സാഹിത്യകാരന്മാരെ തദ്ദേശ ഭരണ  സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കണം

സാഹിത്യകാരന്മാരെ തദ്ദേശ ഭരണ  സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കണം

സാഹിത്യ പാരമ്പര്യത്തിന് പുകള്‍പെറ്റ കേരളത്തിന്, അതിന്റെ അടിത്തറക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനായി സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ ബജറ്റുകളില്‍ പദ്ധതികളാവിഷ്‌ക്കരിക്കണം. നമ്മുടെ ഗ്രാമങ്ങളിലും, നഗരങ്ങളിലും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി എഴുത്തുകാരുണ്ട്. അവരുടെയെല്ലാം രചനകള്‍ വലുതും, ചെറുതുമായ മലയാള പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച് വരാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ എഴുത്തുകാര്‍ തന്നെ തങ്ങളുടെ രചനകള്‍ പ്രകാശിപ്പിക്കുന്നതും സ്വാഗതാര്‍ഹമാണ്. എല്ലാ എഴുത്തുകാരുടെയും രചനകള്‍ പ്രസിദ്ധീകരണങ്ങളില്‍ ഇടം പിടിക്കാന്‍ സാധ്യതകളില്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയ വഴി എഴുത്തുകാര്‍ക്ക് മികച്ച പ്രോത്സാഹനം ലഭിക്കുന്നതിനാല്‍ അവര്‍ എഴുത്ത് നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
നോട്ട് നിരോധനവും, കോവിഡും മൂലമുണ്ടായ പ്രതിസന്ധി കേരളത്തിലെ വന്‍കിട, ചെറുകിട പ്രസിദ്ധീകരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി എന്നത് വസ്തുതയാണ്. പല പ്രസിദ്ധീകരണ സ്ഥാപനങ്ങളും പ്രിന്റിംഗിന് വേണ്ടി വരുന്ന ചിലവ് മൂലം ഓണ്‍ലൈനിലേക്ക് വഴിമാറുന്നു. പ്രതിസന്ധികള്‍ ഉള്ള കാലത്തും, സംസ്ഥാനത്ത്  ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട് എന്നത് ഏറെ സന്തോഷകരമാണ്. ഒട്ടനവധി പുതിയ എഴുത്തുകാര്‍ ഇതുവഴി സമൂഹ മധ്യത്തിലെത്തുകയും അവരുടെ രചനകള്‍ ഒട്ടേറെ പേര്‍ വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
യുവജന സമൂഹത്തില്‍നിന്ന് ശ്രദ്ധേയരായ എഴുത്തുകാര്‍ വളര്‍ന്നു വരുന്നുണ്ട്. അവരുടെ രചനകള്‍ സമകാലിക ലോക ജീവിതത്തെ സുന്ദരമായി രേഖപ്പെടുത്തുമ്പോള്‍ അത് വായനക്കാര്‍ക്ക് മധുരമുള്ള വായനാനുഭവം പകരുന്നുണ്ട്.
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള സാഹിത്യ അക്കാദമി പോലുളള സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നു എന്ന വാദമുയരുമ്പോഴും വായന വര്‍ദ്ധിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ചെറുകിട പ്രസാധകര്‍ കൂടി വരുന്നത് തന്നെ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉള്ളത്‌കൊണ്ടാണ്.
മഹാരഥന്മാരായ നമ്മുടെ സാഹിത്യ കുലപതികള്‍ മുന്നോട്ട് കൊണ്ടുപോയ മഹത്തായ സാഹിത്യ പാരമ്പര്യം കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാവും. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ മുന്‍കൈയ്യെടുത്ത് പുസ്തക മേളകള്‍ സംഘടിപ്പിക്കാനായാല്‍ വലിയ മുന്നേറ്റമുണ്ടാവും. അതുപോലെ പ്രാദേശികമായ എഴുത്തുകാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയും അത് നല്‍കുകയും ചെയ്താല്‍ അറിയപ്പെടാത്ത പല എഴുത്തുകാര്‍ക്കും അത് അംഗീകാരങ്ങള്‍ ലഭിക്കാന്‍ വഴിവെക്കും. മുഖ്യധാരയിലുള്ള ഉന്നതരായ എഴുത്തുകാര്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ടെങ്കിലും, നമ്മുടെ ഗ്രാമങ്ങളിലും മറ്റും നവാഗതരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ വഴികളുണ്ടാവണം. ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ കര്‍മ്മ മേഖലകളിലൊന്നായി തിരഞ്ഞെടുക്കുമെന്ന് പ്രത്യാശിക്കാം. കൂടുതല്‍ സജീവമായ സാഹിത്യ-സാംസ്‌കാരിക മേഖല ഇതുവഴി രൂപപ്പെട്ടു വരട്ടെ.

സാഹിത്യകാരന്മാരെ തദ്ദേശ ഭരണ

സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *