മൈസൂരു: വിധിയെഴുത്തു ദിവസമായ നാളെ കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. മൈസൂരു മൃഗശാലയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കും.
ജീവനക്കാര്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിനും പൗരന്മാരെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മാണ്ഡ്യ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വോട്ടു ചെയ്ത തെളിവ് ഹാജരാക്കിയാല്‍ മാത്രമേ കര്‍ണാടക സ്വദേശികളായവരെ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മഷി പുരണ്ട വിരല്‍ കാണിച്ചില്ലെങ്കില്‍ കര്‍ണാടകക്കാരെ പ്രവേശിപ്പിക്കില്ല. കൃഷ്ണരാജ സാഗര്‍, ബൃന്ദാവന്‍ ഗാര്‍ഡന്‍, മുത്തത്തി, ശിവനസമുദ്ര വെള്ളച്ചാട്ടം, രംഗനത്തിട്ട് പക്ഷിസങ്കേതം, ബാലമുരി, ദരിയ ദൗലത്ത് പാലസ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. കുടക് ജില്ലാ ഭരണകൂടവും സമാനതീരുമാനം എടുത്തിട്ടുണ്ട്.