- ചാലക്കര പുരുഷു
1461 ഹാന്‍സും കൂള്‍ ലിപും ഓട്ടോയും കസ്റ്റഡിയില്‍
തലശ്ശേരി: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സ്റ്റേഷനറി കടകളില്‍ വലിയ വിതരണം ചെയ്യുന്ന രണ്ടംഗ സംഘത്തെ രഹസ്യ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് മീത്തലേ പീടികക്കടുത്ത് നിന്ന് ധര്‍മ്മടം പോലിസ് പിടികൂടി. പിണറായിക്കാരായ ബൈത്തുല്‍ ഹൗസില്‍ കെ.കെ നൗഫല്‍ (50), ഓട്ടോറിക്ഷാ ഡ്രൈവര്‍ പുതിയപുരയില്‍ പി.ഷംസീര്‍ (34) എന്നിവരെയാണ് ധര്‍മ്മടം എസ്.ഐ അശോകന്‍ പാലോറാന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ അതിരാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത ശേഷം ധര്‍മടത്തെത്തിയതായിരുന്നു. ഓട്ടോയില്‍ നിന്ന് 645 പാക്കറ്റ് ഹന്‍സും 816 പാക്കറ്റ് കൂള്‍ ലിപും കണ്ടെടുത്തു. ഇതേ തുടര്‍ന്ന് കെ.എല്‍ 58 ഇസെഡ് – 3343 നമ്പര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു.
നൗഫല്‍ സ്ഥിരമായി ലഹരികടത്തുന്നയാളാണെന്നും ഇയാള്‍ക്കെതിരേ ധര്‍മ്മടത്ത് ലഹരിക്കേസുണ്ടെന്നും പോലിസ് പറഞ്ഞു.
ധര്‍മ്മടത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടകളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. സംശയമുള്ള ചില കടകളില്‍ നടത്തിയ പരിശോധനയില്‍ ഏതാനും പാക്കറ്റുകളും പിടികൂടാനായി. ഇതിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് മൊബൈല്‍ പുകയില വില്‍പനക്കാര്‍ പിടിയിലായത്.
