തിരുവനന്തപുരം: കേരളത്തില്‍ നടന്ന ജി 20 ഷേര്‍പ്പാസമ്മേളനത്തിനു കെ. ടി. ഡി. സിയുടെ കുമരകം വാട്ടര്‍സ്‌കേപ്‌സില്‍ റെക്കോഡ് വേഗത്തിലും ശില്പമികവിലും പരിസ്ഥിതിസൗഹൃദമായും കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപറേറ്റീവ് സൊസൈറ്റിക്കും മുളകൊണ്ട് അലങ്കാരം ഒരുക്കിയ കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിനും ഇന്‍ഡ്യാഗവണ്മെന്റിന്റെ അഭിനന്ദനം. പരിപാടിയുടെ ചുമതല വഹിച്ച ഷേര്‍പ്പ അമിതാഭ് കാന്ത് രണ്ടു സ്ഥാപനത്തിനും അനുമോദനക്കത്ത് അയച്ചു.
”സമ്മേളനം ശ്രദ്ധേയമായ വിജയകഥ ആയിരുന്നു. അതു വ്യാപകമായി പ്രശംസിക്കപ്പെടുകയും ചെയ്തു. കെ. ടി. ഡി. സിയില്‍ പരിസ്ഥിതിസൗഹൃദ കണ്‍വെന്‍ഷന്‍ സെന്റര്‍ റെക്കോഡ് സമയത്തില്‍ നിര്‍മ്മിക്കുന്നതില്‍ വിസ്മയകരമായ പ്രവര്‍ത്തനം ആണ് കേരളസര്‍ക്കാര്‍ കാഴ്ചവച്ചത്. ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ അതിന്റെ വാസ്തുശില്പം, രൂപകല്പന, സുസ്ഥിരത, ദീപവിതാനം, മുളയുടെ ഉപയോഗം എന്നിവകൊണ്ടെല്ലാം ഗംഭീരപ്രശംസ നേടി.” കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ കേരളത്തിന്റെ കായലുകള്‍ക്കുള്ള സ്ഥിരം ആസ്തി ആകുമെന്നും ഒരു ‘മൈസ്’ (മീറ്റിങ്‌സ്, ഇന്‍സെന്റീവ്‌സ്, കണ്‍വെന്‍ഷന്‍, എക്‌സിബിഷന്‍) ഡെസ്റ്റിനേഷന്‍ ആയുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് ഇത് ത്വരകം ആകുമെന്നും അമിതാഭ് കാന്ത് കത്തില്‍ അഭിപ്രായപ്പെട്ടു.
”ഇത് സാദ്ധ്യമായത് നിങ്ങളും നിങ്ങളുടെ കര്‍മ്മോന്മുഖമായ സംഘവും കാരണമാണ്.” ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് അയച്ച കത്തില്‍ പറയുന്നു. കേരള ആര്‍ട്‌സ്
ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ മുളകൊണ്ടുള്ള പ്രവൃത്തികള്‍ അദ്വിതീയവും മോഹനവും ആണെന്നും അനുമോദനക്കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിന് ക്രാഫ്റ്റ്‌സ് വില്ലേജിനും അനുമോദനക്കത്തു ലഭിച്ചു.
അഗോളതലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ സംഭവം ആയിരുന്നു കുമരകത്തെ ജി 20 ഷെര്‍പ്പാസമ്മേളനം. പങ്കെടുത്തവരെല്ലാം അവിടുത്തെ സൗകര്യങ്ങളെയും അവയുടെ സൗന്ദര്യത്തെയും പ്രകീര്‍ത്തിച്ചിരുന്നു. സമ്മേളനം നടന്ന 10,000 ച. അടിയുള്ള സ്ഥിരം കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചതും സര്‍വ്വ പശ്ചാത്തലസൗകര്യവും ഒരുക്കി സമ്മേളനവേദി മനോഹരമാക്കിയതും ഉറങ്ങാതെ രാപ്പകല്‍ ആത്മാര്‍ത്ഥതയോടെ പണിയെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികളും എന്‍ജിനീയര്‍മാരും ആണ്.
ഊരാളുങ്കല്‍ സൊസൈറ്റി നടത്തുന്ന തിരുവനന്തപുരത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ആണ് പ്രവേശനകവാടവും അതുമുതലുള്ള മുഴുവന്‍ പാലങ്ങളും ഇന്റര്‍പ്രട്ടേഷന്‍ സെന്ററും എല്ലാം മുളകൊണ്ട് മോടിയാക്കിയത്. ചൂരലും മരവും ഈറ്റയുംകൊണ്ടാണ് ഓഡിറ്റോറിയത്തിലെ വോള്‍ പാനലിങ് ചെയ്തത്. സീലിങ്ങ് മുളയിലും. ചുവരുകളില്‍ മ്യൂറലുകളും ഒരുക്കി. കൂടാതെ കരകൗശലവസ്തുക്കളുടെ അവതരണത്തിനായി പവലിയനും ക്രാഫ്റ്റ്‌സ് വില്ലേജ് സജ്ജീകരിച്ചിരുന്നു.
സമ്മേളനത്തിനു വേദിയായി കുമരകത്തെ തെരഞ്ഞെടുത്തപ്പോള്‍ അതിനു കണ്ടെത്തിയ കെ. ടി. ഡി. സിയുടെ കുമരകം വാട്ടര്‍സ്‌കേപ്‌സില്‍ ഉണ്ടായിരുന്ന പ്രധാന പ്രശ്‌നം കണ്‍വെന്‍ഷന്‍ ഹോള്‍ ഇല്ലാഞ്ഞതാണ്. പ്രതിസന്ധി അവസരമാക്കി മാറ്റാന്‍ തീരുമാനിച്ച കെ. ടി. ഡി. സിയും സംസ്ഥാന ടൂറിസം വകുപ്പും സ്ഥിരം കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുക ആയിരുന്നു. അങ്ങനെയാണ് അഞ്ഞൂറുപേര്‍ക്കു സമ്മേളിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ കെ. ടി. ഡി. സി ക്കു സ്വന്തമായത്.
വൈദ്യുതിവത്ക്കരണം, പ്ലംബിങ്, എയര്‍കണ്ടീഷനിങ് എന്നിവയും അനുബന്ധസൗകര്യങ്ങളും വേണമായിരുന്നു. എല്ലാറ്റിനുംകൂടി നൂറു ദിവസംപോലും കിട്ടിയില്ല. കായലില്‍നിന്ന് 50 മീറ്റര്‍ അകലം വേണം തുടങ്ങിയ നിയമനിബന്ധനകളും പാലിക്കണമായിരുന്നു. നാല്പതോളം കോട്ടേജുകള്‍ക്ക് ഇടയില്‍ നിര്‍മ്മാണം നന്നേ ദുഷ്‌ക്കരം ആയിരുന്നു. നിര്‍മ്മാണസ്ഥലത്തേക്കു മൂന്നു മീറ്റര്‍ വഴി മാത്രം. അതിലുള്ള പാലങ്ങള്‍ ഹോട്ടലിലെ ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍ പോകാന്‍ മാത്രം ബലമുള്ളവ. അവ രണ്ടും ബലപ്പെടുത്തേണ്ടിവന്നു.
ജലാശയത്തിന്റെ പശ്ചാത്തലത്തില്‍ യോഗം ചേരാനാകണം എന്നതും നിര്‍മ്മാണം കഴിവതും പ്രകൃതിസൗഹൃദം ആയിരിക്കണം എന്നതും ഏറ്റവും കുറഞ്ഞ സമയത്തില്‍ പൂര്‍ത്തിയാക്കണം എന്നതും ആയിരുന്നു വെല്ലുവിളികള്‍. കായലോരത്തെ ഉറപ്പില്ലാത്ത ചെളിമണ്ണില്‍ നിര്‍മ്മാണം നടത്തുക എന്നതും വെല്ലുവിളി ആയിരുന്നു. കായലില്‍നിന്ന് 50 മീറ്റര്‍ അകലം വേണം എന്ന നിയമത്തിന്റെ നിബന്ധനയും പാലിക്കണം. റിസ്‌ക് എടുക്കാന്‍ തയ്യാറില്ലാത്ത കരാറുകാര്‍ പൊതുവെ താത്പര്യപ്പെടാത്ത പ്രവൃത്തി ഊരാളുങ്കല്‍ സൊസൈറ്റിക്കേ ചെയ്യാനാവൂ എന്ന് ഉദ്യോഗസ്ഥരില്‍ പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, നൂറു ദിവസംപോലും ഇല്ലാത്തതിനാല്‍ സൊസൈറ്റി തയ്യാറായിരുന്നില്ല. സമ്മര്‍ദ്ദത്തിന് ഒടുവിലാണ് അവര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നത്. രണ്ടു കരാറുകളും അവര്‍ക്കുതന്നെ ലഭിക്കുക ആയിരുന്നു.
വെള്ളക്കെട്ടിലും ചെളിയിലും ആയിരുന്നു നിര്‍മ്മാണം. പണി തുടങ്ങുമ്പോഴേക്കു മഴയും വന്നു. പൈലിങ്ങിനും ബേസ്‌മെന്റ് കെട്ടാനും എല്ലാം ഒരുപാടു ബുദ്ധിമുട്ടി. പൈലിങ് 43 മീറ്ററോളം വേണ്ടിവന്നു. കോട്ടയവുമായി ബന്ധപ്പെടുത്തുന്ന പാലം പുനര്‍നിര്‍മ്മിക്കാന്‍ പൊളിച്ചിട്ടിരുന്നതും ബുദ്ധിമുട്ടായി. കോണ്‍ക്രീറ്റും മറ്റും 43 കിലോമീറ്റര്‍ അകലെ പുന്നപ്ര പ്ലാന്റില്‍നിന്നു കൊണ്ടുവരേണ്ടിവന്നു. റിസോര്‍ട്ടില്‍ അതിഥികള്‍ ഉള്ളതിനാല്‍ പണി ചെയ്യാന്‍ രാത്രി 10 മണി വരെയേ അനുമതി നല്കിയിരുന്നുള്ളൂ. കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി 24 മണിക്കൂറും നിര്‍മ്മാണം നടത്താന്‍ അനുമതി വാങ്ങി.
കെട്ടിടം നിര്‍മ്മിക്കാന്‍ മാത്രമായിരുന്നു കരാര്‍ എങ്കിലും ഇന്റീരിയറും ലാന്‍ഡ്‌സ്‌കേപ്പിങ്ങും ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെ ലൈറ്റപ്പും വോള്‍ പാനലിങ്ങും സീലിങ്ങും എസിയും ഇലക്ട്രിക്കല്‍-പ്ലംബിങ് ജോലികളും എല്ലാം സൊസൈറ്റിതന്നെ ചെയ്യണമെന്നായി. അവിടെയുള്ള മറ്റൊരു ഹോള്‍ എസി ആക്കുന്ന പണിയും ഏല്പിച്ചു. കൂടാതെ, ബോട്ടുജെട്ടിയിലേക്കുള്ള റോഡ് തയ്യാറാക്കി. പുതിയ പാലം നിര്‍മ്മിച്ചു. ഇതെല്ലാം ഫെബ്രുവരി 1-നു ശേഷമാണ് ഏല്പിക്കുന്നത്. അവയെല്ലാം ഏപ്രിലിനു മുമ്പ് പൂര്‍ത്തിയാക്കുകയായിരുന്നു.