കാലം കാത്തിരുന്ന യുഗപുരുഷൻ

കാലം കാത്തിരുന്ന യുഗപുരുഷൻ

(1854-1928) ശ്രീനാരായണഗുരു ലഘുചരിത്രം

 

1854 ആഗസ്റ്റ് 14ന് ചതയം നാളിൽ തിരുവനന്തപുരം ജില്ലയിലെ (അനന്തപുരിയിൽ നിന്നും 6 മൈൽ അകലെ) ചൊമ്പഴന്തി ഗ്രാമത്തിൽ വയൽവാരത്ത് വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനനം. ചെറുപ്പത്തിൽ തന്നെ മലയാളം, തമിഴ് ഭാഷകൾ, കാവ്യം, വ്യാകരണം എന്നിവ പഠിച്ചു. കായംകുളത്ത് പ്രസിദ്ധപണ്ഡിതൻ കുമ്മിൽപ്പള്ളി രാമൻപിള്ള ആശാന്റെ കീഴിലായിരുന്നു സംസ്‌ക്യതം പഠിച്ചത്. തുടർന്ന് സിദ്ധരൂപവും, അമരകോശവും, വൈദ്യശാസ്ത്രവും അഭ്യസിച്ചു. ശ്രീനാരായണഗുരുവിനെ സ്വാമി വിവേകാനന്ദന് പരിചയപ്പെടുത്തിക്കൊടുത്തത് ഡോ.പൽപ്പുവായിരുന്നു. രവീന്ദ്രനാഥടാഗോർ, ശ്രീനാരായണഗുരുവിനെ സന്ദർശിച്ചിരുന്നു. ടാഗോറും ഗുരുവുമായി നടന്ന സംഭാഷണം ചരിത്ര പ്രസിദ്ധമാണ്. 1922 നവംബർ 15 ന് തിരുവനന്തപുരത്തു നിന്നും വർക്കല ശിവഗിരിയിലെത്തിയ ടാഗോറിന് അതിഗംഭീരമായ സ്വീകരണമായിരുന്നു ലഭിച്ചത്. ഗുരുവിനെപ്പറ്റി ടാഗോർ പിന്നീട് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്.
‘ ഞാൻ ലോകത്തിന്റെ നാന ഭാഗത്തു നിന്നും സഞ്ചരിച്ചു വരികയാണ്.. ഇതിനിടയിൽ പല സിദ്ധമാരെയും യോഗിമാരെയും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിലെ നാരായണഗുരു സ്വാമികളെക്കാൾ മികച്ച -അദ്ദേഹത്തിനോടു തുല്യനായ ഒരു മഹാപുരുഷനേയും കാണാൻ എനിക്കു സാധിച്ചിട്ടില്ല. അയോഗനയനങ്ങളും, ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജ്ജസും ഞാൻ ഒരിക്കലും മറക്കുന്നില്ല.’  ശിവഗിരി സന്ദർശന വേളയിൽ ടാഗോറിനൊപ്പമുണ്ടായിരുന്ന സെക്രട്ടറി ദീനബന്ധു സി.എഫ്.ആൻഡ്രൂസ്സ് ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.

