ദേശീയ റാങ്കിംഗില്‍ കോഴിക്കോട് എന്‍.ഐ.ടിയ്ക്ക് മികച്ച നേട്ടം

ദേശീയ റാങ്കിംഗില്‍ കോഴിക്കോട് എന്‍.ഐ.ടിയ്ക്ക് മികച്ച നേട്ടം

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) പ്രഖ്യാപിച്ച ദേശീയ റാങ്കിംഗില്‍ എന്‍.ഐ.ടി കാലിക്കറ്റ് ഒന്നിലധികം വിഭാഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചു. ആര്‍ക്കിടെക്ചര്‍ & പ്ലാനിംഗ്,ഇന്നൊവേഷന്‍, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് മികച്ച അംഗീകാരം നേടിയത്.

2023 ലെ എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആര്‍ക്കിടെക്ചറില്‍ എന്‍.ഐ.ടി കാലിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആര്‍ക്കിടെക്ചര്‍ സ്ട്രീമില്‍, അദ്ധ്യാപനം, ഗവേഷണം, കണ്‍സള്‍ട്ടന്‍സി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന റാങ്കിംഗ് പാരാമീറ്ററുകളിലും അതിന്റെ സ്‌കോര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിംഗ് മേഖലയിലെ ഭാവി പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിരന്തര ശ്രമങ്ങള്‍ എന്‍.ഐ.ആര്‍.എഫ് മൂല്യനിര്‍ണ്ണയത്തില്‍ അതിന്റെ സ്ഥാനം നിലനിര്‍ത്തുന്നതിന് കാരണമായി. ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ്ങില്‍, രാജ്യത്തെ 31 എന്‍.ഐ.ടികളില്‍ ഏറ്റവും മികച്ചത് മാത്രമല്ല, ഐ.ഐ.ടി ഖരഗ്പൂര്‍ പോലുള്ള പഴയ തലമുറ ഐ.ഐ.ടി.കളേക്കാള്‍ മികച്ചതാണ് എന്‍.ഐ.ടി കാലിക്കറ്റിന്റെ സ്ഥാനം.

വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും ‘ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്’ മേഖലയില്‍ ഉള്ള മികവ് അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നതാണ് എന്‍.ഐ.ആര്‍.എഫ്-ന്റെ ഇന്നവേഷന്‍ റാങ്കിംഗ്. ഇതില്‍ എന്‍.ഐ.ടി കാലിക്കറ്റ് രാജ്യത്ത് എട്ടാം സ്ഥാനത്താണ്. ഈ വിഭാഗത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക എന്‍.ഐ.ടി ആണ് കോഴിക്കോട്. നേരത്തെ എ.ആര്‍.ഐ.ഐ.എ റാങ്കിംഗ് എന്ന് അറിയപ്പെട്ടിരുന്ന ഈ റാങ്കിംഗ് ഇത് ആദ്യമായാണ് എന്‍.ഐ.ആര്‍.എഫ് റാങ്കിംഗുമായി സംയോജിപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ വഴിയും നിരവധി വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റി അംഗങ്ങളും ചേര്‍ന്ന് തദ്ദേശീയ ഉല്‍പ്പന്ന വികസനം നടത്തിയും സ്വാശ്രയ ഇന്ത്യയിലേക്കുള്ള (ആത്മനിര്‍ഭര്‍ ഭാരത്) പ്രയാണത്തെ എന്‍.ഐ.ടി കാലിക്കറ്റ് ശക്തമായി പിന്തുണയ്ക്കുന്നു. ഇന്നൊവേഷന്‍, എന്റര്‍പ്രണര്‍ഷിപ്പ്, ഇന്‍കുബേഷന്‍ എന്നിവയ്ക്കായി ഒരു പ്രത്യേക കേന്ദ്രവും ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെ ഈ മേഖലകളില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു.

എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എന്‍.ഐ.ടി കാലിക്കറ്റ് അഖിലേന്ത്യ തലത്തില്‍ 23-ാം റാങ്ക് കരസ്ഥമാക്കി. നൂതനാശയങ്ങള്‍, ഗവേഷണം, കണ്‍സള്‍ട്ടന്‍സി, അധ്യാപനവും പഠനവും, ഗ്രാജുവേറ്റ് ഔട്ട്ക്കം എന്നിവ ഉള്‍പ്പെടുന്ന എല്ലാ റാങ്കിംഗ് പാരാമീറ്ററുകളിലും എന്‍.ഐ.ടി കാലിക്കറ്റ് അതിന്റെ സ്ഥാനം മെച്ചപ്പെടുത്തി. മെച്ചപ്പെട്ട പ്ലെയ്സ്മെന്റ്, ശമ്പള പാക്കേജുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഉപരിപഠന അവസരങ്ങള്‍, സ്ഥിരം ഫാക്കല്‍റ്റി അംഗങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ് അവരുടെ ഗവേഷണ ഫലങ്ങള്‍ എന്നിവ ഈ നേട്ടത്തിന് കാരണമായ ചില പാരാമീറ്ററുകളാണ്. അത്യാധുനിക ഗവേഷണം, വ്യവസായ സഹകരണം, സംരംഭകത്വം എന്നിവയില്‍ എന്‍.ഐ.ടി കാലിക്കറ്റിന്റെ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധ എഞ്ചിനീയറിംഗ് രംഗത്ത് അതിന്റെ നിലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. കേരളത്തിലെ ഏറ്റവും മികച്ച എന്‍ജിനീയറിങ് സ്ഥാപനമായി എന്‍.ഐ.ടി കാലിക്കറ്റ് ഒന്നാം സ്ഥാനത്തുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഐ.ഐ.എസ്.ടി തിരുവനന്തപുരം (റാങ്ക്-48), ഐ.ഐ.ടി പാലക്കാട് (റാങ്ക്-69) എന്നിവയാണ്.

