സീരിയല്‍ കില്ലറാണെന്ന സംശയത്തില്‍ പോലിസ്
ബംഗളൂരു: റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീയുടെ മൃതദേഹം വീപ്പക്കുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ എസ്.എം.വി.ടി റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിലാക്കിയ മൃതദേഹം തുണി ഇട്ട് മൂടിയ നിലയിലായിരുന്നു. 31നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു.
റെയില്‍വേ സ്റ്റേഷന് കവാടത്തിന് സമീപം മൂന്ന് പേര് ഓട്ടോറിക്ഷയില്‍ വീപ്പ കൊണ്ടിറക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന രീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരു സീരിയല്‍ കില്ലര്‍ ആകുമെന്ന നിഗമനത്തിലാണ് പോലിസ്.
‘റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത് മൂന്നാമത്തെ തവണയാണ്. തീര്‍ച്ചയായും ഇത് ഒരു പരമ്പരയായിരിക്കാനാണ് സാധ്യത. ഒരേ വ്യക്തി തന്നെയാകാം ഈ കൊലപാതകം നടത്തിയിരിക്കുന്നത്’, ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിസംബറില്‍ ബൈപ്പനഹള്ളിയില്‍ നിര്‍ത്തിയിട്ട ട്രെയിനുള്ളിലെ കംപാര്‍ട്മെന്റിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരിയില്‍ യശ്വന്ത്പുരയില്‍ റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുളളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മൂന്ന് പേരും ഏതാണ്ട് ഒരേ പ്രായത്തിലുള്ളവരാണ്. മൂന്ന് കൊലപാതകങ്ങള്‍ സംബന്ധിച്ചും വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടില്ല. മൃതദേഹങ്ങള്‍ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, കൊലപാതക രീതികളിലെ സാമ്യം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.