1924-ൽ ഗാന്ധിജിയും നാരായണഗുരുവിനെ സന്ദർശിച്ചു. ജാതിവ്യത്യാസങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. ശ്രീശങ്കരന്റെ അദ്വൈതതത്ത്വത്തെ ഊട്ടിയുറപ്പിച്ച വേദാന്തിയായ ചിന്തകൻ, സാമൂഹ്യ പരിഷ്‌കർത്താവ് എന്നീ നിലകളിൽ മനുഷ്യസമൂഹത്തിന് പുതിയ ദിശാബോധം അദ്ദേഹം നൽകി. ശിവഗിരി സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് ചേർന്ന മഹായോഗത്തിൽ മഹാത്മാഗാന്ധിജി ഇപ്രകാരം പ്രസ്ഥാവിച്ചു. ‘ മനോഹരമായ തിരുവിതാംകൂർ രാജ്യം സന്ദർശിക്കാനിടയായതും പുണ്യത്മാവായ ശ്രീനാരായണഗുരു സ്വാമി ത്യപ്പാദങ്ങളെ സന്ദർശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാൻ വിചാരിക്കുന്നു. ഗുരു സ്വാമികളുടെ മാഹാത്മ്യത്തെക്കുറിച്ച് മഹാറാണി തിരുമനസ്സ് എന്നോടും സംസാരിക്കുകയുണ്ടായി. പിന്നീട് 1934ലും, 1937ലും മഹാത്മാഗാന്ധി ശിവഗിരിയിൽ ധ്യാനനിരതനായി ഇരിക്കുകയും ചെയ്തിട്ടുണ്ട്. അരുവിപ്പുറത്തുള്ള കൊടിതൂക്കി മലയിലും, ഗുഹയിലും ഏറെക്കാലം കഴിച്ചുകൂട്ടിയ ഗുരുവിന്റെ തേജസ്സ് ഗ്രഹിച്ചറിഞ്ഞ നാട്ടുകാർ ആരാധകരായി അടുത്ത് കൂടുകയും അവർ ഫലവർഗ്ഗങ്ങളും നാണയങ്ങളും മറ്റും ഗുരുവിനർപ്പിക്കുകയും ചെയ്തു. ആദ്ധ്യാത്മിക ജീവിതത്തിൽ നിന്നും നാണുവിനെ മോചിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വീട്ടുകാരും, ബന്ധുക്കളും വിവാഹത്തിന് നിർബന്ധിച്ചു. വിവാഹത്തിന് ശേഷം നാണു ദേശാടനത്തിനിറങ്ങിത്തിരിക്കയാണുണ്ടായത്. നിരവധി തത്വ ചിന്തകന്മാരുമായും, ഒട്ടേറെ വിശിഷ്ടഗ്രന്ഥങ്ങളുമായും അലിഞ്ഞു ചേർന്നത് ഈ അവസരത്തിലാണ്. വിദ്യാർത്ഥിയായ ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുള്ള ബന്ധം കേരളത്തിലെ രണ്ട് പ്രബലധിയിൽ വെച്ച് ചട്ടമ്പിസ്വാമികളുമായി ശ്രീനാരായണഗുരു പരിചയത്തിലേർപ്പെട്ടു.  ആ കൂടികാഴ്ച കേരളത്തിലെ സാമൂഹ്യ ചരിത്രത്തിൽ അത്ഭുതകരങ്ങളായ പരിവർത്തനങ്ങളും നാന്ദിയും കുറിച്ചു. പെരുന്നല്ലി ക്യഷ്ണവൈദ്യരുടെ വസതിയിൽ വെച്ച് അവർ സന്ധിക്കാറുണ്ടായിരുന്നു. ഇതിനിടയിൽ മറ്റൊരു അവധൂതനായ തൈക്കാട് അയ്യാവു സ്വാമിയുമായി ഗുരു പരിചയബന്ധത്തിലായി. ഗുരിവിനെ അയ്യാവു സ്വാമിയുമായി ബന്ധപ്പെടുത്തിയതും, ചട്ടമ്പി സ്വാമികളാണത്രേ. 1888ലാണ് ശ്രീനാരാണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അതിന് ശേഷം ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമത്തിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം ലോകത്തിന് നൽകുകയും ചെയ്തു. ആത്മോപദേശശതകം, നിവൃതപഞ്ചകം, ദർശനമാല, ജാതിമീമാംസ, അർദ്ധനാരീശ്വരസ്‌തോത്രം, എന്നിവയാണ് ശ്രീനാരാണഗുരുവിന്റെ പ്രധാന കൃതികൾ, സംഘടനകൊണ്ട് ശക്തരാകാനും, വിദ്യകൊണ്ട് അഭിവ്യദ്ധിപ്പെടാനും ഉപദേശിച്ചു.

‘ ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സർവ്വരും
സോദരത്വേനവാഴുന്ന
മാതൃകാസ്ഥാനമാണിത്’

എന്ന നാരായണഗുരുവചനം ഏവർക്കും പരിചിതമാണ്. വാവൂട്ടുയോഗം പരിണാമക്രിയയിലൂടെ വികസിച്ച് എസ്.എൻ.ഡി.പി യോഗമായി മാറി. 1903ൽ അദ്ദേഹം ശിവഗിരി സ്ഥാപിച്ചപ്പോൾ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ആ പ്രദേശം അദ്ദേഹത്തിന് പതിച്ചുകൊടുത്തു. 1904ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തിന്റെ ആജീവനാന്ത അദ്ധ്യക്ഷനായി ശ്രീനാരായണഗുരുവിനേയും സെക്രട്ടറിയായി കുമാരനാശാനെയും തിരെഞ്ഞെടുത്തു. നാരായണഗുരു കുട്ടികളെ വിദ്യാഭ്യാസത്തിനൊപ്പം മറ്റ് പല പരിശീലനങ്ങളും ഉപദേശിച്ചു. നെയ്ത്ത് പരിശീലിപ്പിക്കാനായി ശിവഗിരിയിൽ ഗുരുദേവൻ സ്ഥാപിച്ച നെയ്ത്ത്ശാല ധാരാളം തറികളോടു കൂടി വളരെ ഭംഗിയായി നടന്നു വന്നിരുന്നു. കടയ്ക്കാവൂരിനടുത്ത് അഞ്ചുതെങ്ങിൽ കണ്ണൻവിളാകത്ത് വീട്ടിൽ സി.കെ മാധവൻ എന്ന നെയ്ത്ത് വിദക്തനെയാണ് അതിന്റെ ചുമതല എൽപ്പിച്ചിരുന്നത്. ശ്രീനാരായണഗുരുവിനോടോത്ത് പാലക്കാട്ടെ ജൈനമേട്ടിൽ താമസിച്ചിരുന്നപ്പോൾ 1803 വൃശ്ചികത്തിലാണ് (1907) ആശാൻ വീണപൂവ് രചിച്ചത്. ശ്രീനാരായണഗുരുവിന്റെ വത്സല ശിഷ്യനായിരുന്നു കുമാരനാശാൻ. അദ്ദേഹത്തെ കുമാരനാശാനാക്കിയതും ഗുരു തന്നെ. എന്നാൽ നാരായണഗുരുവിനെ പൂർണ്ണമായി നിരാകരിച്ച് തികഞ്ഞ ലൗകികനാകാനും ആശാന് സാധിക്കുമായിരുന്നില്ല. കുമാരനാശാനിലായിരുന്നു ഗുരു തന്റെ പിൻഗാമിയെ ദർശിച്ചിരുന്നത്. ചട്ടമ്പിസ്വാമിയും, ശ്രീനാരായണഗുരുവും സമകാലികരായിരുന്നു. ചട്ടമ്പിസ്വാമിയെപ്പറ്റിയുള്ള ഏതു ചർച്ചയിലും നാരായണഗുരുവും, നാരായണഗുരുവിനെപ്പറ്റിയുള്ള ഏതു ചർച്ചയിലും ചട്ടമ്പിസ്വാമികളും അനിവാര്യമായും കടന്നുവരും. ചട്ടമ്പിസ്വാമികളുടെ വേർപാടിനെക്കുറിച്ച് അറിഞ്ഞയുടൻ അന്നേ ദിവസം ഉപവസിക്കാനും, ശിവഗിരിയിൽ വിശേഷാൽ പൂജകൾ നടത്താനും ഗുരു ഉപദേശിച്ചു. ചട്ടമ്പിസ്വാമികളുടെ വേർപാടിനെക്കുറിച്ച് ശ്രീനാരായണഗുരു രചിച്ച സംസ്‌കൃത ശ്ലോകം ഇപ്രകാരമായിരുന്നു.

