തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. മികച്ച സാമ്പത്തിക വളര്‍ച്ച നേടിയെന്നും സംസ്ഥിര വികസനത്തില്‍ കേരളം മുന്‍പിലാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നയപ്രഖ്യാപനം ഒഴിവാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. കഴിഞ്ഞ ദിവസം, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതെയായി. ഗവര്‍ണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച നിയമസഭാ സമ്മേളങ്ങള്‍ക്ക് തുടര്‍ച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് ഇന്നു ആരംഭിക്കുന്നത്. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയചര്‍ച്ച. മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.