തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. വഴികളില്‍ കണ്ടവരെയെല്ലാം ചേര്‍ത്തുപിടിച്ചു. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെയാണെന്ന് എ.കെ ആന്റണി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് രാഹുലിന്റെ യാത്ര പൂര്‍ത്തിയാവുക. ഇന്ത്യന്‍ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോണ്‍ഗ്രസ് ശ്രമം. വെറുപ്പും വിദ്വേഷവും വളര്‍ത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെത്തുടര്‍ന്ന് മകന് അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ച് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം തുടരുമ്പോഴാണ് ആന്റണി, രാഹുലിനെ പുകഴ്ത്തി രംഗത്തു വരുന്നത്.