അരവിന്ദ് കെജ്‌രിവാള്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍

അരവിന്ദ് കെജ്‌രിവാള്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതി നടത്തി എന്ന ആരോപണത്തിന്റെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ , ഉപ മുഖ്യമന്ത്രിയായിരുന്ന മനോജ് സിസോദിയ, തെലുങ്കാനയിലെ  മുന്‍ മുഖ്യ മന്ത്രി ചന്ദ്ര ശേഖര റാവുവിന്റെ മകളും തെലുങ്കാന ജാഗ്രതാ അധ്യക്ഷയുമായ കെ.കവിതയടക്കം 23 പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയ കെസ് തള്ളിക്കൊണ്ട് എല്ലാവരേയും ഡല്‍ഹി ഹൈക്കോടതി വിട്ടയച്ചിരിക്കുകയാണ്. എ എ പി സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിന് പിന്നില്‍ ഗൂഡാലോചനയോ ,ദുരുദ്ദേശപരമോ ഇല്ലെന്നും സിബിഐ ഊഹം വെച്ച് കെട്ടിച്ചമച്ച കേസാണിതെന്നും സിബിഐ ജഡ്ജി ജിതേന്ദ്ര സിങ് വിധി ന്യായത്തില്‍ പറയുന്നുണ്ട്. അരവിന്ദ് കെജ്‌രിവാള്‍  മദ്യ നയത്തില്‍ അഴിമതി ആരോപിച്ചെന്ന് പറഞ്ഞത് കോണ്‍ഗ്രസ്സായിരുന്നു. പിന്നീടാണ് ബിജെപി പരാതി നല്‍കുന്നത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി സിബിഐക്ക് കൈമാറുകയും കേസെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കൈജ്‌രിവാളിനെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അഞ്ച് മാസക്കാലമാണ് കെജ്‌രിവാള്‍ ജയില്‍വാസം അനുഭവിച്ചത്. സിസോദിയ ഒന്നര വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴുണ്ടായ കോടതി വിധി. കോടതിവിധിക്കെതിരെ സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുടെ ചട്ടുകങ്ങളാണോ എന്ന ചേദ്യം ഇവിടെ പ്രസക്തമാണ്.കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതമനുസരിച്ച് സിബിഐയും, ഇഡിയും തങ്ങളെ വേട്ടയാടുകയാണെന്ന പ്രതിപക്ഷ ആരോപണം പ്രസക്തമാണ് എന്നതിന് തെളിവാണ് കേസുകള്‍ തെളിയിക്കപ്പെടാതെ പോകുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയിക്കുന്നത്. ഇന്നത്തെ ഭരണപക്ഷം നാളത്തെ പ്രതിപക്ഷവും ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷവുമാകുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്ര സേവനത്തില്‍ മുഴുകുകയും അതിനുള്ള അംഗീകാരമായി ജനങ്ങള്‍ നല്‍കുന്ന മാന്‍ഡേറ്റാണ് സര്‍ക്കാരുകള്‍. അധികാരത്തില്‍ വരുന്ന ഓരോ സര്‍ക്കാരുകളും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. ലോകം മുഴുവന്‍ വിസ്മയത്തോടെ നോക്കി കാണുന്ന ഒന്നാണ് ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ക്കതിരെ നീതിപീഠങ്ങളില്‍ നിന്നുണ്ടാകുന്ന ഇടപെടലുകള്‍ പ്രത്യാശാനിര്‍ഭരമാണ്. രാജ്യത്തെ നിയമവാഴ്ച കുറ്റമറ്റതാക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെ അവയുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ അന്വേഷണം നടത്തുന്ന ഏജന്‍സികളാണ് നാടിനുത്തമം.

അരവിന്ദ് കെജ്‌രിവാള്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *