ഇറാന്‍-ഇസ്രായേല്‍ – അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടലുകളുണ്ടാവണം

ഇറാന്‍-ഇസ്രായേല്‍ – അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടലുകളുണ്ടാവണം

ഇറാന്‍ – ഇസ്രായോല്‍ – അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയടക്കം അടിയന്തിരമായി ഇടപെടാന്‍ അമാന്തിക്കരുത്. ഈ യുദ്ധത്തിന്റെ കെടുതികള്‍ നമ്മുടെ നാട്ടിലടക്കം ബാധിച്ചു കഴിഞ്ഞു. ഇസ്രയേലും-ഇറാനും തമ്മിലുള്ള അകലത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇറാനെ ഇല്ലായ്മ ചെയ്യാന്‍, ഇസ്രായേലും , ഇസ്രായോലിനെ ഇല്ലാതാക്കാന്‍ ഇറാനും ശ്രമിക്കുകയാണ്. ഈ ഘട്ടത്തിലാണ് അമേരിക്ക ഇസ്രായേലിനെ സഹായിക്കുന്നതും, യുദ്ധത്തില്‍ പങ്കാളിയാവുന്നതും. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായതിന് ശേഷം ലോക സാമൂഹിക ക്രമത്തില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന കാര്യങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഈ യുദ്ധവും.
ട്രംപ് രണ്ടാം തവണയും അധികാരത്തില്‍ വന്നതിന് ശേഷമാണ് ലോക വ്യാപാര രംഗത്തടക്കം വലിയ പ്രശ്‌നങ്ങളുണ്ടായത്. അതിപ്പോഴും തുടരുകയാണ്. രാജ്യങ്ങളുടെ പരമാധികാരത്തില്‍ കയറി ഇടപെടുന്നത്  അമേരിക്കയുടെ പതിവ് രീതികളാണ്. ബംഗ്ലാദേശിലെ മുജീബ് റഹ്‌മാന്‍ സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നിലും, ഇസ്ലാം തീവ്രവാദ ശക്തികളെ വളര്‍ത്തിക്കൊണ്ട് വരുന്നതിലും അമേരിക്കയ്ക്ക് പങ്കുണ്ടായിരുന്നു എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ട്രംപ് ഈ ചരിത്രം തുടര്‍ന്ന് വരികയാണ്. വെനിസ്വലന്‍ പ്രസിഡണ്ട് മഡുറോയെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ കയറി പിടിച്ചുകൊണ്ടു പോയത് ഈയടുത്ത കാലത്താണ്. തങ്ങളുടെ ഇംഗിതത്തിന് വിധേയരാവാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടേയിരിക്കും. ക്യൂബയ്‌ക്കെതിരായി നടന്ന ഇടപെടലുകളും ലോകം ദര്‍ശിച്ചതാണ്.
ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ കെടുതികള്‍ പേറിയവരാണ് ലോക ജനത. എല്ലാ യുദ്ധങ്ങളും നിരപരാധികളുടെ ജീവന്‍ ഹനിക്കുന്നതാണ്. ലോക സമാധാനം ഉറപ്പുവരുത്താന്‍ രൂപീകരിക്കപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ സ്വാധീനം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഈ യുദ്ധം നടക്കുന്നത് എന്നത് വിസ്മരിക്കാനാവില്ല. വന്‍കിട രാജ്യങ്ങളുടെ ആയുധ കച്ചവടവും മതപരമായ താല്‍പര്യങ്ങളുമെല്ലാം ഇത്തരം യുദ്ധങ്ങള്‍ക്കടിസ്ഥാനമാണ്. ലോക പൊലീസിന്റെ റോളിലാണ് അമേരിക്കയെന്ന വിമര്‍ശനം ഏറെ കാലമായി ശക്തമാണ്.
ഇപ്പോഴുണ്ടായിരിക്കുന്ന സംഘര്‍ഷം തുടര്‍ന്നാല്‍ അത് ലോകത്തിന്റെ സമ്പദ്ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കും. നമ്മുടെ നാട്ടിലടക്കം ഗ്യാസ് ലഭിക്കാത്തതിനാല്‍ ഹോട്ടല്‍ വ്യാപാരമടക്കം സ്തംഭനാവസ്ഥയിലേക്ക് കടക്കുകയാണ്. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം വ്യാപാര ലോകത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള ശക്തമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്.

ഇറാന്‍-ഇസ്രായേല്‍ – അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍

ഇടപെടലുകളുണ്ടാവണം

Share

Leave a Reply

Your email address will not be published. Required fields are marked *