പി.ടി.നിസാര്‍
അഭ്യസ്ഥവിദ്യരായ യുവജനങ്ങളെകൊണ്ട് അനുഗ്രഹീതമാണ് കേരളം. ഈയൊരു സാമൂഹിക പശ്ചാത്തലം കേരളത്തിന് മാത്രം സ്വന്തമാണ്. ഈ നേട്ടത്തിന് പിന്നില്‍ കേരളത്തില്‍ വളര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും, മാറി മാറി സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുമാണ്. എന്നാല്‍ തൊഴിലില്ലായ്മ എന്ന ഭീഷണി കേരളത്തിന്റെ പേടിസ്വപ്‌നമായിരിക്കുകയാണ്. 25 ലക്ഷത്തോളം അഭ്യസ്ഥവിദ്യരാണ് തൊഴിലിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം കണ്ട് പഠിച്ച മഹാഭൂരിപക്ഷവും ഇന്ന് ജോലി കിട്ടാക്കനിയായി മാറിയ അവസ്ഥയിലാണ്.
സര്‍ക്കാര്‍ മേഖലയിലെ ജോലിക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള പി എസ് സി എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തന പോരായ്മ വലിയ ചോദ്യ ചിഹ്നമായിരിക്കുന്ന ഘട്ടമാണിത്. സര്‍ക്കാര്‍ മേഖലയിലെ ഒഴിവുകള്‍ അതത് വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം പ്രസ്തുത കാറ്റഗറിയിലേക്ക് നിയമനം നടത്താന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് പി എസ് സി. ചെയര്‍മാനടക്കം ഒട്ടനവധി അംഗങ്ങളും, ഉദ്യോഗസ്ഥ വൃന്ദവുമുണ്ടെങ്കിലും പി എസ് സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ സര്‍വ്വീസില്‍ വരുന്ന ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇതുകാരണം ഒഴിവുകളിലേക്ക് യഥാസമയം പി എസ് സിക്ക് അപേക്ഷ ക്ഷണിക്കാനും സാധിക്കാത്ത സാഹചര്യമുണ്ട്. പി എസ് സിയാവട്ടെ അവര്‍ നടത്തുന്ന പരീക്ഷകളില്‍ പാസായി റാങ്ക് ലിസ്റ്റില്‍ പോലുമെത്തുന്നവര്‍ക്ക് നിയമനവും നല്‍കുന്നില്ല. ഇതുമൂലം റാങ്ക് പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്ക് പോലും നിയമനം ലഭിക്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത നിരാശയിലാവുന്നു. ഇതുകൊണ്ടൊക്കെ നമ്മുടെ നാട്ടിലെ ഈ തല തിരിഞ്ഞ സിസ്റ്റത്തില്‍ മനംമടുത്ത് യുവജനത രാജ്യംവിട്ടോടുന്ന കാഴ്ചയാണുള്ളത്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ യഥാസമയം നിയമനം ലഭിക്കാത്തതിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. പരമാവധി വിദ്യാഭ്യാസം കഷ്ടപ്പെട്ട് നേടിയിട്ടും, പി എസ് സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും അവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെങ്കില്‍ ഈ സംവിധാനം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? റാങ്ക് ലിസ്റ്റിലുണ്ടായിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവരുണ്ട്. കാര്യങ്ങള്‍ ഗുരുതരമായി തുടരുമ്പോഴും പിന്‍വാതില്‍ നിയമനത്തിന് ഒരു കുറവുമില്ല. ഭരിക്കുന്നവരുടെ ഏറാന്‍ മൂളികളും, അനുയായികളും ഇതുവഴി സര്‍ക്കാര്‍ ജോലി കരസഥമാക്കുകയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതമല്ലാതെ പല നിയമനങ്ങളിലും സ്വതന്ത്രമായി ഒന്നും നടക്കുന്നില്ല. പേരിന് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന് വിളിക്കുകയും, പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നിശ്ചയിക്കുന്ന ലിസ്റ്റില്‍ ഒപ്പ് ചാര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗമാണ് പല വകുപ്പ് മേധാവികളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരംവളഞ്ഞ വഴികള്‍ തകര്‍ക്കുന്നത് നമ്മുടെ യുവജനങ്ങളുടെ മനോവീര്യമാണെന്ന് ആരും മറന്നുപോകരുത്. പി എസ് സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്.
പി എസ് സി നോക്കുകിത്തിയാകരുത്
