ചാലക്കര പുരുഷു
തലശ്ശേരി: മതപ്രചാരണത്തിനെത്തി മലയാള ഭാഷയ്ക്ക് അമൂല്യ സംഭാവന നല്‍കിയ ക്രിസ്ത്യന്‍ മിഷണറി ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരില്‍ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ മ്യൂസിയത്തില്‍ കഴിഞ്ഞ ദിവസം മുതലാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്. ചൊവ്വ മുതല്‍ ഞായര്‍ വരെ രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് പ്രവേശന സമയം. തിങ്കള്‍ അവധിയാണ്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 25 രൂപയും വിദ്യാര്‍ഥികള്‍ക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്.അഞ്ചു വയസുവരെയുള്ളവര്‍ക്കും സ്പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. വിനോദ സഞ്ചാര വകുപ്പാണ് മ്യൂസിയം തയ്യാറാക്കിയത്.
ഗുണ്ടര്‍ട്ടിന്റെ ജീവിതത്തെ എട്ടു ഭാഗങ്ങളായി തിരിച്ചാണ് ഗുണ്ടര്‍ട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയമുള്ളത് ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചിത്രപഥങ്ങളും ജീവിതവും,ഗുണ്ടര്‍ട്ട് ഭാഷയ്ക്കും സാഹിത്യത്തിനുമപ്പുറം, ഇന്നും ജീവിക്കുന്ന പ്രതിഭ, ഐതിഹാസിക രചനകളും പ്രസാധനവും, നിഘണ്ടുവും വ്യാകരണവും ഗുണ്ടര്‍ട്ട് മാതൃക, മഹാനായ വഴികാട്ടി, ഹെര്‍മന്‍ ഹെസ്സെ ലൈബ്രറി, ജൂലി ഗുണ്ടര്‍ട്ട് ഹാള്‍ എന്നിവയാണ് മ്യൂസിയത്തിലുള്ളത്.
ചിത്രപഥങ്ങളും ജീവിതമെന്നതില്‍ ഗുണ്ടര്‍ട്ടിന്റെ ജനനം, ജീവചരിത്രം, ഗുണ്ടര്‍ട്ട് പകര്‍ത്തിയെടുത്ത വട്ടെഴുത്ത്, ജന്മസ്ഥലത്തിന്റെ 1900ത്തിലെ ചിത്രം എന്നിവയാണ്. ഗുണ്ടര്‍ട്ട് ഇല്ലിക്കുന്നില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രങ്ങളായ പശ്ചിമോദയം, രാജ്യസമാചാരം എന്നിവയും മ്യൂസിയത്തിലുണ്ട്. ഗുണ്ടര്‍ട്ടിന്റെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങളുമുണ്ട്. ബഹുഭാഷജ്ഞാനി,സാമൂഹിക പരിഷ്‌ക്കര്‍ത്താവ്, അമൂല്യഗ്രന്ഥ സമ്പാദകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, കര്‍മനിരതനായ മിഷനറി, ചരിത്രകാരന്‍, വ്യാകരണ പണ്ഡിതന്‍, നിഘണ്ടു കര്‍ത്താവ്, ബഹുമുഖ പ്രതിഭ, ചിത്രകാരന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ ഗുണ്ടര്‍ട്ടിനെ മ്യൂസിയം പരിചയപ്പെടുത്തുന്നു. വീഡിയോ പ്രദര്‍ശനം,ഡിജിറ്റല്‍ ബുക്ക്, ഗുണ്ടര്‍ട്ടിന്റെ യാത്രയുടെ ഭൂപടം,വിവിധകാലത്തുള്ള ഇല്ലിക്കുന്നിന്റെ ഛായാചിത്രം എന്നിവയും ഗുണ്ടര്‍ട്ടിന്റെ പ്രതിമയും മ്യൂസിയത്തിലുണ്ട്. മുളകള്‍ വളരുന്ന കുന്ന് എന്ന അര്‍ഥത്തിലാണ് സ്ഥലത്തിന് ഇല്ലിക്കുന്ന് എന്ന പേര് വന്നത്.ഗുണ്ടര്‍ട്ടിന്റെ ഭാര്യ ജൂലിയുടെ പേരില്‍ ജൂലി ഗുണ്ടര്‍ട്ട് ഹാളുമുണ്ട്.