തലശ്ശേരി: ബഹുമുഖ പ്രതിഭയും തലശ്ശേരി സ്പോര്‍ട്ടിങ്ങ് യൂത്ത്സ് ലൈബ്രറി സെക്രട്ടറിയുമായിരുന്ന, സി.വി സുധാകരന്റെ ഓര്‍മയില്‍ കേരള സ്കൂള്‍ ഓഫ് ആര്‍ട്സ് സംഘടിപ്പിച്ച ഗാനസുധാകരം വേറിട്ട സ്മൃതിയായി. പ്രമുഖ ചിത്രകാരന് ബി.ടി.കെ അശോക് നിമിഷ രചനയില്‍ ആലേഖനം ചെയ്ത സി.വി.സുധാകരന്റെ കൂറ്റന്‍ മുഖപടത്തില്‍ ഒട്ടേറെ പേര് കൈയ്യൊപ്പു ചാര്‍ത്തി. തലശ്ശേരിയുടെ സാംസ്കാരിക മുഖമാണ് നഷ്ടമായതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അഭിപ്രായപ്പെട്ടു. സുധി പാനൂരിന്റ ഏകപാത്ര നാടകവും, ജിത്തു കോളയാടിന്റെ ഹ്രസ്വ ചലച്ചിത്രവും സുധാകരന്റെ കലാജീവിതം അനാവരണം ചെയ്തു. കേരള ലളിതകലാ അക്കാദമി ഉപാധ്യക്ഷന്‍ എബി.എന്‍ ജോസഫ്, ചലച്ചിത്ര സംവിധായകന് പ്രദീപ് ചൊക്ലി , ചിത്രകാരനും ചരിത്ര ഗവേഷകനുമായ കെ.കെ മാരാര്‍, നടന് സുശീല്‍ കുമാര്‍ തിരുവങ്ങാട്, ഗാനരചയിതാവ് രമേശ് കാവില്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന് മഠത്തില്‍, സ്പോര്‍ട്ടിങ്ങ് യൂത്ത് ലൈബ്രറി സെക്രട്ടറി സീതാനാഥ് സംസാരിച്ചു. പ്രശസ്ത ഗസല്‍ ഗായകന് ഉസ്താദ് അനില്‍ദാസ് , ഗായകരായ പി.കനകരാജ്, ഗായത്രി, കെ. മനോജ് കുമാര്‍, ദേവിക സന്തോഷ്, കെ.പി അദിബ് എന്നിവര്‍ ഗാനാഞ്ജലിയര്പ്പിച്ചു.
