കോഴിക്കോട്: പുതിയ കാലം കെട്ടകാലമെന്നാണ് പറയുന്നത്. അത് ഏറെ ശരിയുമാണെന്ന് ഈ തിരഞ്ഞെടുപ്പ് കാലം ഓര്‍ക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. ഈ അപചയത്തെ നമ്മുടെ മഹാകവികള്‍ പണ്ടുതന്നെ കണ്ടറിഞ്ഞിട്ടുണ്ട് എന്ന് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കഥകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഒരു തുള്ളലില്‍ പറയുന്നത് ‘എമ്പ്രാനല്‍പം കട്ട് ഭുജിച്ചാല്‍ അമ്പല വാസികളൊക്കെ കക്കും’. അതു തന്നെയല്ലേ ഇപ്പോള്‍ കാണുന്നത്. നേതാക്കള്‍ കള്ളത്തരം കാണിച്ചാല്‍ അനുയായികളും അതു തന്നെ ചെയ്യും. കാരണം അവരെയൊക്കെ ഭരിക്കുന്നത് അധികാരവും പണവുമാണ്. കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം ഇതല്ലെ ഈ പെണ്ണുകേസുകള്‍ എല്ലാം വ്യക്തമാക്കുന്നത്. പണം കൊണ്ട് സാധിക്കാത്ത ഒന്നുമില്ലെന്നും കവി അന്നേ പറഞ്ഞു. പണമെന്നുള്ളത് കൈയ്യില്‍ വരുമ്പോള്‍ ഗുണമെന്നുള്ളത് ദൂരത്താകും. ഇത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കവി പറഞ്ഞതാണ്. ഇന്നും അങ്ങനെതന്നെ. ഇങ്ങനെതന്നെ പോയാല്‍ നമ്മള്‍ ഏത് പാതാളത്തില്‍ ചെന്ന് ചാടും. പണ്ട് പൂന്താനവും പാടിയത് ഇതു തന്നെയല്ലേ. പക്ഷേ പൂന്താനം ഒരുപടികൂടി കടന്നു പാടി. ഇത്ഥം ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ചത്തുപോകുന്നു പാവം ശിവ ശിവ.
