കോഴിക്കോട് ആസ്റ്റര്‍ മിംസിലെ മുഴുവന്‍ വനിതാ ജീവനക്കാരും അവയവദാനത്തിന്റെ ഭാഗമായി
കോഴിക്കോട്: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ മുഴുവന്‍ വനിതാ ജീവനക്കാരും അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കി. ജീവനക്കാര്‍ക്കിടയിലും പൊതുജനങ്ങളിലേക്കും അവയവദാന അവബോധവും പ്രതിജ്ഞകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വനിതാ ജീവനക്കാര്‍ ആരംഭിച്ച ‘ആസ്റ്റര്‍ പ്രാണ – ലിവിംഗ് ബിയോണ്ട് ലൈഫ്’ പദ്ധതിയുടെ ഭാഗമായാണ് ഈ ചരിത്ര നിമിഷം തീര്‍ത്തത്. പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരം രമേശ് പിഷാരടി നിര്‍വ്വഹിച്ചു. സമൂഹത്തില്‍ എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതത്തിന്റെ നല്ല ഭാഗങ്ങള്‍ മാറ്റി വെക്കുന്നവരാണ് സ്ത്രീകള്‍, വനിതാ ദിനത്തോട് അനുബന്ധിച്ച് തനിക്ക് അറിയാത്ത മനുഷ്യര്‍ക്ക് വേണ്ടി അവരുടെ ജീവിതത്തില്‍ രണ്ടാമതൊരു അവസരം നല്‍കാന്‍ മുന്നോട്ട് വന്ന ഈ വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ബേബി അലിന്‍ ഷെറിന്‍ എബ്രഹാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇങ്ങനെ ഒരാശയം ഉദിച്ചതെന്നും അത് ജീവനക്കാരിലേക്ക് പങ്കുവെച്ച സമയത്ത് മുഴുവന്‍ വനിതാ ജീവനക്കാരും സ്വമേധയാ തയ്യാറായി വന്നതും അത്യന്തം സന്തോഷമുണ്ടാക്കുന്നതാണെന്ന് ചീഫ് നേഴ്‌സിംഗ് ഓഫീസര്‍ ശീലാമ്മ ജോസഫ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ട ക്യാമ്പയിന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആണെങ്കിലും വൈകാതെ ആസ്റ്റര്‍ ഗ്രൂപ്പിന്റെ മറ്റു യൂണിറ്റുകളിലുടനീളം നടപ്പിലാക്കുകയും ശേഷം ഒരു ബഹുജന ബോധവല്‍ക്കരണ പരിപാടിയിലൂടെ സമൂഹത്തിലേക്ക് അവയവദാനത്തിന്റ മികച്ച സന്ദേശങ്ങള്‍ എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ചടങ്ങിന് ഡോ. നൗഫല്‍ ബഷീര്‍, ഡോ.പ്രീത രമേശ്, ഷീന നമ്പ്യാര്‍, ധന്യ ഡറ്റസ്, മിനി ശങ്കര്‍ സി, സജിത എം, ഹിമ ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
