കോഴിക്കോട്: കേരളം അറിവിനെ ജനകീയവല്ക്കരിക്കുമ്പോള് മറ്റിടങ്ങളില്‍ കച്ചവടവല്‍ക്കരണ(ചരക്കുവല്‍ക്കരണം)മാണ് നടക്കുന്നതെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേളുവേട്ടന് പഠനഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന അഞ്ചാമത് കേരള പഠന കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന വിദ്യാഭ്യസ സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷാ പഠനത്തിന് മുന്‍തൂക്കം നല്‍കിയാണ് കേരളം ജനകീയ വിദ്യാഭ്യാസത്തില്‍ മുന്നേറിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതാണ്. ജനകീയ വിദ്യാഭ്യാസത്തിലെ ആധുനികവല്ക്കരണമാണ് കേരളം ലക്ഷ്യമിടുന്നത്. എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് വിദ്യാഭ്യസത്തെ ജനകീയവല്‍ക്കരിക്കും. പുതിയ കാലത്തിനനുസരിച്ച് അധ്യാപകരേയും പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സി.രാമകൃഷ്ണന്, എ.പ്രദീപ്കുമാര്‍, കെ.ടി കുഞ്ഞിക്കണ്ണന് എന്നിവരും പങ്കെടുത്തു.
