വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കേരളം നെടുങ്കോട്ട കെട്ടണം

വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കേരളം നെടുങ്കോട്ട കെട്ടണം

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗ്ഗീയ രാഷ്ട്രീയമാണ്. വോട്ട് ബാങ്കിന് വേണ്ടി ഭാരതീയരെ മതത്തിന്റേയും, ജാതിയുടേയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത് അധികാര സ്ഥാനങ്ങളിലെത്താന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ശ്രമങ്ങളാണ് സ്വതന്ത്ര ഭാരതത്തില്‍ ഏകോദര സഹോദരങ്ങളായി കഴിഞ്ഞിരുന്ന ഭാരതീയരില്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ വിതച്ചത്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ മുട്ട് കുത്തിച്ച ഭാരത ജനതയും അതിന് നേതൃത്വം നല്‍കിയ രാഷ്ട്ര ശില്‍പികളായ നേതാക്കളും സ്വപ്‌നം കണ്ട ഇന്ത്യയല്ല സ്വാതന്ത്ര്യം ലഭിച്ച് 79 വര്‍ഷം കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. വര്‍ത്തമാന കാല ഇന്ത്യ മത-ജാതി-രാഷ്ട്രീയം കൊണ്ട് പ്രക്ഷുബ്ധമാണ്. മതപരമായ വിശ്വാസ പ്രമാണങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ഇന്ത്യ സൃഷ്ടിക്കാന്‍ വലിയ ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പോലും ഈ ശക്തികള്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്.

രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗ്ഗീയ ശക്തികള്‍ ആധിപത്യം നേടുകയും അവരുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അതിനിടയില്‍ തലയുയര്‍ത്തിപിടിച്ചു നില്‍ക്കുന്ന ഒന്നാണ് കേരളത്തിന്റെ മതേതര മനസ്സ്. ഈ മനസ്സ് സൃഷ്ടിക്കപ്പെട്ടത് മഹത്തുക്കളായ നമ്മുടെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളും, മഹാന്മാരായ നമ്മുടെ നേതാക്കളും ഉഴുതിമറിച്ച കൈരളിയുടെ മടിത്തട്ടിലാണ്. കേരളം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ്. ഇവിടത്തെ മൂന്നര കോടി ജനങ്ങള്‍ ഏകോദര സഹോദരങ്ങളെപോലെ വസിക്കുന്നവരാണ്. ഇവിടെ ആരാധനാലയങ്ങളുടെ പേരിലോ, ഭക്ഷണത്തിന്റെ പേരിലോ, വസ്ത്രത്തിന്റെ പേരിലോ, സ്ഥലനാമങ്ങളുടെ പേരിലോ ഒരു ഭിന്നിപ്പും ഉണ്ടാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അത്തരം കറുത്ത ശക്തികളെ തിരിച്ചറിയാനും പടിക്ക് പുറത്ത് നിര്‍ത്താനും കേരളീയര്‍ക്കാവണം. എല്ലാ വിശ്വാസങ്ങളെയും നിറഞ്ഞ ബഹുമാനത്തോടെ നോക്കി കാണുന്നവരാണ് കേരളീയര്‍. നമ്മുടെ ആരാധനാലയങ്ങളും, കലകളും എല്ലാം ചേര്‍ന്നതാണ് നമ്മുടെ സംസ്‌കാരമെന്ന് തിരിച്ചറിയുന്നവരാണ് മലയാളികള്‍. കേരളത്തെ പുരോഗതിയിലേക്ക് നയിച്ച നമ്മുടെ ഭരണ കര്‍ത്താക്കളുടെ നടപടികള്‍, രാജ്യത്തെ ഏത് സംസ്ഥാനത്തെകാളും അടിസ്ഥാന സൗകര്യവികസനമുള്ള ഒരു സംസ്ഥാനമാക്കി കേരളത്തെ പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. കേരള വികസനത്തില്‍ പ്രവാസി സമൂഹം നല്‍കിയ സംഭാവനകളും എടുത്തു പറയേണ്ടത് തന്നെയാണ്്. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണ്. വംശീയതയും, വര്‍ഗീയതയും, ദുരഭിമാനവും ഇഴചേര്‍ന്ന് അവിടങ്ങളില്‍ നിന്നെല്ലാം ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

നമുക്ക് മഹത്തായ ഒരു മതേതര രാഷ്ട്രീയ ചരിത്രമുണ്ട്. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും, ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കുമെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ഈ രണ്ട് വര്‍ഗ്ഗീയതയും രാജ്യത്തിനും ജനങ്ങള്‍ക്കും ദോഷം മാത്രമേ ചെയ്യൂ എന്നതാണ് സത്യം. രാജ്യത്തെ ചെറു ന്യൂനപക്ഷത്തിന്റെ കൈകളിലാണ് രാജ്യത്തിന്റെ 74% സമ്പത്തും കയ്യടക്കിവെച്ചിട്ടുള്ളത്. വന്‍കിട കോര്‍പ്പറേറ്റുകളാണ് സമസ്ത മേഖലകളിലും പിടി മുറുക്കിയിട്ടുള്ളത്. മൂലധന ശക്തികളുടെ ഒരു പ്രധാന അജണ്ടതന്നെ ജനങ്ങളുടെ ഒരുമ തകര്‍ക്കുക എന്നത് തന്നെയാണ്. വര്‍ഗ്ഗീയതയുടെ അടിവേരന്വേഷിച്ചാല്‍ ഇത്തരം ശക്തികളുടെ താല്‍പര്യങ്ങള്‍ വ്യക്തമാവും. ഒരു മതാധിഷ്ഠിത സമൂഹത്തിലും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കില്ല എന്നതും അടിച്ചമര്‍ത്തലിന്റെയും, ജനാധിപത്യ നിഷേധത്തിന്റെയും പരമ്പര ഇവിടങ്ങളില്‍ തുടര്‍കഥയാണെന്നു നാം തിരിച്ചറിയാതെ പോകരുത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഈ നാടിനെ മത സൗഹാര്‍ദ്ദത്തിന്റെയും, സാഹോദര്യത്തിന്റെയും കോട്ടകൊത്തളമാക്കി, വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ നെടുങ്കോട്ട കെട്ടാന്‍ നാം ഓരോ കേരളീയനും ജാഗ്രത പുലര്‍ത്തണം.

 

 

വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കേരളം നെടുങ്കോട്ട കെട്ടണം

Share

Leave a Reply

Your email address will not be published. Required fields are marked *