ടി.ഷാഹുല്‍ ഹമീദ്
ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളില്‍ ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന നിര്‍മ്മിതി ബുദ്ധി(എ ഐ )ഇംപാക്ട് സമ്മിറ്റ് ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ദൈനംദിന ജീവിതത്തിലും തൊഴില്‍ മേഖലയിലും നിര്‍മ്മിതി ബുദ്ധി ഉണ്ടാക്കിയിട്ടുള്ള വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങളുടെ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. നവീനാശയങ്ങള്‍, സഹകരണം, നിര്‍മിതി ബുദ്ധിയുടെ ഉത്തരവാദിത്വപരമായ ഉപയോഗം എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.നിര്‍മിതി ബുദ്ധിയുടെ ഉപയോഗത്തില്‍ ഉണ്ടാകുന്ന നൈതികത,സുരക്ഷ എന്നീ കാര്യത്തില്‍ എ ഐ ഇംപാക്ട് സമ്മിറ്റില്‍ നിന്നും പ്രതീക്ഷാനിര്‍ഭരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മിതി ബുദ്ധി ഉപയോഗിക്കുമ്പോള്‍ ഭയപ്പെടരുത്, പകരം ക്രിയാത്മകതയാണ് വേണ്ടത് എന്ന സന്ദേശമാണ് ഉച്ചകോടി നല്‍കുന്നത്. നിര്‍മിതി ബുദ്ധിയുടെ ഉപയോഗത്തിലൂടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമോ എന്നതും ഉച്ചകോടിയുടെ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ്.
ലോകത്തെ വിസ്മയിപ്പിക്കുന്ന മാറ്റങ്ങളുമായി നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന നിര്‍മിതി ബുദ്ധി, ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാന് വേണ്ട സാങ്കേതിക പരിജ്ഞാനമായി മാറിയ കാലഘട്ടത്തിലാണ് വളരെ പ്രധാനപ്പെട്ട ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്. 700 സെഷനുകളിലായി 7 പ്രമേയത്തില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍ 500 ടെക്ക് മേധാവികളും, 24 രാഷ്ട്രത്തലവന്മാരും, നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.രണ്ടര ലക്ഷത്തോളം വിജ്ഞാന കുതുകികളായ വ്യക്തികളാണ് സമ്മേളനത്തിന്റെ ഭാഗമാകുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ റോബോട്ടിക്സ്, മെഷീന് ലേണിങ് എന്നിവയില്‍ അധിഷ്ഠിതമായ പ്രദര്‍ശനവും ഗ്ലോബല്‍ ഇമ്പാക്ട് സമ്മിറ്റില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങള്‍ പുറത്തു വരുന്നതിന്റെ ഭാഗമായി നടത്തുന്ന എ ഐ ഇംപാക്ട് ചലഞ്ചിന്റെ ഭാഗമായുള്ള മത്സരങ്ങളും,പ്രാഥമിക ഘട്ടത്തില്‍ വിജയിച്ച 4650 പേരില്‍ 70 പേര് ഫൈനലില്‍ എത്തുകയും ചെയ്തത് ഉച്ചകോടിയെ ആകര്‍ഷകമാക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമായി നിര്‍മ്മിതി ബുദ്ധിയില്‍ അധിഷ്ഠിതമായ ചലഞ്ചുകള്‍ നടക്കുന്നതും ഉച്ചകോടിയുടെ സവിശേഷതയാണ്. എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത് എങ്കിലും നിര്‍മ്മിതി ബുദ്ധി ഉണ്ടാക്കിയിട്ടുള്ള ഭീമമായ തൊഴില്‍ നഷ്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാധാരണക്കാര്‍ക്ക് സന്തോഷമാണോ ഉണ്ടാക്കുക എന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കുകയില്ല. ഇന്റര്‍നെറ്റ് വന്നതിന് ശേഷം ഉണ്ടായതിനേക്കാള്‍ ഏറെ വ്യാപ്തിയില്‍ പടര്‍ന്നു പന്തലിക്കുന്ന നിര്‍മ്മിതി ബുദ്ധി തൊഴില്‍ ഇല്ലാതാക്കും എന്നതിന്റെ ഒരു ഉദാഹരണമാണ്,1995ല്‍ അമേരിക്കയിലെ 5500 കോടി യുഎസ് ഡോളര്‍ ആസ്തിയുള്ള കമ്പനിയായ ഐബിഎമ്മില്‍ 4 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് ഏറ്റവും വിലയേറിയ അമേരിക്കയിലെ കമ്പനിയായ എന്‍വി ഡിയയില്‍ 40000 ജീവനക്കാര്‍ മാത്രമേ ഉള്ളു.നാലര ലക്ഷം യുഎസ് ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് എന്‍വി ഡിയ എന്ന് ഓര്‍ക്കേണ്ടതായിട്ടുണ്ട്. നിര്‍മ്മിതി ബുദ്ധി നിലവില്‍ തൊഴില്‍ രംഗത്ത് ഉണ്ടാകുന്ന ഭീഷണി ഭയാനകം തന്നെയാണ് എന്ന് ഇത് വിളിച്ചോതുന്നു. നിര്‍മ്മിതി ബുദ്ധിയില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും തൊഴില്‍ മേഖലയെ ഉടച്ച് വാര്ക്കുന്നതിനാല് സാമ്പ്രദായിക തൊഴില്‍ മേഖലയിലുള്ളവര്‍ ആശങ്കാകുലരാണ്. താഴെത്തട്ടില്‍ ഉള്ള 50% വൈറ്റ് കോളര്‍ ജോലിയും നിര്‍മിതി ബുദ്ധി ഏറ്റെടുക്കുന്നതാണ്. ബാങ്കിങ് മേഖലയില്‍ 50% ജോലികളും ഇപ്പോള്‍ തന്നെ നിര്‍മ്മിതി ബുദ്ധിയില്‍ അധിഷ്ഠിതമായ ഉപകരണങ്ങളിലൂടെയാണ് നിര്‍വഹിച്ചു വരുന്നത് .ആഗോളതലത്തില്‍ 14% തൊഴില്‍ നഷ്ടം നിര്‍മ്മിതി ബുദ്ധി കൊണ്ട് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിവര്‍ഷം 20ലക്ഷം ഫാക്ടറികളില്‍ നിര്‍മ്മിതി ബുദ്ധിയില്‍ അധിഷ്ഠിതമായ റോബോട്ടുകളെ ഉപയോഗപ്പെടുത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോള്‍ ലോകത്ത് ഡിജിറ്റല്‍ വിടവുകള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ഭാവി സാധ്യതയായ നിര്‍മ്മിതി ബുദ്ധി സാധാരണക്കാര്‍ക്ക് സഹായകമായ രീതിയില്‍ പരിവര്‍ത്തിപ്പിക്കേണ്ടത് ഏറ്റവും വലിയ ആവശ്യമായി ഉയര്‍ന്നു വന്നിരിക്കുന്നു.നിര്‍മിതി ബുദ്ധിയിലൂടെ വ്യാജവാര്‍ത്തകള്‍ തടയാനും വിനാശകരമായ നിര്‍മിതി ഉപയോഗം പ്രതിരോധിക്കുവാനും ശക്തമായ രൂപരേഖ ആഗോള എ ഐ ഇംപാക്ട് സമ്മിറ്റില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. വെറുതെ ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം മനുഷ്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഏജന്റിക്ക് നിര്‍മ്മിതി ബുദ്ധി വളര്‍ന്നതോടെ യൂറോപ്യന്‍ യൂണിയന് അടക്കമുള്ള ലോകരാജ്യങ്ങള്‍ പുതുതായി നിയമനിര്‍മാണങ്ങള്‍ നടത്തിയ ഘട്ടത്തിലാണ് ഇന്ത്യയില്‍ നടക്കുന്ന നിര്‍മ്മിതി ബുദ്ധി സമ്മിറ്റിന് ആഗോള പ്രാധാന്യമുള്ളത്. വിവിധ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ് വന്ന കാര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിര്‍മ്മിതി ബുദ്ധി, സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ഒരു നിയമനിര്‍മാണം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടി വാട്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയത് പോലെ വ്യാജവാര്‍ത്തകളും ദുരുപയോഗങ്ങളും തടയാന്‍ നിര്‍മ്മിതി ബുദ്ധി സംവിധാനങ്ങള്‍ക്ക് ചില നിരീക്ഷണ കവചങ്ങള്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്,ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ,ഓപ്പണ്‍ എ ഐ സിഇഒ സാം ആള്ട്ടമാന്, ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് തലവന്‍ ഡെമിസ് ഹസ്സാബിസ്, മൈക്രോസോഫ്റ്റ് സിഇഒ സത്യനതല്ലേ, ചിപ്പുകളുടെ രാജകുമാരന് ജെന്സണ് ഹുവേങ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹൃഷി സുനക്ക്, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലഹാരിസ്,പ്രമുഖ എ ഐ സുരക്ഷാ ശാസ്ത്രജ്ഞന് ലോഷുവ ബെന്ഞ്ചിയോ, നിര്‍മ്മിത ബുദ്ധിയുടെ പിതാവ് ജെഫിറി ഹിന്റന്,മെറ്റാ എ ഐ ചീഫ് യാന്‍ ലെകൂണ്,നന്ദന് നിലക്കേരീ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയില്‍
ഭാഷാ തടസ്സങ്ങള്‍ ഒഴിവാക്കി പുറത്തുവന്ന നിര്‍മിതി ബുദ്ധി ഉല്‍പ്പന്നമായ ഭാഷിണി,സൂപ്പര്‍ വേഗതയുള്ള കമ്പ്യൂട്ടര്‍ ഐരാവതി,വാടക ടാക്സി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ക്രൂട്ടീം,20 ഭാഷകളില്‍ മറുപടി പറയുന്ന സര്‍വ്വം എന്നിങ്ങനെയുള്ള പുതിയ തരത്തിലുള്ള നിര്‍മിതി ബുദ്ധിയിലധിഷ്ഠിതമായ വ്യത്യസ്തങ്ങളായിട്ടുള്ള സംവിധാനങ്ങളും ഉപകരണങ്ങളും പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് വല്ല തീരുമാനവും ഉച്ചകോടിയില്‍ ഉണ്ടാകുമോ എന്നതും, 125 ബില്യണ്‍ യൂ എസ് ഡോളറിന്റെ പുതിയ നിര്‍മ്മിതി ബുദ്ധി മിഷന് പ്രവര്‍ത്തനത്തില്‍ എന്തൊക്കെ സഹായങ്ങളാണ് എ ഐ ഇമ്പാക്ട് സമ്മിറ്റില്‍ ഉണ്ടാകുക എന്നത് പ്രതീക്ഷയോടെയാണ് സാധാരണ ജനങ്ങള്‍ കാത്തുനില്‍ക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്നുവരുന്ന എ ഐ ഇംപാക്ട് സമ്മിറ്റ് വലിയ പരിവര്‍ത്തനങ്ങള്‍ നിര്‍മിതി ബുദ്ധി മേഖലയില്‍ ഉണ്ടാക്കും എന്നത് തീര്‍ച്ചയാണ്
9895043496
[email protected]
നിര്‍മ്മിതി ബുദ്ധി സന്തോഷമാണോ നല്‍കുന്നത്,
നിര്‍ണായക എ ഐ ഇംപാക്ട് സമ്മിറ്റ് പ്രതീക്ഷ നിര്‍ഭരമോ?
