പി.കൃഷ്ണപിള്ളയും, പാവങ്ങളുടെ പടത്തലവന് എ കെ ജിയും, ഇ എം എസും, നായനാരുമടക്കമുള്ള നേതാക്കള്‍ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തനത്തിലൂടെ കെട്ടിപ്പടുത്ത ജനകോടികളുടെ കെട്ടിപ്പടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ഇന്നെത്തി നില്ക്കുന്ന സങ്കീര്‍ണ്ണമായ സാഹചര്യം കേരളത്തില്‍ എങ്ങിനെ ഉണ്ടായി എന്നതില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ സിപിഎംനുള്ളില്‍ ഇനിയും കൂടുതല്പൊട്ടിതെറിക്ക് ഇടയാക്കും. പാര്‍ട്ടിക്ക് വേണ്ടി ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയവരെമാറ്റി നിര്‍ത്തി നിലവിലുള്ള പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും, മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇംഗിതത്തിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന ആക്ഷേപവുമായി സിപിഎംന്റെ നെടുംകോട്ടയായ കണ്ണൂരിലടക്കം പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് കലാപ കൊടി ഉയരുകയാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ വന്ന മന്ത്രിമാരെയെടുത്ത് പരിശോധിച്ചാല്‍ തന്നെ അനുഭവ സമ്പത്തില്ലാത്ത പലര്‍ക്കും അവസരം ലഭിച്ചു എന്ന് വ്യക്തമാവും. ഇതെല്ലാം പാര്‍ട്ടി തീരുമാനമാണെന്ന് പറഞ്ഞ് അടിച്ചേല്‍പ്പിക്കുകയായിരുന്നു.പാര്‍ട്ടി എന്ന് പറഞ്ഞാല്‍ നേതൃത്വം മാത്രമല്ല എന്നതിന് തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ സിപിഎംലെ കലാപത്തെ വിലയിരുത്തുകയാണ്.
സിപിഎംന് മൊത്തം ചീത്തപ്പേരുണ്ടാക്കിയ ഒന്നായിരുന്നു ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ. ഇക്കാര്യത്തില്‍ അന്ന് ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന് മാഷിന്റെ ഭാര്യ ശ്യാമളക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. പാര്‍ട്ടിയും, അന്വേഷണ കമ്മീഷനും, പൊലീസ് റിപ്പോര്‍ട്ടും ശ്യാമളയെ കുറ്റവിമുക്തയാക്കിയെങ്കിലും, ജനമനസുകളില്‍ സാജന്റെ ആത്മഹത്യ മുറിവുണങ്ങാതെ നില്ക്കും. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയും, അതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി.ദിവ്യക്കെതിരെ വന്ന ആരോപണവും, അവരുടെ ജയില്‍വാസവുമെല്ലാം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിലും പാര്‍ട്ടി സമയത്ത് നടപടിയെടുക്കാന്‍ തയ്യാറായില്ല. പാലക്കാട് സിപിഎം പുറത്താക്കിയ പി.കെ.ശശി ഉന്നയിച്ച ആരോപണം ഗുരുതരമാണ്. സ്പിരിറ്റ് കടത്തുന്നവരുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. ഇതൊന്നും തൊഴിലാളി വര്‍ഗ പ്രസ്ഥാനമായ സിപിഎംല്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
മറ്റൊന്ന് പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് മുക്കിയ ആരോപണമാണ്. രക്തസാക്ഷികളുടെ ഫണ്ട് സംബന്ധിച്ച് ഒരാരോപണം വരിക എന്നത് തന്നെ സിപിഎംന് അപമാനമാണ്. ആലപ്പുഴയില്‍ ജി.സുധാകരന് പാര്‍ട്ടി വിട്ടിരിക്കുന്നു. ഇവരെല്ലാം പറയുന്നത് പാര്‍ട്ടിക്ക് സംഭവിച്ച മൂല്യച്യുതി തന്നെയാണ്. രണ്ട് പ്രാവശ്യം എം എല്‍ എ യായി എന്നതിന്റെ പേരില്‍ എ.എന്‍ ഷംസീറിന് സീറ്റ് നിഷേധിച്ചതും ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.
പാര്‍ട്ടി തെറ്റ് തിരുത്താന്‍ എത്ര ആഹ്വാനം ചെയ്തിട്ടും കാര്യമില്ല, നേതൃത്വം തന്നെ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന കാലമാണിത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കണ്ണ് തുറന്ന് കാണാതിരുന്നാല്‍ സിപിഎം ചരിത്രത്തില്‍ എന്താവുമെന്ന് കാത്തിരുന്ന് കാണുകതന്നെ വേണ്ടിവരും.
