പൊന്നാനി: തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ കണ്ണൂര്‍ വരെ 465 കിലോമീറ്റര്‍ ഹൈസ്പീഡ് റെയില്‍വെ പാത പുതിയ പദ്ധതിയുമായി മെട്രോമെന്‍ ഇ.ശ്രീധരന്. നിലവില്‍ വന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം ചിലവ് ഏതാണ്ട് പകുതി കുറയുമെന്നതും, റെയില്‍ പാത കടന്നു പോകുന്നതില്‍ പത്തനംതിട്ട ജില്ല കൂടി ഉള്‍പ്പെടുന്നതും, പൂര്‍ണ്ണമായും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താനാവും. രണ്ട്് ടെര്‍മിനല്‍ സ്റ്റേഷനുകളടക്കം 20 സ്റ്റേഷനുകളുണ്ടാകും. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തില്‍ സ്റ്റേഷനുകള്‍ തമ്മിലുള്ള അകലം 20-30 കിലോമീറ്ററുകളായിരിക്കും. ട്രെയിനില്‍ ആകെ 560 യാത്രക്കാരാണിണ്ടാവുക, നില്ക്കാന് അവസരമുണ്ടാകില്ല.പദ്ധതിക്ക് ഏതാണ്ട് 54,000 കോടി രൂപയാണ് ചിലവ് വരികയെന്നും അദ്ദേഹം പറഞ്ഞു.
