കോഴിക്കോട്: ജില്ലയോടുള്ള വിദ്യാഭ്യാസ നീതി നിഷേധത്തിനെതിരേ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. താല്‍ക്കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.മലബാര്‍ മേഖലയോട് പ്രത്യേകിച്ച് കോഴിക്കോട് ജില്ലയോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉന്നത പഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്നും ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരീപ്പുഴ ആവശ്യപ്പെട്ടു.
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കോടതി ഉത്തരവ് ഉണ്ടായിരിക്കെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധ നിലപാട് വിദ്യാര്‍ഥികളോടുള്ള കടുത്ത വഞ്ചനയാണെന്നും ഈ അധ്യയന വര്‍ഷം തന്നെ ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ടി. കെ മാധവന്‍, ജില്ലാ സെക്രട്ടറി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആയിഷ മന്ന എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സജീര്‍ ടി. സി ജില്ല സെക്രട്ടറിമാരായ ആദില്‍ അലി, മുബഷിര്‍, ആയിഷ റഈസ് കുണ്ടുങ്ങല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി സമാപനവും നടത്തി.