ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ കാണുന്ന ചില പ്രവണതകള്‍ കേരള രാഷ്ട്രീയം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയാണ് ഉയരുന്നത്. കുറച്ച് കാലങ്ങളായി ചില രാഷ്ട്രീയ നേതാക്കളുടെ മലീമസമായ വാര്‍ത്തകളാണ് നിറഞ്ഞ് നിന്നിരുന്നത്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാന്‍ പറ്റാത്ത രൂപത്തില്‍ ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മൂല്യച്യുതി പിടികൂടിയിരിക്കുന്നു. ഇപ്പോള്‍ കണ്ടുവരുന്ന പ്രധാപ്പെട്ട ഒന്ന് കാല് മാറ്റമാണ്. ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ എംഎല്‍എയായി, വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോള്‍ തനിക്ക് സീറ്റില്ലെന്നറിയുമ്പോള്‍ ഉടനെ മറുകണ്ടം ചാടുക. എത്ര അവഹേളനപരമാണീ നടപടികള്‍. പതിറ്റാണ്ടുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി ജീവിക്കുകയും, തനിക്ക് തൃപ്തികരമല്ലാത്ത കാര്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പ്രസ്ഥാനത്തെ തള്ളി പറയുകയും ചെയ്യുന്നവര്‍ക്ക് പച്ച പരവതാനി വിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ, നിങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തെ എങ്ങോട്ടാണ് നയിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ പരിശോധിക്കുമ്പോള്‍ അതിലേറെ പരിതാപകരമാണ് അവസ്ഥ. ഒന്നും, രണ്ടും, മൂന്നും തവണ എംഎല്‍എയും, മന്ത്രിയുമായവര്‍ക്ക് വീണ്ടും മത്സരിക്കണം. ഇതില്‍ പലര്‍ക്കും സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍ പോലും ആവാത്തവരാണ്. ഇപ്പോള്‍ മത്സരിക്കുന്ന പലരുടേയും ക്രിയേറ്റിവറ്റി ജനം കണ്ടതാണ്. വീണ്ടും കഴിവില്ലാത്തവരെ ജനങ്ങള്‍ക്ക് മുമ്പില്‍ കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവരുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ജനങ്ങള്‍ ശിക്ഷിക്കുകതന്നെ വേണം.
ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ മഹാഭൂരിപക്ഷവും രാഷ്ട്രീയക്കാര്‍ മാത്രമാണ്. അതിനൊരപവാദം സാഹിത്യകാരനായ ഗോപികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഐ മാത്രമാണ്. നമുക്ക് നമ്മുടെ നിയമസഭകളില്‍ വെറും രാഷ്ട്രീയക്കാര്‍ മാത്രം മതിയോ? സാമൂഹ്യ ജിവിതത്തില്‍ പൊതു ജനങ്ങളുമായി നിതാന്ത സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതു പ്രവര്‍ത്തകരോടൊപ്പംതന്നെ വ്യത്യസ്ത മണ്ഡലങ്ങളിലെ പ്രതിഭകളും നമ്മുടെ നിയമസഭകളെ അലങ്കരിക്കട്ടെ. പ്രഗല്‍ഭരും, നിസ്വാര്‍ത്ഥരും, നാടിനോട് പ്രതിബദ്ധതയുള്ളവരുമായവര്‍ നിയമസഭകളിലെത്തിയാല്‍ എത്ര നന്നായിരിക്കും. വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭരെ തിരഞ്ഞെടുക്കാനായാല്‍ എത്ര നന്നായിരിക്കും. മലയാളികളുടെ രാഷ്ട്രീയ ബോധം ഇവിടെയാണുയരേണ്ടത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ, മുന്നണിക്കോ ഭരണം കിട്ടല്‍ മാത്രമല്ല തിരഞ്ഞെടുപ്പുകളുടെ ലക്ഷ്യം. അത് അര്‍ത്ഥവത്തായി നാടിനെ നയിക്കാന്‍ കെല്‍പ്പുള്ളവരെ തിരഞ്ഞെടുക്കാനുതകുന്നതുമായിരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക പലയിടത്തും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നേതൃത്വത്തിന്റെ തിട്ടൂരം തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലം അസ്തമിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലെ ജനാധിപത്യ പ്രക്രിയ കൂടുതല്‍ മനോഹരമാക്കും.
്മറ്റൊരു വിഷയം ജാതി-മത താല്‍പ്പര്യങ്ങള്‍ക്കിണങ്ങുന്ന സ്ഥാനാര്‍ത്ഥികള്‍ വരുന്നതാണ്. കേരളം മറ്റിന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയങ്ങള്‍ക്ക് വലിയ വേരോട്ടമില്ലാത്ത മണ്ണാണ്. ഇനി ആ തലവേദന കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ണ്ണമാവുന്ന അവസ്ഥയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, മന്ത്രിമാരടക്കം മലയാളത്തില്‍ പച്ചക്ക് വര്‍ഗ്ഗീയത പറയുന്നതും നമ്മള്‍ കണ്ടതാണല്ലോ. ജാതിയും മതവും തിരിച്ച് വോട്ടുണ്ടാക്കുകയും, അതിന് സര്‍ക്കസ്സ് കളിക്കുകയും ചെയ്യുന്നവരെയും ജനങ്ങള്‍ തിരിച്ചറിയുകതന്നെ വേണം.
