നമ്പൂതിരിയുടെ കൊറമ്പിയമ്മയും, ലസ്‌ലി സായ്പും, ഗസ്‌തോനും, ദാസനും, ചന്ദ്രികയുമെല്ലാം മലയാളി മനസ്സുകളില്‍ ചിത്ര ശില്‍പ്പം പോലെ കൊത്തിവെക്കപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ.എം.എസിനെ മുന്നിലിരുത്തി, അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് മാഹി പുത്തലം ക്ഷേത്രാങ്കണത്തില്‍ തടിച്ചു കൂടിയവര്‍ കണ്ടത്.
നമ്പൂതിരിപ്പാടിനെ നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ചത് കണ്ടപ്പോള്‍ , ഇ.എം.എസ്. ചിരിച്ച് കൊണ്ട് ഏറെനേരം നോക്കി നിന്നത് മനസ്സില്‍ ‘ നിന്ന് മായുന്നില്ല.
വരകള്‍ പോലെ തന്നെ ഇമ്പമാര്‍ന്നതാണ് തമാശകള്‍ നിറഞ്ഞ പതിഞ്ഞ സംസാരവും. മലയാള കലാഗ്രാമത്തില്‍ നമ്പൂതിരി പലപ്പോഴായി നടത്തിയ ഡമോണ്‍സ്‌ട്രേഷനുകള്‍ അനുഭവിച്ചര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കഥകളിപ്പദങ്ങളുടേയും താളമേളങ്ങളുടേയും പശ്ചാത്തലത്തില്‍ കഥകളിയുടെ സവിശേഷ സന്ദര്‍ഭങ്ങളെ മൂന്ന് മണിക്കൂര്‍ ചിലവിട്ടാണ് നൂറ് അടി നീളമുള്ള ക്യാന്‍വാസില്‍ പകര്‍ത്തിയത്.