‘ സർവ്വത്രജ്ഞഋഷിരുത് ക്രാന്തഃ സദ്ഗുരുശ്ശകവർ
ത്മനാഅഭാതിപരമമവ്യേമ്‌നിപരിപൂർണ്ണ
കലാനിധിഃ ലീലയാകാലമധികം നിത്വാന്തേ
സ്വംമ്പ്രഹ്മവപുരാസ്ഥിത’
1928 സെപ്തംബർ 20-ാം തിയതി (കന്നി 5) ശ്രീനാരായണഗുരു ദേവൻ സമാധിയായി.

 

 

ആധുനിക കാലത്തെ സന്യാസിവര്യൻന്മാരിൽ നിന്ന് ശ്രീനാരായണഗുരു വേറിട്ടു നിൽക്കുന്നു. സാമൂഹിക ജീവിയായ മനുഷ്യരിലുണ്ടാകുന്ന അനാചാരങ്ങൾ സാമൂഹ്യപ്രശ്‌നങ്ങളായ ജാതി ചിന്തകൾ, അതിലധിഷ്ഠിതമായ വിദ്വേഷങ്ങൾ, മത്സരങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ തന്റെ സത്യദർശനത്തെ ഉപയോഗപ്പെടുത്തി എന്നതാണ് ഗുരുവിനെ വ്യത്യസ്ഥനാകുന്നത്. ഗുരു ആർജ്ജിച്ച ആത്മസംസ്‌കാരം മനുഷ്യ സമൂഹത്തിന് അതിന്റെ നന്മക്കു വേണ്ടി പ്രയോജനപ്പെടുത്തുകയാണുണ്ടായത്. സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രത്യക്ഷപ്രവർത്തനങ്ങൾക്ക് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നാന്ദിക്കുറിച്ച ശ്രീനാരായണഗുരു അൻപതിൽപ്പരം ദാർശനിക കൃതികളും, സോത്രങ്ങളും രചിച്ച് സമൂഹത്തിന് ഉൾക്കാഴ്ച നൽകി. അയിത്തം, ആരാധനാശ്രമങ്ങൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ, എന്നിവയെ സംബന്ധിച്ച് സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിന് വിദ്യാഭ്യാസം, വ്യവസായം, കൃഷി, സാങ്കതികജ്ഞാനം എന്നിവ പരിപോഷിപ്പിക്കുന്നതിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നതിനും ഗുരുദേവൻ മുൻകൈയെടുത്തു. ശ്രീനാരായണഗുരുവിന്റെ ‘ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഉദ്‌ഘോഷണം നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെ മാറ്റിമറിക്കാൻ മാത്രം ശക്തിമത്തായിരുന്നു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഗുരുവരുൾ വർണ്ണ, വംശ, ജാതി, മത വിവേചനങ്ങൾ ഇന്നും ലോകത്തെ വികസിത രാജ്യങ്ങളിൽ ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിനും കാലികപ്രസക്തമാണ്.  ജാതിഭേദവും മതദ്വേഷവുമില്ലാത്ത സാഹോദര്യം ഉപദേശിച്ച് സാമാന്യ സമൂഹത്തിന് അദ്വൈതദർശനം പകർന്ന് നൽകിയ ശ്രീനാരായണഗുരു സർവ്വജ്ഞപീഠത്തിൽ നിന്ന് സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങി വന്ന ഋഷിവര്യനാണ്.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *