ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യ നീരീക്ഷണം അനിവാര്യം: ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധര്‍

ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യ നീരീക്ഷണം അനിവാര്യം: ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധര്‍

മലപ്പുറം: ഗര്‍ഭ കാല സ്‌കാനിങ്ങുകള്‍ കൃത്യമായ ഇടവേളകളില്‍ അനിവാര്യമാണെന്ന പൊതുജനാവബോധം സൃഷ്ടിക്കണമെന്ന് ഗൈനക്കോളജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സറീന ഗില്‍വാസ്. ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഗര്‍ഭസ്ഥ ശിശുക്കളില്‍ വളര്‍ച്ചക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും ധാരാളമായി കണ്ടുവരുന്നു. ഇത് കൃത്യമായി സ്‌കാനിങ്ങ് വഴി നിരീക്ഷിക്കേണ്ടതുണ്ട്. മറുപിള്ളയുടെ കുറവ്, ശിശുവിന്റെ ജനിതക അസാധാരണത്വം, ഗര്‍ഭാവസ്ഥയില്‍ ഒന്നിലധികം കുട്ടികള്‍, പോഷകക്കുറവ്, അമ്മയ്ക്കുണ്ടാവുന്ന അണുബാധകള്‍, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. പൊക്കിള്‍ക്കൊടി വഴിയുള്ള രക്തയോട്ടം, അമിയോട്ടിക്ക് ദ്രാവകത്തിന്റെ അളവ്, കുഞ്ഞിന്റെ മറ്റ് രക്ത ചക്രമണങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിച്ചാലെ പരിഹാര നടപടികള്‍ സാധ്യമാകൂവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ബന്ധുക്കള്‍ തമ്മില്‍ വിവാഹ ബന്ധത്തിലേര്‍പ്പെടുന്നത് ഗര്‍ഭസ്ഥ ശിശുക്കളിലെ വൈകല്യങ്ങളായ എസ്.എം. എ തുടങ്ങിയവ വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള ജനിതക വൈകല്യങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടുപിടിക്കേണ്ടതുണ്ടെന്ന് ഫീറ്റല്‍ മെഡിസിന്‍ ശാഖയിലെ സേവനങ്ങള്‍ അനിവാര്യത സംബന്ധിച്ച് വിഷയമവതരിപ്പിച്ച പ്രശസ്ത ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധനായ ഡോക്ടര്‍ സുരേഷ് (ചെന്നൈ ) അഭിപ്രായപ്പെട്ടു . പെരിന്തല്‍മണ്ണ എ.ആര്‍.എം.സി ഏജീസ് ആശുപത്രി ഫീറ്റല്‍ മെഡിസിന്‍ വിഭാഗം തലവനായ ഡോക്ടര്‍ സിനീഷ് കുമാര്‍ ഇരട്ട ഗര്‍ഭമുള്ള അവസ്ഥയിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഫീറ്റല്‍ തെറാപ്പി സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചു.

ഡോക്ടര്‍ കുഞ്ഞിമൊയ്ദീന്‍ (പ്രസഡന്റ്, പെരിന്തല്‍മണ്ണ ഗൈനക്കോളജി സൊസൈറ്റി) അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ നിലാര്‍ മുഹമ്മദ് (എം.ഡി.എ ആര്‍.എം.സി ഹോസ്പിറ്റല്‍), വി. കൃഷ്ണകുമാര്‍ (സി.ഇ.ഓ- എ.ആര്‍.എം.സി)എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ ഗൈനക്കോളജി സൊസൈറ്റിയും എ.ആര്‍. എം.സി ആശുപത്രിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *