കോഴിക്കോട്: ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ കെട്ടിട നിര്‍മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. പന്തീരങ്കാവില്‍ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ ഒന്നാം നിലയിലാണ് ഇപ്പോള്‍ ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തിച്ചുവരുന്നത്. ഒട്ടേറെ ആളുകള്‍ ആശ്രയിക്കുന്ന ഈ ആശുപത്രി മുകളിലത്തെ നിലയിലായതിനാല്‍ പ്രായമായവരും വികലാംഗരും ഉള്‍പ്പെടെയുള്ള രോഗികള്‍ പ്രയാസപ്പെട്ടിരുന്നു.
സ്വന്തമായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പൊതുജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പുതിയ കെട്ടിട നിര്‍മാണത്തിന് തുക അനുവദിച്ചതോടെ സഫലമാവുന്നത്. ഒളവണ്ണ അരീക്കാട് റോഡിന് സമീപം പാലക്കുറുമ്പ ക്ഷേത്രത്തിനടുത്ത് സൗജന്യമായി വിട്ടുകിട്ടിയ 7 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആശുപത്രിയില്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ക്ലാര്‍ക്ക്, സ്വീപ്പര്‍ എന്നിവര്‍ക്ക് പുറമെ ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഡോക്ടര്‍മാരും സേവനത്തിനെത്താറുണ്ട്.