ന്യൂഡല്‍ഹി: പഞ്ചാബ് പോലീസിനെ വെട്ടിലാക്കി നാടകീയമായി രക്ഷപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങിനായി ഒമ്പതാം ദിവസവും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം അമൃത്പാല്‍ സിംഗിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പഞ്ചാബ് പൊലീസ് തയ്യാറായിട്ടില്ല. പഞ്ചാബ് പൊലീസ് മാത്രമല്ല, കേന്ദ്ര സേനകള്‍ കൂടി ഈ വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേകിച്ച് അമിത്ഷായെ വധിക്കുമെന്ന ഭീഷണി അമൃത് പാല് സിംഗ് മുഴക്കിയ സാഹചര്യത്തില്‍.
ഹരിയാനയില്‍ തെരച്ചില്‍ നടത്തിയെങ്കിലും അവിടെ നിന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അവരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. അതുപോലെ ഡല്‍ഹിയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. ഉത്തരാഖണ്ഡിലും ഡെറാഡൂണിലും പരിശോധന നടത്തിയിരുന്നു. ഇത്രയും ദിവസമായിട്ടും അമൃത്പാല്‍ സിംഗിനെ കണ്ടെത്താന്‍ സാധിക്കാത്തത് പ്രഹേളികയായി തുടരുകയാണ്.