കോഴിക്കോട്: രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കര്‍മ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്നും അതില്‍ പ്രധാനപ്പെട്ടതാണ് റെയില്‍വേ വികസനമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയര്മാന് പി.കെ കൃഷ്ണദാസ് പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളങ്ങളിലേതിന് സമാനമായ അന്താരാഷ്ട്ര നിലവാരത്തോടു കൂടിയ റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യത്ത് പുനര്‍ നിര്‍മിക്കപ്പെടുകയാണ്. 52 റെയില്‍വേ സ്റ്റേഷനുകള്‍ക്കായി 17000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷന് വേണ്ടി മാത്രം 4000 കോടി രൂപയും മറ്റ് സ്റ്റേഷനുകള്‍ക്ക് ചുരുങ്ങിയത് 350 മുതല്‍ 400 കോടി രൂപയുടെ വികസന പദ്ധതികള്‍ ലഭിക്കും. കേരളത്തില്‍ തൃശൂര്‍, കൊല്ലം, എറണാകുളം നോര്‍ത്ത്- സൗത്ത്എന്നീ സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2023ല്‍ നടക്കുന്ന രണ്ടാംഘട്ടത്തില്‍ കോഴിക്കോടിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വികസനം നടപ്പിലാക്കിയ സ്റ്റേഷനാണ് കര്‍ണാടകയിലെ പയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോഴിക്കോട്ടടക്കമുള്ള റെയില്‍വേസ്റ്റേഷനുകളുടെ വികസനം പൂര്‍ത്തിയാകും. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ഭൂമിയടക്കമുള്ള കാര്യങ്ങള്‍ റെയില്‍വേ ലാന്റ് ഡെവലപ്മെന്റ് അതോറിറ്റി ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇത്തരം വികസനത്തിന് രാജ്യത്താകമാനം ഒരു ഡി.പി.ആര് ഉണ്ടെങ്കിലും പ്രാദേശികപരമായഘടകങ്ങള് കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക. റെയില്‍വേസ്റ്റേഷനുകള്‍ അടിമുടി മാറും. ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍, വാടകക്ക് ലഭിക്കുന്ന മികച്ച റൂമുകള്‍, ഫുഡ് കോര്‍ട്ട്, കഫ്റ്റ്രിയ, മികച്ച ഇരിപ്പിടങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും റെയില്വേസ്റ്റേഷനുകളില് ഉണ്ടാകും.
ഇത്തരം റെയില്‍വേസ്റ്റേഷനുകള്‍ ടൂറിസം കേന്ദ്രങ്ങളുമായി വികസിപ്പിക്കും. കോഴിക്കോട്ടടക്കമുള്ള ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ക്ക് വികസന വഴിയില്‍ ഒരു കുതിച്ചുചാട്ടം പുതിയ റെയില്‍വേസ്റ്റേഷനുകള്‍ ഉണ്ടാക്കും. റെയില്‍വേസ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ നമ്മുടെ തീവണ്ടികളും മാറണം. ഇതിനായ് പഴയ ബോഗികള്‍ മാറ്റി എല്‍.എച്ച്.ഡി ബോഗികളാക്കും. രാജ്യത്തെ 49 ശതമാനം വണ്ടികളുടെ ബോഗികളും മാറി കഴിഞ്ഞു. ബാക്കി 51 ശതമാനം ബോഗികളും ഉടന്‍ മാറുന്നതിനുള്ള പ്രവര്‍ത്തനം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഇപ്പോള്‍ ഘടിപ്പിച്ചുക്കൊണ്ടിരിക്കുന്ന ബോഗികള്‍ കൂടുതല്‍ സുരക്ഷിതവും മനോഹരവുമാണ്. സതേണ്‍ റെയില്‍വേ കേരളത്തെ അവഗണിക്കുന്നുവെന്നത് പഴഞ്ചന്‍ മുദ്രാവാക്യമാണ്. റെയില്‍വേ വികസനം സംബന്ധിച്ച് രാജ്യത്ത് ഒരുനയമുണ്ട്. ഇത് മറികടക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഇനിയൊരു പുതിയ റെയില്‍പാത ഉണ്ടാവുകയാണെങ്കില്‍ അത് നിലമ്പൂര്‍-നഞ്ചംകോട് പാതയായിരിക്കണമെന്നദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി. കേരളം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളെ വളരെ വേഗത്തില്‍ ബന്ധിപ്പിക്കാനും വയനാടിന്റെ ടൂറിസം സാധ്യതയില്‍ കുതിച്ചു ചാട്ടത്തിനും ഇത് വഴിയൊരുക്കും. എന്നാല്‍ പുതിയ പാതകള്‍ വരുമ്പോള്‍ ചിലവിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നിലമ്പൂര്‍-നഞ്ചംകോട് പാത ഇത്തരത്തില്‍ നിര്‍മിക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പു നല്‍കിയിരുന്നതാണ്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പരമപ്രധാനമാണ്. രാജ്യത്ത് എല്ലായിടത്തുംനിന്നും ഉയരുന്ന ആവശ്യമാണ് സീനിയര്‍ സിറ്റിസണ്‍സിന്റെ യാത്രാ കണ്സഷന്. ഇക്കാര്യം റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭാവാത്മകമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ കണ്സഷന് കാര്യം റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റേയും കോഴിക്കോടിന്റേയും റെയില്‍വേ വികസനത്തില്‍ കാലിക്കറ്റ് ചേംബര്‍ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ചടങ്ങില്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ഐപ്പ് തോമസ് ചേംബറിന്റെ നിവേദനം അദ്ദേഹത്തിന് സമപ്പിച്ചു. ടി.പി അഹമ്മദ് കോയ അദ്ദേഹത്തിന് ഉപഹാരം നല്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവന്, സി.ഇ ചാക്കുണ്ണി, എം. മുസമ്മല്‍ സംസാരിച്ചു. ചേംബര്‍ സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി സ്വാഗതവും ട്രഷറര്‍ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.