തിരുവനന്തപുരം: മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ ഈ വിഷുവിനെങ്കിലും കുടിശ്ശിക തീര്‍ത്ത് സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോടികള്‍ കടമെടുത്ത് ധൂര്‍ത്തുകള്‍ നടത്തുന്ന ജനവിരുദ്ധ സര്‍ക്കാരാണ് ഇപ്പോഴുള്ളത്. മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പെന്‍ഷനും അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി ഇനിയെങ്കിലും കൊടുത്തു തീര്‍ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
കൃത്യമായി ജനങ്ങളിലേക്ക് വര്‍ധിപ്പിച്ച പെന്‍ഷന്‍ മുടങ്ങാതെ എത്തിച്ച മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെ പറ്റി ഇപ്പോഴും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ് സി.പി.എം. കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പോലും കൃത്യമായി കൊടുത്ത യു.ഡി.എഫിന്റെ കാലഘട്ടത്തില്‍ നിന്നും അവിടെ ശമ്പളം പോലും കൊടുക്കാനാകാത്ത കാലത്തേക്കാണ് ഈ സര്‍ക്കാര്‍ കേരളത്തെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. നിരാലംബര്‍ക്ക് ആശ്രയം ആകേണ്ട പല പെന്‍ഷനുകളും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു.