പി.ടി.നിസാര്‍
കോഴിക്കോട്: ഭാഷയെന്നത് ജീവത്തായ ഒന്നാണെന്നും, മലയാള ഭാഷ എനിക്കറിയാമെന്നഭിമാനിക്കുന്ന തലമുറ വളര്‍ന്നു വരണമെന്ന് സി.എസ് മീനാക്ഷി പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റ്റ്റിയൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രവും, കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാചരണ ചടങ്ങില്‍ ഭാഷയുടെ ജീവന് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ജീവികള്‍ക്ക് പരിണാമമുണ്ടാകുന്നത് പോലെ ഭാഷയ്ക്കും പരിണാമമുണ്ട്. 96% മലയാളികള്‍ സംസാരിക്കുന്ന മലയാളത്തില്‍ പല ഭാഷകളുടേയും ഡി എന്‍ എ ഉണ്ട്. പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഉത്തരേന്ത്യന്‍ പ്രയോഗങ്ങളെല്ലാം മലയാളത്തിലും ഉണ്ട്. ജൈവ വൈവിധ്യ പ്രധാന്യം പോലെ ഭാഷാ വൈവിധ്യവുമുണ്ട്. ഇന്ത്യ എന്ന സങ്കല്പം തന്നെ രൂപംകൊള്ളുന്നത് ഭാഷാ വൈവിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കാലാവസ്ഥ, ഭൂപ്രകൃതി, ഭക്ഷണം, സംസ്കാരം എന്നിവ ചേരുമ്പോഴാണ് ഭാഷയുണ്ടാകുന്നത്. മഴയ്ക്ക് തന്നെ 150ല്‍ പരം വാക്കുണ്ട് തോരാമഴ, പേമാരി, ചിന്നി, മിന്നിമഴ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഭാഷകള്‍ ശോഷിക്കുന്നതിനൊരു കാരണം ഒരു ഭാഷയെ ഔദ്യോഗിക ഭാഷയായി അടിച്ചേല്‍പ്പിക്കുമ്പോഴാണ്.ഭാഷകള്‍ വളരുന്നത് കൊണ്ടും കൊടുത്തുമാണ്. പരമാണു എന്ന വാക്ക് ഇപ്പോള്‍ പ്രസക്തമല്ല. പരമാണുവിനെ ഭേദിച്ച് പുതിയ പദങ്ങളുണ്ടാവുന്നു. ഇത്തരം പദങ്ങളെല്ലാം മലയാളം സ്വീകരിക്കുന്നുണ്ട്. രാഷ്ട്രീയ ബോധ്യങ്ങള്‍ ഭാഷയില്‍ പ്രതിഫലിക്കുമ്പോള്‍ ഭാഷ വളരും. കോടതി, വൈദ്യരംഗം എന്നിവിടങ്ങളിലെല്ലാം മാതൃഭാഷ വിദൂരത്താണ്. സാഹിത്യത്തില്‍ ഭാഷ പറക്കുംതളിക പോലെയാണ്. ഭാഷ കാലത്തെയും, ജീവിതത്തെയും കുറിച്ച് വെക്കുന്നു. ജീവനെ കഴിഞ്ഞുള്ള അസ്തിത്വത്തെ അടയാളപ്പെടുത്തുമെന്നവര് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു.