മാനേജ്മെന്റ് സ്ട്രീമില്‍ എന്‍.ഐ.ടി.സി യുടെ റാങ്കിംഗ് 9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 75-ാം സ്ഥാനത്തെത്തി. ഗവേഷണം, പ്രസിദ്ധീകരണം, കണ്‍സള്‍ട്ടന്‍സി, അധ്യാപനവും പഠനവും തുടങ്ങിയ എല്ലാ റാങ്കിംഗ് പാരാമീറ്ററുകളിലെയും മെച്ചപ്പെട്ട സ്‌കോറുകളാണ് റാങ്കിംഗിലെ പുരോഗതിക്ക് കാരണം. എക്സിക്യൂട്ടീവ്, സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകളിലൂടെയും ക്ലാസ് റൂം പരിശീലനത്തിലൂടെയും പ്രൊഫഷണലുകള്‍ക്ക് മാനേജ്മന്റ് കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാധ്യസ്ഥമാണ്. ഇന്നൊവേഷന്‍, വ്യാവസായിക ഇടപഴകല്‍, ഭാവിയിലെ നേതാക്കളെ പരിപോഷിപ്പിക്കല്‍ എന്നിവയ്ക്കായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍, ഇന്നൊവേഷന്‍, എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ്, മാനേജ്മെന്റ് രംഗങ്ങളിലെ ഒരു പ്രമുഖ സ്ഥാപനമായിഎന്‍.ഐ.ടി.സിയുടെ റാങ്കിംഗ് ഉയര്‍ത്തി.

ഈ നേട്ടത്തെക്കുറിച്ച്, എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു, ”അധ്യാപന-പഠന പ്രക്രിയയും ഗവേഷണവും മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഫാക്കല്‍റ്റി അംഗങ്ങള്‍ നേടിയെടുത്ത ഗവേഷണ ഫണ്ടിംഗിലെ പുരോഗതിക്കു പുറമെ, പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളിലൂടെ യു.ജി വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തെയും നവീകരണത്തെയും പിന്തുണയ്ക്കുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് പ്രസിദ്ധീകരണങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. റാങ്കിംഗിലെ പുരോഗതിയുംഎന്‍.ബി.എ അക്രഡിറ്റേഷനിലെ സമീപകാല നേട്ടങ്ങളും ഞങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരത്തിന്റെ ഉദാഹരണങ്ങളാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. ഈ ശ്രദ്ധേയമായ നേട്ടത്തിന് അധ്യാപകരെയും സ്റ്റാഫിനെയും വിദ്യാര്‍ത്ഥികളെയും ഞാന്‍ അഭിനന്ദിക്കുന്നു’.

‘ഉയര്‍ന്ന നിലവാരമുള്ള അധ്യാപന പ്രക്രിയയുടെ സൂചകമായ അധ്യാപന-പഠന വിഭവങ്ങള്‍, ക്യാമ്പസ് പ്ലെയ്സ്മെന്റുകള്‍, ഉന്നത പഠനങ്ങള്‍, അക്കാദമിക് ഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്രാജുവേറ്റ് ഔട്ട്ക്കംപോലെയുള്ള റാങ്കിംഗ് പാരാമീറ്ററുകളില്‍ എന്‍.ഐ.ടി കാലിക്കറ്റിന്റെ സ്ഥാനങ്ങള്‍, മികച്ച എന്‍.ഐ.ടി-കള്‍ രാജ്യത്തെ നിരവധി പുതിയ ഐ.ഐ.ടി-കള്‍ എന്നിവയെക്കാള്‍ മികച്ചതാണ്. ഞങ്ങള്‍ ഒരു ക്ലാസ്സില്‍ പരമാവധി 50 വിദ്യാര്‍ത്ഥികളായി പരിമിതപ്പെടുത്തുകയും ഒന്നിലധികം ബാച്ചുകള്‍ ആക്കുകുയും ചെയ്യുന്നു. ഇതിന് കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണെങ്കിലും, അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കൂടുതല്‍ ആശയവിനിമയം നടത്താന്‍ ഉപകരിക്കുന്നു. ഇത് ഒന്നിലധികം പാരാമീറ്ററുകളില്‍ മികച്ച സ്‌കോറിനുള്ള ഒരു കാരണമാണ്,’ ഡെപ്യൂട്ടി ഡയറക്ടറും സെന്റര്‍ ഫോര്‍ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് എന്‍ഹാന്‍സ്മെന്റ് (സി.ക്യു.എ.ഇ) ചെയര്‍പേഴ്സണുമായ പ്രൊഫ. പി.എസ്. സതീദേവി പറഞ്ഞു.

എല്ലാ മേഖലകളിലും മെച്ചപ്പെട്ട റാങ്കിംഗും വരുന്ന അധ്യയന വര്‍ഷത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിക്കാന്‍ പോകുന്ന പുതിയ പാഠ്യപദ്ധതി ഘടനയും ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ത്ഥികളെ കാമ്പസിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍.ഐ.ആര്‍.എഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ.ടി.കെ.സിന്ധു, ഡീന്‍ (അക്കാദമിക്) പ്രൊഫ. സമീര്‍ എസ്.എം എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്ങില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

 

Share

Leave a Reply

Your email address will not be published. Required fields are marked *