പ്രവാസി വിഷയം സർക്കാരുകൾ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും – കെ.പി.ഇമ്പിച്ചി മമ്മു ഹാജി

കോവിഡ് മൂലം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ തൃപ്തികരമാണോ?

പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിരുത്തരവാദപരമായ പെരുമാറ്റമാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മറ്റു രാഷ്ട്രങ്ങൾ അവരുടെ പൗരന്മാരെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചിട്ടുണ്ട്. ലോക്ഡൗണിന് കുറച്ച് മുൻപ് തന്നെ വിസാ കാലാവധി തീർന്നവരും, തൊഴിൽ നഷ്ടപ്പെട്ടവരും, പഠനാവശ്യങ്ങൾക്കായും മറ്റും പോയ ആയിരങ്ങൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. അതിൽ ഗർഭിണികളും കുട്ടികളുമുണ്ടെന്നതാണ് ദു:ഖകരമായ അവസ്ഥ. സാധാരണക്കാരായ ബാച്ചിലേഴ്സ് താമസിക്കുന്ന റൂമുകളിൽ 8 ഉം 9 ഉം പേരൊക്കെ തിങ്ങി താമസിക്കുകയാണ്. അവിടെ രോഗവ്യാപനം നടന്നതിനാൽ ആശുപത്രികളിലൊന്നും അഡ്മിഷൻ എടുക്കുന്നില്ല. സ്വന്തം സ്ഥലത്തു തന്നെ ക്വാറന്റൈനിൽ കഴിയേണ്ടത് കൊണ്ട് രോഗം പടർന്നു പിടിക്കുകയും, കൺമുന്നിൽ വച്ച് കൂടെയുള്ളവർ മരണപ്പെടുന്ന കാഴ്ചയാണ് അവർക്ക് കാണേണ്ടി വരുന്നത്. പതിനായിരക്കണക്കിന് മലയാളികൾക്ക് രോഗം പകർന്നിട്ടുണ്ട്. ഗവർൺമെന്റ് ആദ്യമേ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഈ ദുരവസ്ഥയിൽ നിന്ന് അവരെ രക്ഷിക്കാമായിരുന്നു.

സർക്കാർ വന്ദേമാതരം എന്ന പേരിൽ വിമാനസർവീസ് ആരംഭിച്ചിട്ടുണ്ടല്ലോ അത് പ്രവാസികൾക്ക് ഉപകാരപ്രദമല്ലേ?

കേന്ദ്ര സർക്കാറിനോട് മറ്റു സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും, ഗൾഫിലെ സംഘടനകളും ബന്ധപ്പെട്ടത് കൊണ്ടാണ് വന്ദേമാതരം എന്ന പേരിൽ കേന്ദ്രഗവർൺമെന്റ് വിമാന സർവീസ് തുടങ്ങിയത്. പക്ഷെ ഇതിൽ വളരെ നാമമാത്രമായ വിമാനങ്ങളെ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ച് മരണപ്പെടുമെന്നുള്ള ഭീതി മൂലം അവിടുത്തെ സാമൂഹിക സംഘടനകളും മറ്റും സ്വന്തം നിലയ്ക്കാണ് വിമാനം ചാർട്ട് ചെയ്തിരിക്കുന്നത്. സൗദിയിൽ മാത്രം 60,000ത്തോളം പേർ ചാർട്ടഡ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി കാത്തിരിക്കുകയാണ്. മറ്റിതര ഗൾഫ് രാജ്യങ്ങളിലും സമാന സ്ഥിതിയാണ്. സ്വന്തം കുടുംബത്തെ ഒന്ന് നേരിൽ കാണാമെന്നുള്ള പ്രവാസികളുടെ അവകാശത്തെയാണ് സർക്കാർ തടയിട്ടിരിക്കുന്നത്.

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയ  സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ തിരികെ കൊണ്ടു വരൂ എന്ന സർക്കാർ ഉത്തരവിനോട് താങ്കളുടെ പ്രതികരണമെന്താണ് ?

24 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ലഭിക്കുക എന്നുള്ളത് സാധ്യമല്ലാത്ത കാര്യമാണ്. പല ഗൾഫ് നാടുകളിലും കോവിഡ് ടെസ്റ്റ് പെട്ടന്നു നടത്താൻ കഴിയില്ല. അതിന് കാലതാമസമുണ്ട്. അതിനാൽ തന്നെ ഈ തീരുമാനം അപ്രായോഗികമാണ് ഇത്തരം ടെസ്റ്റുകൾ ഇല്ലാതെയാണ് ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ നടന്നുകൊണ്ടിരുന്നത്. മുഖ്യമന്ത്രി തുടക്കത്തിൽ വളരെ പ്രായോഗികമായ രീതിയിലാണ് പ്രവാസികളുടെ കാര്യങ്ങളിൽ ഇടപെട്ടത്, എന്നാൽ പെട്ടന്ന് ഇത്തരം അനപ്രായോഗികമായ കാര്യങ്ങൾ ചെയ്യുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല.

പ്രവാസികളുടെ പുനരധിവാസത്തിനായ് സർക്കാർ എന്തെല്ലാം ചെയ്യേണ്ടിയിരിക്കുന്നു ?

300 ഓളം പ്രവാസികൾ ഗൾഫിൽ മരണപ്പെട്ടത് കോവിഡ് ബാധിച്ചിട്ടല്ല. പകരം മരണഭയം മൂലം ഹാർട്ട് അറ്റാക്ക് പോലുള്ള രോഗങ്ങൾ കാരണമാണ്. സാധാരണ പൗരന്മാർ പ്രകൃതി ദുരന്തം മൂലമോ അത്യാഹിതം മൂലമോ ഇവിടെ മരണമടയുമ്പോൾ അവരുടെ വീടുകളിലേക്കോടിയെത്തി താൽക്കാലിക ആശ്വാസമായി ലക്ഷങ്ങൾ വാഗ്ദാനം ചെയ്യുകയും ആശ്രിതർക്ക് ജോലി കൊടുക്കുകയും ചെയ്യുന്ന ഗവർൺമെന്റ് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കി നിർത്തുന്ന പ്രവാസി സമൂഹത്തിനോടുള്ള ബാധ്യത നിർവഹിക്കാൻ തയ്യാറാവണം.  യു ഡി എഫ് ഗവർൺമെന്റിന്റെ കാലത്ത് ഗൾഫ് നാടുകളിൽ രോഗം ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സഹായം നൽകുന്ന “സാന്ത്വനം” പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഇതുവരെ പണം നൽകിയിട്ടില്ല. മാത്രവുമല്ല ഫ്ലൈറ്റ് നഷ്ടപ്പെട്ടവർക്ക് നൽകാമെന്ന് പറഞ്ഞ 5000 രൂപ ഇതു വരെ നൽകിയിട്ടില്ല. അത് എത്രയും പെട്ടന്ന് നൽകാൻ സർക്കാർ തയ്യാറാവുക. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാവണം. വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച പ്രവാസികൾക്ക് വ്യത്യസ്ത മേഖലകളിൽ നൈപുണ്യവും അനുഭവസമ്പത്തും ഉണ്ട്. അവരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്താൻ ഗവർൺമെന്റ് തയ്യാറാവണം. നമ്മുടെ നാട്ടിൽ അവർക്ക് ജോലി സാധ്യതകൾ ഉണ്ടാക്കിക്കൊടുക്കണം. 60 വയസ്സിന് മുകളിലുള്ളവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകണം. പ്രവാസി പുനരധിവാസ പദ്ധതിക്ക് അടിയന്തിരമായി തുടക്കം കുറിക്കണം.

മടങ്ങി വരുന്ന പ്രവാസികൾ ഇപ്പോൾ  നിരീക്ഷണത്തിനായി സർക്കാർ ഏർപ്പെടുത്തിയ സ്ഥലങ്ങളിലല്ല മറിച്ച് ഹോം ക്വാറന്റൈനിലാണ് കഴിയുന്നത്. ഇത് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ?

തുടക്കത്തിൽ എല്ലാ പ്രവാസികളേയും രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ തയ്യാറാണെന്നും രണ്ടര ലക്ഷത്തോളം പേർക്ക് നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദൃശ്യമാധ്യമങ്ങളിലൂടെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ ഭരണകൂടം ഇപ്പോൾ മടങ്ങി വരുന്ന പ്രവാസികളെ നേരെ വീട്ടിലേക്കാണ് നിരീക്ഷണത്തിനായ് അയക്കുന്നത്. ഇതു കാരണം ആ കുടുംബം തന്നെ നിരീക്ഷണത്തിൽ ഇരിക്കേണ്ട അവസ്ഥയാണ്. വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തിറങ്ങുമ്പോൾ അവർക്ക് സമൂഹത്തിൽ നിന്നും മോശം  അനുഭവങ്ങൾ നേരിടേണ്ടി വരുന്നു. ഇതെല്ലാം പ്രവാസികളെ മാനസികമായി തളർത്തുന്ന അവസ്ഥയാണ്. ഗവർൺമെന്റിന് നിരീക്ഷണ സൗകര്യമില്ലെങ്കിൽ സാമൂഹിക സാംസ്കാരിക സംഘടനകൾ അതേറ്റെടുക്കാൻ തയ്യാറായിട്ടുകൂടി ഗവർണർമെന്റ് അതിന് മുഖം തിരിഞ്ഞു നിൽക്കുകയാണ്. പ്രവാസ ജീവിതം ആരംഭിച്ചതിനു ശേഷം ഇന്നുവരെ ഇത്തരമൊരു ദുരവസ്ഥ പ്രവാസികൾക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അടിയന്തിരമായി ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ അതത് സമയങ്ങളിൽ സാംക്രമികമായി ഇടപെട്ട് കൊണ്ട് പ്രതികരിക്കുകയും അധികൃതരുടെ ശ്രദ്ധയിൽ വളരെ കൃത്യമായി ഈ ആവശ്യങ്ങൾ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളിൽ പ്രവാസി ലീഗ് സമരമുഖത്താണിപ്പോഴുള്ളത്.

