തൊഴിലാളി-കര്‍ഷകാദി ഐക്യനിര ശക്തിപ്പെടണം, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടണം

തൊഴിലാളി-കര്‍ഷകാദി ഐക്യനിര ശക്തിപ്പെടണം, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടണം

            ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമവും, വിത്തു നിയമവും പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 10 േ്രടഡ് യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ പണിമുടക്ക് നടന്നിരിക്കുകയാണ്. തൊഴിലാളി-കര്‍ഷകാദി താല്‍പര്യങ്ങള്‍ കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്ക് അടിയറവെക്കുകയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന പ്രധാന വാദഗതി. മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയ ഐതിഹാസിക സമരം സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ പോരാട്ടമായിരുന്നു. ആ പ്രക്ഷോഭത്തിനു മുന്‍പില്‍ അവസാനം കേന്ദ്ര സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നു. കര്‍ഷക രോഷത്തിന്റെ പ്രതിഫലനമായിരുന്നു മോദി സര്‍ക്കാറിന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷംപോലും ലഭിക്കാതായതിന് ഒരു കാരണം. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡാവട്ടെ അങ്ങേയറ്റം തൊഴിലാളി വിരുദ്ധവുമാണ്. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നു എന്നതും, അവകാശ സമരങ്ങളെ നിഷേധിക്കുന്നതുമായ ബില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗം സമ്മതിക്കില്ലെന്നതിന്റെ സൂചനയാണ് അഖിലേന്ത്യാ പണിമുടക്ക്. 30 കോടി തൊഴിലാളികള്‍ ഈ പണിമുടക്കില്‍ പങ്കെടുത്തു എന്നാണ് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കുന്നത്. എല്‍ഐസിയടക്കമുള്ള രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടരുകയുമാണെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.
രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ധാതു നിക്ഷേപമടക്കമുള്ള മേഖലകളിലും, സര്‍ക്കാര്‍ ഭൂമി തുച്ഛമായ പാട്ടത്തിനും നല്‍കികൊണ്ടിരിക്കുകയാണ്. പൊതു മുതല്‍ കോര്‍പ്പറേറ്റുകള്‍ക്കും, വന്‍കിടക്കാര്‍ക്കും കൊള്ളയടിക്കാനുള്ള അരങ്ങാക്കി മാറ്റാന്‍ ഒരു തരത്തിലും സമ്മതിക്കരുത്. രാഷ്ട്ര ശില്‍പി പണ്ഡിറ്റ് നെഹ്രുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പഞ്ചവല്‍സര പദ്ധതികളിലൂടെ മുന്നേറിയ ഇന്ത്യ, ഡോ.എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ നടത്തിയ കാര്‍ഷിക വിപ്ലവത്തിലൂടെ ലോകത്തിന്റെ മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച രാജ്യമായി മാറി. നമ്മുടെ രാജ്യത്തിന്റെ പൊതു സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വളര്‍ന്നു വന്നത് ഇക്കാലത്തായിരുന്നു. ഇന്ന് റോഡും, റെയിലും, വിമാനതാവളവും, ആരോഗ്യ മേഖലയുമെല്ലാം സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ നമ്മുടെ കൃഷിയിടങ്ങളും, മാര്‍ക്കറ്റുകളും കയ്യടക്കുമ്പോള്‍ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ ദുരിതം പേറുകയാണ്.
്ആരോഗ്യ മേഖലയില്‍ നടക്കുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണമാണ് ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെ മഹാഭൂരിപക്ഷവും തൊഴിലിടങ്ങളില്‍ സുരക്ഷിതത്വമില്ലാതെ ജോലിയെടുക്കേണ്ടി വരുന്ന സാഹചര്യമാണ് വരാന്‍ പോകുന്നതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നത ജോലിയിലിരിക്കുന്നവരെയും, ഏറ്റവും താഴെ തട്ടിലുള്ളവരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്ന ഭീകരമായ സാഹചര്യമാണ് ഇന്ന് തൊഴില്‍മേഖലയിലുള്ളത്. പിറന്ന മണ്ണില്‍ ഒന്നായി നിന്ന് അനീതിക്കെതിരെ പോരാടേണ്ട ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും, ആരാധനാലയങ്ങളുടെയും പേരില്‍ തമ്മില്‍ തല്ലിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ തന്നെയാണ്. ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിലൂടെ നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് നേടിതന്ന ഇന്ത്യ, എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായി ജീവിക്കുവാനാണ്. അതിന് വിഘാതമായി നില്‍ക്കുന്നവര്‍ക്കെതിരെ തൊഴിലാളി-കര്‍ഷകാദി ചെറുത്ത് നില്‍പ്പ് അനിവാര്യമാണ്.

തൊഴിലാളി-കര്‍ഷകാദി ഐക്യനിര ശക്തിപ്പെടണം,

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടണം

Share

Leave a Reply

Your email address will not be published. Required fields are marked *