പ്രതിഷേധം അക്രമമാവരുത്

പ്രതിഷേധം അക്രമമാവരുത്

           കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രി വീണ ജോര്‍ജിന് നേരെ പ്രതിഷേധിച്ച കെ എസ് യുകാരുടെ പ്രതിഷേധിക്കാനുള്ള അവകാശം നിലനില്‍ക്കുന്നതോടൊപ്പം അത് അക്രമത്തിലേക്ക് വഴിതുറന്നിട്ടിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും അപലപനീയമാണ്. ഒന്നാം പ്ലാറ്റ് ഫോമിലേക്കുള്ള കവാടത്തില്‍ വെച്ചാണ് മന്ത്രിക്കെതിരെ കെ എസ് യുവിന്റെ പ്രതിഷേധമുണ്ടായത്. ഈ സംഭവത്തില്‍ മന്ത്രിയെ കായികമായി അക്രമിച്ചു എന്നതിന് തെളിവുകളില്ലെന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരില്‍ നിന്ന് മന്ത്രിയെ രക്ഷിച്ച പൊലീസ് മന്ത്രിക്ക് സ്വതന്ത്രമായി മുന്നോട്ട് നടക്കാന്‍ വഴിയൊരുക്കുകയും, പിന്നീട് മാധ്യമ പ്രവര്‍ത്തകരോടടക്കം കുശലം പറഞ്ഞ് നീങ്ങിയ മന്ത്രി തുടര്‍ന്നാണ് കഴുത്തിന് പരിക്കേറ്റതായി പറയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ മന്ത്രിയെ ആക്രമിച്ചതിന് തെളിവുകളില്ലെന്ന് വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മമായ അന്വേഷണം നടക്കട്ടെ.
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ അടിക്കടിയുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആരോഗ്യ മന്ത്രി ബാധ്യസ്ഥയാണ്. ആരോഗ്യ മേഖലയില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന ഡോക്ടര്‍മാരെയും, ജീവനക്കാരെയും ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകതന്നെ വേണം. ഇക്കാര്യത്തില്‍ നടപടികളില്ലാതെ വരുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. ആരോഗ്യ മേഖലയിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ പ്രതിപക്ഷം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രതിഷേധം ഏത് മാര്‍ഗ്ഗത്തിലാവണം എന്നതാണ് മുഖ്യം.
              കേരളത്തില്‍ മുന്‍പും മന്ത്രിമാര്‍ക്കെതിരെ കനത്ത പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്കാരും അവരുടെ യുവജന സംഘടനകളും, കമ്മ്യൂണിസ്റ്റ്കാര്‍ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്സും അവരുടെ യുവജന സംഘടനകളും നടത്തിയ പ്രതിഷേധങ്ങള്‍ ഏറെ കണ്ട നാടാണ് കേരളം.പ്രതിഷേധത്തിന്റെ പേരില്‍ ഭരണാധികാരികളുടെ നേരെ പാഞ്ഞടുക്കുന്നത് എന്തായാലും സമാധാനപരമായ പ്രതിഷേധമല്ല. അതാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്നുണ്ടായത്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് തടഞ്ഞാണ് പൊലീസ് മന്ത്രിയെ രക്ഷപ്പെടുത്തിയത്. ഈ സമയം മന്ത്രി പ്രതിഷേധക്കാരെ വെല്ലുവിളിച്ചതും ഭൂഷണമല്ല. ഭരണാധികാരികള്‍ ജനവികാരം മാനിക്കേണ്ടവരാണ്. അതിന് പകരം അവരോട് കയര്‍ക്കുകയല്ല വേണ്ടത്. മന്ത്രി വീണ ജോര്‍ജ് പ്രതിഷേധക്കാരോട് നടത്തിയ പരാമര്‍ശവും അനുചിതമാണ്. ഗവണ്‍മെന്റിന്റെ ഭാഗമായ മന്ത്രിയെ സംരക്ഷിക്കാന്‍ പൊലീസുണ്ട്. അവരൊരുക്കിയ സുരക്ഷയില്‍ മന്ത്രിക്ക് കടന്ന് പോകാമായിരുന്നു. അതിന് പകരം പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ചതും ശരിയായില്ല. സംസ്ഥാനം ഭരിക്കുന്ന ആരോഗ്യ മന്ത്രി പ്രതിഷേധക്കാരുടെ ശബ്ദം കേള്‍ക്കാനാണ് തയ്യാറാവേണ്ടിയിരുന്നത്. ഓപ്പറേഷന്‍ ചെയ്ത ഡോക്ടറോ, മറ്റ് ജീവനക്കാരോ പ്രതിഷേധങ്ങള്‍ക്കിരയായിട്ടില്ല. എന്നാല്‍ വകുപ്പ് മന്ത്രി പ്രതിഷേധത്തിന് ഇരയാവുകയും ചെയ്തു. അത് നമ്മുടെ ജനാധിപത്യ രീതിയാണ്.
                ഒരു സമരത്തില്‍ എങ്ങിനെ പ്രതിഷേധിക്കണമെന്ന് തങ്ങളുടെ അനുയായികളെ ബോധ്യപ്പെടുത്തേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. അക്രമത്തിന്റെയും, കൊലവിളിയുടേയും രൂപത്തില്‍ പ്രതിഷേധം പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. അതുപോലെ ഒരു വ്യക്തിയെയും കായികമായി അക്രമിക്കുന്നതും ശരിയല്ല. ഗാന്ധിജിയുടെ നാടാണ് നമ്മുടേത്. പ്രതിഷേധത്തിന് അഹിംസ, സഹന സമരം നമ്മെ പഠിപ്പിച്ചത് ഗാന്ധിജിയാണ്. അത് തന്നെയാണ് ജനാധിപത്യ മാര്‍ഗ്ഗത്തിലെ സമര രീതിയെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് പലയിടത്തും സിപിഎം,കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഒഴിവാക്കപ്പെടേണ്ടതുണ്ട്. അണികളുടെ വികാര തള്ളലില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വീഴരുത്. ക്രിയാത്മക രാഷ്ട്രീയ പ്രവര്‍ത്തനമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

പ്രതിഷേധം അക്രമമാവരുത്

Share

Leave a Reply

Your email address will not be published. Required fields are marked *