അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസ മേഖലയില്‍. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറ് മീറ്റര്‍ അടുത്താണ് ആന ഇന്നലെ രാത്രിയെത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവെച്ച് ആനയെ കാട്ടിലേക്ക് തുരുത്തി.
റേഡിയോ കോളര്‍ വഴിയാണ് ആന ജനവാസ മേഖലക്ക് സമീപമെത്തിയതായി വനംവകുപ്പ് മനസ്സിലാക്കിയത്. ഇതോടെ ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. റോസാപ്പൂക്കണ്ടം ഭാഗത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മാത്രം വനത്തിനുള്ളിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. പലതവണ വെടിവെച്ചതിന് ശേഷമാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും പോകാന്‍ തയ്യാറായത്.
അരിക്കൊമ്പനെ മയക്കുവെടി വച്ച് മാറ്റി പാര്‍പ്പിച്ചതിന് പിന്നാലെ അരിക്കൊമ്പന്‍റെ സ്ഥാനത്ത് ചക്കകൊമ്പനാണ്.
നേരത്തെ അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമന്റു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും ചക്കക്കൊമ്പനെ കണ്ടെത്തിയിരുന്നു.