കെ.ടി.യു താല്‍ക്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി

കെ.ടി.യു താല്‍ക്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി. വിസിയുടെ പേര് ശുപാര്‍ശ ചെയ്യാനുളള അവകാശം സര്‍ക്കാരിനെന്ന് എ.ജി വാദിച്ചു.താല്‍ക്കാലിക നിയമനങ്ങള്‍പോലും യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചേ നിയമിക്കാനാകൂ എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചു. സമാനമായ മറ്റൊരു കേസുകൂടി ഉണ്ടെന്നും അതിനൊപ്പം ഈ ഹരജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഹരജിയില്‍ യുജിസിയെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു.

സര്‍വകലാശാല നിയമത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ വി.സിയെ നിയമിച്ചതെന്നും നിയമനം റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. വി.സിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി വിളിച്ചുവരുത്തണമെന്നും ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കും വരെ മറ്റൊരു വി.സിക്ക് താല്‍ക്കാലിക ചുമതല നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സാങ്കേതിക സര്‍വകലാശാല വി.സിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കെടിയു വിസിയുടെ ചുമതല നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *