അപ്പു നെടുങ്ങാടിയുടെ മഹത്വം പുതു തലമുറക്ക്  പകർന്നു  നൽകണം: ശാന്ത കൃഷ്ണൻ

അപ്പു നെടുങ്ങാടിയുടെ മഹത്വം പുതു തലമുറക്ക് പകർന്നു നൽകണം: ശാന്ത കൃഷ്ണൻ

                  

                     പി.ടി.നിസാർ

കേരളത്തിലാദ്യമായി പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു റാവു ബഹദൂർ അപ്പു നെടുങ്ങാടിയെന്ന് പൗത്രി ശാന്ത കൃഷ്ണൻ പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു. 1918-20 കാലഘട്ടത്തിൽ കോഴിക്കോട് മുൻസിപ്പൽ ചെയർമാനായിരുന്നു അദ്ദേഹം.
മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കർത്താവ്, കേരളത്തിലെ പ്രഥമ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ, പബ്ലിക് പ്രോസിക്യൂട്ടർ, സൂപ്പർ മാർക്കറ്റ് എന്ന സങ്കൽപ്പം പോലും ഇല്ലാതിരുന്ന കാലത്ത് സൂപ്പർ മാർക്കറ്റ് എന്ന പുത്തൻ ചുവട്‌വെപ്പ് നടത്തിയ വ്യാപാരി, പ്രഗൽഭനായ അഭിഭാഷകൻ, സ്ത്രീ സമത്വത്തിനായി നിലകൊണ്ട മഹത് വ്യക്തിത്വം, ജാതി-മത-ലിംഗ ഭേദമില്ലാതെ എല്ലാവരോടും തുല്യ രീതിയിൽ ഇടപെട്ട മഹത് വ്യക്തി. ഇങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ബാങ്കിംഗ് മേഖല നിത്യ ജീവിതത്തിന്റെ ഭാഗമായ വർത്തമാനകാലത്ത് അപ്പുനെടുങ്ങാടി എന്ന ബാങ്കറെ ഓർക്കാതെ കേരളീയ ബാങ്കിംഗ് മേഖലക്ക് മുന്നോട്ട് പോകാനാവില്ല. കേരളത്തിലെ പ്രഥമ ബാങ്കുകളിലൊന്നായ നെടുങ്ങാടി ബാങ്കിന്റെ ജനനവും ലയനവും മലയാളിയുടെ മനസിൽ എന്നും തിളങ്ങി നിൽക്കും. 1895ൽ പത്തൊൻപതിനായിരം രൂപയുടെ നിക്ഷേപത്തിൽ തന്റെ വീടിന്റെ മുകൾ നിലയിലാണ് അദ്ദേഹം നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത്. സാധാരണക്കാരന്റെ പുരോഗതിക്ക് മൂലധനം ആവശ്യമാണെന്ന ചിന്തയായിരുന്നു ബാങ്ക് സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്.
സ്വന്തം വീട്ടിലെ കുതിര വണ്ടിക്കാരനായി താഴ്ന്ന ജാതിയിൽപെട്ടയാളെ നിയമിച്ച് ജാതി വ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. അയിത്തത്തിനെതിരെ പോരാടുകയും, മാറ് മറക്കാനാവാത്ത സ്ത്രീകൾക്ക് വസ്ത്രം സൗജന്യമായി തയ്ച്ച് നൽകാൻ ഒരു തയ്യൽക്കാരനെ നിയമിച്ച് ജാതി വ്യവസ്ഥക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഭാര്യമാരെ അടുക്കളയിൽ തളച്ചിട്ടിരുന്ന കാലത്ത് (1895 കാലത്ത്) സഹധർമ്മിണി മീനാക്ഷിയുമായി കോഴിക്കോട് ബീച്ചിൽ പോയി സായാഹാനങ്ങൾ ചിലവിട്ടിരുന്നു. കോഴിക്കോട്ടെ ആദ്യത്തെ മോട്ടോർ കാർ ഉടമ, ആദ്യമായി ചായ കോഴിക്കോട്ടോക്ക് കൊണ്ടുവന്ന വ്യക്തി, ആദ്യമായി പാൽക്കമ്പനി സ്ഥാപിച്ച വ്യക്തി, രണ്ട് പത്രങ്ങൾ സ്ഥാപിച്ച പത്രാധിപർ, ടെക്‌സ്റ്റൈൽ സ്ഥാപിച്ച വ്യാപാരി ഈ സർക്ഷ വ്യക്തിയെ ഇന്നത്തെ സ്റ്റാർട്ടപ്പ് യുഗം പഠിക്കേണ്ടത് തന്നെയാണ്. വ്യത്യസ്തതയുടെ തുടക്കക്കാരനായാണ് ചരിത്രം ആ മഹാനുഭാവനെ രേഖപ്പെടുത്തിവെക്കുന്നത്. അധ്യാപകനായി ജീവിതമാരംഭിച്ച അദ്ദേഹം ഇംഗ്ലീഷിൽ അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനായിരുന്നു.
ഇന്നത്തെ സമൂഹം എത്തിപ്പിടിച്ച നേട്ടങ്ങളുടെ ആദ്യകാല ശിൽപ്പികളിൽ പ്രഥമഗണനീയനാണ് റാവു ബഹദൂർ അപ്പു നെടുങ്ങാടി. ആ മഹാനുഭാവന്റെ ജീവിത ദർശനം പുതുതലമുറക്ക് പകർന്നു നൽകാൻ ബന്ധപ്പെട്ടവർ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കണം.കോഴിക്കോട് നഗരത്തിന്റെ വികസനത്തിലും മുൻസിപ്പൽ ചെയർമാനായിരുന്ന കാലത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. അഴിമതിക്കെതിരെ നിലപാട് കൈക്കൊണ്ടു. സമൂഹത്തിനാകെ നിസ്തൂല സേവനമർപ്പിച്ച അദ്ദേഹം 1933ലാണ് അന്തരിക്കുന്നത്. ഇത്രയും മഹാനായ അദ്ദേഹത്തിന്റെ നാമധേയത്തിൽ നഗരത്തിൽ ഉചിതമായ സ്മാരകമില്ലെന്നത് ഖേദകരമാണ്. സാമൂഹിക പ്രശ്‌നങ്ങൾ വളർന്ന് വരുന്ന ഇക്കാലത്ത് അദ്ദേഹത്തിന്റെ ജീവിത ദർശനം സമൂഹത്തിന് മാർക്ഷദർശകമാകുമെന്നതിൽ രണ്ട് പക്ഷമില്ല. അദ്ദേഹത്തിന്റെ ജീവിതം, ദർശനം, കർമ്മ മേഖലയെക്കുറിച്ച് പുതുതലമുറക്ക് നിരന്തരം അറിവ് നൽകാനുള്ള പഠന ഗവേഷണ കേന്ദ്രം അദ്ദേഹത്തിന്റെ നാമധേയത്തിൽ നഗരത്തിൽ നിർമ്മിക്കലാണ് നമുക്ക് അദ്ദേഹത്തോട് ചെയ്യാനുള്ളത്. സംസ്ഥാന സർക്കാരും, കോഴിക്കോട് കോർപ്പറേഷനും ഈ ദിശയിൽ ഇടപെടുമെന്ന് പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ, സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സ്തുത്യർഹമായി ഇടപെടുന്ന അനുസ്മരണ സമിതിക്കും, അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള പുരസ്‌കാരം നേടിയ മഹത് വ്യക്തികൾക്കും എല്ലാവിധ നന്മകളും നേരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *