ഭൂമിയെ സംരക്ഷിക്കാന്‍ കൈകോര്‍ക്കാം

ഭൂമിയെ സംരക്ഷിക്കാന്‍ കൈകോര്‍ക്കാം

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ ഭൂമിയെക്കുറിച്ചാലോചിക്കുമ്പോള്‍ ആശങ്കാജനകമായ അവസ്ഥയാണെന്ന് കാണാന്‍ സാധിക്കും. ഭൂമിയിന്ന് നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം എന്നിവയാണ് പ്രധാന വെല്ലുവിളി. ഭൂമിയിലെ മനുഷ്യന്റെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതില്‍ വലിയ പങ്ക് മനുഷ്യര്‍ തന്നെയാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ലോകത്ത് വര്‍ഷംതോറും 40 ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവയുടെ മൂന്നിലൊന്നും ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കാനാവുക. അതെല്ലാം ഭൂമിയില്‍ ഉപേക്ഷിക്കപ്പെടുകയാണ്. പ്രതിവര്‍ഷം രണ്ടരക്കോടി പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലടക്കമുള്ള ജലാശയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നത്.

വനനശീകരണമാണ് മറ്റൊന്ന്. ഓരോ മിനിട്ടിലും 20 ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വനം കുറയുന്നതായാണ് ഐക്യരാഷ്ട്രസംഘടന വ്യക്തമാക്കുന്നത്. വനനശീകരണവും വനത്തിലേക്കുള്ള കൈയ്യേറ്റവും മൂലം വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും തകര്‍ക്കപ്പെടുന്നു. സ്വാഭാവികമായും അവ നാട്ടിലേക്കിറങ്ങുന്നു. അതാണ് കണ്ടുവരുന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിത്യേന കാണുന്നത്. നാട്ടിലിറങ്ങുന്ന വന്യജീവികള്‍ മനുഷ്യ ജീവനെടുക്കുന്നതും വ്യാപകമാവുകയാണ്. വനം സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. വനത്തിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ റിസോര്‍ട്ടടക്കമുള്ള ടൂറിസം സൗകര്യമൊരുക്കുമ്പോള്‍ വനസംരക്ഷണത്തിന് ഹാനികരമാേെണായെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പരിശോധിച്ച് മാത്രമേ അനുമതി കൊടുക്കാവൂ. ആഗോള ഭൗമ കമ്മീഷന്റെ നേതൃത്വത്തില്‍ ഭൂമിയുടെ അവസ്ഥ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്.

കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം, ഉപരിതല ജലം, ഭൂഗര്‍ഭ ജലം, നൈട്രജന്‍ വളങ്ങള്‍(ജലം), ഫോസ്ഫറസ് വളങ്ങള്‍ (അമിത തോതില്‍), സ്വാഭാവിക ആവാസ വ്യവസ്ഥകള്‍, ആവാസവ്യവസ്ഥകളുടെ പ്രവര്‍ത്തന ക്ഷമതയും സമഗ്രതയും എന്നീ വിഷയങ്ങളില്‍ ഭൂമിയുടെ അവസ്ഥ പരിതാപകരമാണെന്നാണ് ഭൗമകമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പിലാക്കാന്‍ രാജ്യങ്ങള്‍ തയാറാകണം. ഓരോ വര്‍ഷവും ഉയരുന്ന താപനില വലിയ ഭീഷണിയാണ്.

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 25% ഭൗമപാര്‍ക്കുകള്‍ക്കോ മരക്കൂട്ടങ്ങള്‍ക്കോ നീക്കിവയ്ക്കണം. വൃഷ്ടി പ്രദേശത്ത്് നദികളുടേയും അരുവികളുടേയും സ്വാഭാവിക ഒഴുക്ക് 20 ശതമാനത്തില്‍ കൂടുതല്‍ തടയരുത്. ഭൂഗര്‍ഭജല ചൂഷണം അരുത്. കൃഷിയിടങ്ങളിലെ നൈട്രജന്‍, ഫോസ്ഫറസിന്റെ അമിത ഉപയോഗം കുറക്കുക എന്നീ പ്രധാനപ്പെട്ട നിര്‍ദേശങ്ങളാണ് ഭൗമ കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ആഗോള തലത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നമ്മുടെ കൊച്ചു കേരളകരയിലും പ്രകൃതി സംരരക്ഷണ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ആഗോള പരിസ്ഥിതിദിനത്തില്‍ മരം നട്ടതുകൊണ്ട് പ്രകൃതിസംരക്ഷണ പ്രവര്‍ത്തനമാകില്ല. പറ്റാവുന്നിടങ്ങളിലെല്ലാം മരം നട്ടുപിടിപ്പിച്ച് പരിപാടികള്‍, വ്യക്തികള്‍, സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, യുവജനങ്ങളടക്കമുള്ള സമൂഹം മുന്നോട്ടുവരണം. കിട്ടാവുന്നിടത്തെല്ലാം കോണ്‍ക്രീറ്റ് ബില്‍ഡിംഗുകളുണ്ടാക്കുന്ന രീതിയും അവസാനിപ്പിക്കപ്പെടണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹരിതാത്മകമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

നഗര മധ്യങ്ങളിലടക്കം കൂറ്റന്‍ ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ മലിനീകരണവും കുടിവെള്ള പ്രശ്‌നവും അധികാരികള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രകൃതി സൗഹൃദ വ്യവസായ സംരംഭങ്ങളല്ലെങ്കില്‍ ജനങ്ങള്‍ രോഗികളായി മാറും. ഏതെങ്കിലും വ്യക്തികള്‍ക്ക് പണമുണ്ടാക്കാന്‍ ജനങ്ങളെ രോഗത്തിലേക്ക് തള്ളിവിടുകയും ഭൂഗര്‍ഭജലവും കിണറും കായലും തോടും പുഴയും മലിനമാക്കുന്ന സ്ഥാപനങ്ങള്‍ അധികൃതര്‍ കൃത്യമായി പരിശോധിച്ച് സുരക്ഷാ നടപടികള്‍ പാലിക്കണം. അങ്ങേയറ്റം പ്രതികൂലമായി നില്‍ക്കുന്ന ഭൂമിയിലെ അവസ്ഥ തിരിച്ചുപിടിക്കാന്‍ വലിയ തരത്തിലുള്ള ഇടപെടല്‍ ആഗോളതലത്തില്‍ നടക്കുമ്പോള്‍ ഓരോ വ്യക്തിക്കും എന്ത് ചെയ്യാനാകുമെന്ന് സ്വയം ചോദിക്കണം. തീര്‍ച്ചയായും ഭൂമിക്കായ്, നമുക്കായ്, നമ്മുടെ തലമുറകള്‍ക്കായ്, നമുക്ക് ജാഗരൂകരാകാം.

Share

Leave a Reply

Your email address will not be published. Required fields are marked *