പ്രവാസികളോടുള്ള സർക്കാറിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ പ്രവാസി ലീഗ് എങ്ങനെയാണ് പ്രതികരിക്കുന്നത് ?

കോവിഡ് പശ്ചാത്തലത്തിൽ പരസ്യമായ രീതിയിൽ പ്രകടനങ്ങൾ നടത്തുവാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രവാസി കുടുംബാംഗങ്ങൾ ബ്ലാക് മാസ്ക്  ധരിച്ചു കൊണ്ട് പ്ലേകാർഡ് ഉയർത്തി സമരം ചെയ്തിട്ടുണ്ട്.ഇത് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.അതു പോലെ “ഇലയുണ്ട് സദ്യയില്ല” ഇല വിരിച്ച് കൊണ്ട് പ്രവാസി കുടുംബങ്ങൾ വ്യാപകമായി സമരം നടത്തുകയുണ്ടായി. ഈ കാലയളവിൽ തന്നെ പ്രവാസി ലീഗ് കളക്ട്രേറ്റിന് മുൻപിലും, നോർക്കയുടെ മുൻപിലും സമരങ്ങൾ നടത്തിയിരുന്നു. പല ജില്ലകളിലുമുള്ള പ്രവർത്തകർ നിരാഹാര സമരങ്ങൾ നടത്തുന്നുണ്ട്. ജൂൺ 24 ബുധനാഴ്ച തലസ്ഥാന നഗരിയിൽ പ്രവാസി ലീഗ് സമരത്തിന് തുടക്കം കുറിക്കുകയാണ്. അന്നേ ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസികളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം നടക്കും എന്നിട്ടും പരിഹാരമാവുന്നില്ലെങ്കിൽ കുടുംബസമേതം തെരുവിലേക്കിറങ്ങേണ്ടി വരും. ഗവർൺമെന്റ് ഞങ്ങളെ തെരുവിലേക്കിറക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

പ്രവാസികളുടെ പുനരധിവാസത്തിനായ് നോർക്ക ലോൺ നൽകുന്നുണ്ടല്ലോ ഇത് പ്രവാസികൾക്ക് ഉപകാരപ്പെടുമോ?

നോർക്ക ലോൺ നൽകുന്നു എന്ന് പറയുന്നു എന്നാൽ ഒരു കാര്യങ്ങളിലും അവർ നേരിട്ട് ഇടപെടുന്നില്ല. ബാങ്കുകൾ അവരുടെ നിബന്ധനകൾക്ക് വിധേയമായി  മാത്രമേ ലോൺ നൽകുന്നുള്ളൂ. ഈടു നൽകുവാൻ ഒന്നുമില്ലാത്തവർക്ക് ലോൺ ലഭിക്കില്ല. പലിശയിലും ഇളവ് ലഭിക്കേണ്ടിയിരിക്കുന്നു അതിനാൽ സർക്കാർ ഈ ലോണുമായി ബന്ധപ്പെട്ട് നോർക്കയ്ക്ക് കൃത്യമായ നിർദേശം നൽകേണ്ടിയിരിക്കുന്നു.

 ഇന്ത്യൻ എംബസികളുടെ പ്രവർത്തനത്തെ പ്രവാസി ലീഗ് എങ്ങനെയാണ് വിലയിരുത്തുന്നത് ?

മറ്റു രാജ്യങ്ങളുടെ എംബസികൾ വളരെ മികച്ച രീതിയിലാണ് അവരുടെ ജനങ്ങളെ നാട്ടിലെത്തിക്കുവാനായി പ്രവർത്തിക്കുന്നത്. വളരെ കൃത്യമായ രീതിയിൽ അവർ അത് ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യൻ എംബസികൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല. പ്രവാസികളുടെ ഏക ആശ്രയം അവിടങ്ങളിലെ എംബസികളാണ്. പ്രവാസികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ എംബസികളെ മാത്രമാണ് അവർക്ക് സമീപിക്കാൻ കഴിയുക. എന്നാൽ ഇന്ത്യൻ എംബസികൾ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ല എന്നതാണ് സത്യം.ഇത് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പ്രവാസി ലീഗ് സംസ്ഥാന (ജന സെക്ര) കെ.പി.ഇമ്പിച്ചി മമ്മു ഹാജി പീപ്പിൾസ് റിവ്യൂ റിപ്പോട്ടർ വിസ്മയയുമായി അഭിമുഖത്തിൽ
Share

Leave a Reply

Your email address will not be published. Required fields are marked *