മലപ്പുറം പി മൂസ അവാര്‍ഡ് കെ അജിതയ്ക്ക്

മലപ്പുറം പി മൂസ അവാര്‍ഡ് കെ അജിതയ്ക്ക്

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മലപ്പുറം പി മൂസയുടെ സ്മരണ നിലനിര്‍ത്താന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് സ്ത്രീ വിമോചനത്തിനും സ്ത്രീകളുടെ ശാക്തീകരണത്തിനും വേണ്ടി നാലു പതിറ്റാണ്ടിലധികമായി അവിശ്രമം പോരാടുന്ന കെ അജിതയ്ക്ക്.പതിനായിരത്തിയൊന്ന് രൂപയും ശില്‍പ്പവുമാണ് അവാര്‍ഡ്.

സാമൂഹികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാനാണ് മലപ്പുറം പി മൂസ അവാര്‍ഡ് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ഏര്‍പ്പെടുത്തിയത്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എന്‍ പി രാജേന്ദ്രന്‍, എന്‍ പി ചെക്കുട്ടി, പി ദാമോദരന്‍ എന്നിവരാണ് അവാര്‍ഡ് ജോതാവിനെ തിരഞ്ഞെടുത്തത്. സ്ത്രീ വിമോചനം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീപുരുഷ സമത്വം, സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അജിത നടത്തിയ പോരാട്ടങ്ങളും ഇന്നും തുടരുന്ന പ്രവര്‍ത്തനവും പരിഗണിച്ചാണ് അജിതയെ കമ്മിറ്റി അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകരായിരുന്ന കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും മകളായി 1950ല്‍ കോഴിക്കോട്ടാണ് അജിതയുടെ ജനനം. അച്ഛന്റെ പിന്തുണയിലും പ്രോത്സാഹനത്തിലും അജിതയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 1968 മുതല്‍ 1983 വരെ അവര്‍ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. പുല്‍പ്പളളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 1968 മുതല്‍ 1977 വരെ ജയിലില്‍ കഴിഞ്ഞു. താന്‍ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് പോയതില്‍ അച്ഛന്‍ അത്യധികം സന്തോഷിച്ചിരുന്നുവെന്നാണ് അജിത തന്റെ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയത്. അജിതക്ക് ഗുരുനാഥനും സുഹൃത്തും സഖാവുമായിരുന്നു അച്ഛന്‍. ‘എല്ലാവര്‍ക്കും മാതൃകയായിരിക്കണം ജീവിതം’ എന്നാണ് അച്ഛന്‍ മകള്‍ക്ക് നല്‍കിയ പ്രധാന ഉപദേശം. അടിച്ചമര്‍ത്തപ്പെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പ്രതിബദ്ധത പുലര്‍ത്തിയ അജിത, സംശുദ്ധമായ പൊതുജീവിതത്തിന് മാതൃകയായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു.
മെയ് ആദ്യവാരം അവാര്‍ഡ് സമ്മാനിക്കും.

 

മലപ്പുറം പി മൂസ അവാര്‍ഡ്
കെ അജിതയ്ക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *