പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരമുള്ള ജനതയാണ് കേരളീയര്‍. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന പോരാട്ട ചരിത്രത്തിന്റെ അനിഷേധ്യ ഭാഗമാണ് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരം. സ്വാതന്ത്ര്യ സമരത്തിനു മുന്‍പ് വിദേശികള്‍ക്കെതിരായി കേരളത്തില്‍ നടന്നുവന്ന ചെറുത്ത് നില്‍പ്പുകളുടെ ചരിത്രവും ദേശാഭിമാന ബോധം തുടിക്കുന്നതാണ്. സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്ത് ചാടിയ രാഷ്ട്രീയ നേതാക്കളുടെ മനസ്സ്, രാഷ്ട്ര സ്വാതന്ത്ര്യമെന്ന സ്വപ്‌നം മാത്രം നിറഞ്ഞതായിരുന്നു. അവിടെ അധികാര കസേരകള്‍ക്ക് അശേഷം സ്ഥാനമില്ലായിരുന്നു. ഈയൊരു അടിത്തറയില്‍ രൂപം കൊണ്ട രാഷ്ട്രീയ കേരളം ലോകമറിയുന്ന ചിന്തകരായ രാഷ്ട്രീയ നേതാക്കളെ സംഭാവന ചെയ്യുകയുണ്ടായി. ഐക്യ കേരളം രൂപംകൊണ്ടതിന് ശേഷം അധികാരത്തിലിരുന്ന പല മുഖ്യമന്ത്രിമാരുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ അവര്‍ എത്രമാത്രം നിസ്വാര്‍ത്ഥരും ജനക്ഷേമ തല്‍പ്പരരുമായിരുന്നെന്ന് കാണാന്‍ സാധിക്കും. അവരെല്ലാം കെട്ടിപ്പടുത്ത രാഷ്ട്രീയ മാതൃകകള്‍ നമുക്ക് നഷ്ടമാകുന്നുണ്ടോ എന്ന ആത്മ പരിശോധനയാണ് ഈ കാലം നമ്മോട് ആവശ്യപ്പെടുന്നത്.
കഴിഞ്ഞുപോയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ കാലുമാറ്റവും, കൂടുമാറ്റവും കലയാക്കി മാറ്റുന്ന പ്രവണത കാണാന്‍ കഴിയും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ മല്‍സരിച്ച്, അഞ്ച് വര്‍ഷക്കാലം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ചതിന് ശേഷം, വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നിഷേധിക്കപ്പെടുമ്പോള്‍ ഉടനെ മറുകണ്ടം ചാടുകയും, അത്തരക്കാരെ പൂവിട്ട് സ്വീകരിക്കുകയും ചെയ്യുന്ന പ്രവണതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭൂഷണമല്ല. ഇത്തരക്കാരെ വെള്ളപൂശുമ്പോള്‍ തകരുന്നത് നമ്മുടെ മൂല്യവത്തായ രാഷ്ട്രീയ സംസ്‌കാരമാണെന്ന് ആരും മറന്ന് പോകരുത്.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ആനയിച്ചു വരുന്നവര്‍ ജനകീയ കോടതിയില്‍ ഉത്തരം പറയേണ്ടി വരികതന്നെ ചെയ്യും. രാഷ്ട്രീയം രാഷ്ട്ര സേവനമാണ്്. അത് അധികാര കസേര ഉറപ്പിക്കാനുള്ള നെട്ടോട്ടമല്ല. നിസ്വാര്‍ത്ഥരായ രാഷ്ട്രീയ പ്രവര്‍ത്തകരെ നെഞ്ചേറ്റിയ നാടാണ് കേരളം. കാലുമാറ്റക്കാരെയും, കൂറുമാറ്റക്കാരെയും ശിക്ഷിച്ച പാരമ്പര്യം കേരള ജനതയ്ക്കുണ്ട്. നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിലെ മൂല്യ ശോഷണം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കാനുതകുന്ന രാഷ്ട്രീയ പ്രവചനം നടത്താന്‍ കഴിയുന്ന നേതാക്കള്‍ ഒരുകാലത്ത് നമുക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള ധൈഷണിക നിലവാരമുളള എത്ര നേതാക്കള്‍ നമുക്കുണ്ട്. വിലകുറഞ്ഞതും, വ്യക്തിയാധിഷ്ഠിതവും, നാടിന് കേള്‍ക്കാന്‍ അറപ്പുളവാക്കുന്നവയുമായ വാര്‍ത്തകളാണ് പലപ്പോഴും രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നുയരുന്നത്. രാഷ്ട്രീയത്തെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് പുറകോട്ടടുപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരായും കേരളീയര്‍ ഒന്നിക്കണം. ഇത്തരം നെഗറ്റീവ് വാര്‍ത്തകളുടെ അമിത പ്രാധാന്യത്തില്‍ നിന്ന് എല്ലാവരും വിട്ട് നില്‍ക്കണം. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങള്‍കൊണ്ട് മികവുറ്റതാകട്ടെ. നാട് ഭരിച്ച സര്‍ക്കാരിനെ വിലയിരുത്താന്‍ ഇതുവഴി സാധിക്കണം. സര്‍ക്കാര്‍ തങ്ങളുടെ നേട്ടങ്ങളും, പ്രതിപക്ഷം അവരുടെ നിലപാടും വിശദീകരിക്കട്ടെ. അതെല്ലാം സസൂക്ഷ്മം വിലയിരുത്തി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജനങ്ങള്‍ വിധിയെഴുതട്ടെ. ഇതെല്ലാം നമ്മുടെ പ്രബുദ്ധമായ രാഷ്ട്രീയ ബോധത്തിന്റെ കൊടിയടയാളമായി മാറട്ടെ.
