പാലക്കാട്: വടക്കഞ്ചേരിയിലുണ്ടായ ബസ് അപകടത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. അപകടസ്ഥലത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ബസിന്റെ നിയന്ത്രണം തെറ്റിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സഡന്‍ ബ്രേക്കിട്ടതു മൂലമാണ് അപകടം ഉണ്ടായതെന്നാണ് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറായ ജോമോന്‍ പോലിസിനോട് പറഞ്ഞത്. ഈ വാദത്തിനെതിരാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ പ്രാഥമിക റിപ്പോര്‍ട്ട്.
അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെയും ബസിന്റെ ഉടമ അരുണിനേയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും ബസ്സിന്റെ അമിത വേഗതയുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് വേഗം കുറച്ചപ്പോള്‍ വെട്ടിക്കാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.