തിരുവനന്തപുരം: 63 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി പെരുവന്താനം മൃഗാശുപത്രിക്ക് ഒടുവില്‍ പുതിയ കെട്ടിടമാകുന്നു. പെരുവന്താനം പഞ്ചായത്ത് ഓഫിസിന് സമീപം പഞ്ചായത്ത് അനുവദിച്ച പത്ത് സെന്റിലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ മൃഗാശുപത്രി യാഥാര്‍ഥ്യമാകുക. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 20 തിങ്കളാഴ്ച ഉച്ചയ്ക്ക്ക്ക് 3.30ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം നഷ്ടം നേരിട്ട 42 കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും മന്ത്രി വിതരണം ചെയ്യും. 13 പ്രഭവകേന്ദ്രങ്ങളിലെ 42 കര്‍ഷകരുടെ 885 പന്നികളുടെ നഷ്ടപരിഹാരത്തുയായ 1,02,14,400/- രൂപയാണ് മന്ത്രി ജെ.ചിഞ്ചുറാണി വിതരണം ചെയ്യുക.
ഇടുക്കി ജില്ലയില്‍ പതിനൊന്ന് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 15 പ്രഭവകേന്ദ്രങ്ങളിലാണ് പന്നിപ്പനി ബാധിച്ചത്. ജില്ലയില്‍ 51 കര്‍ഷ രുടേതായി 1151 പന്നിളെയാണ് ദയാവധം ചെയ്തത്. ഇതില്‍ എട്ട് കര്‍ഷകരുടെ 262 പന്നികള്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 18,75,000/- രൂപ കഴിഞ്ഞ ഡിസംബര്‍ 22ന് കരിമണ്ണൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ബിനു വാസുദേവന്‍, മികച്ച സമ്മിശ്ര കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് യോഹന്നാന് എന്നിവരെ ആദരിക്കും. കൂടാതെ
കുട്ടികളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്താടെ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കിയ പദ്ധതിയായ സ്കൂള്‍ പൗള്‍ട്രി ക്ലബ്ബുകള്‍ വഴി ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 60 സ്കൂളുകളില്‍ 19.575 ലക്ഷം രൂപ വയിരുത്തിയ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, വാഴൂര്‍ സോമന് എം.എല്‍.എ, കെ.ടി ബിനു, പി.മാലതി, ഡോമിന സജി തുടങ്ങിയവര്‍ പങ്കെടുക്കും.