ലോക്‌സഭാ സ്പീക്കര്‍ നിഷ്പക്ഷനാവണം

ലോക്‌സഭാ സ്പീക്കര്‍ നിഷ്പക്ഷനാവണം

പി.ടി.നിസാര്‍

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഒരു രാജ്യത്തിന്റെ പാര്‍ലമെന്റ് എന്ന് പറഞ്ഞാല്‍ അതിന് ബദലായി ലോകത്ത് മറ്റൊന്നില്ല എന്നതാണ് യാഥാര്‍്ഥ്യം. 140 കോടി ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, അവര്‍ക്കാവശ്യമുള്ള നിയമനിര്‍മ്മാണമടക്കമുള്ള സകല നടപടികള്‍ക്കും രൂപം നല്‍കേണ്ടത് പാര്‍ലമെന്റാണ്. ആ പാര്‍ലമെന്റിന്റെ  അധ്യക്ഷനാണ് സ്പീക്കര്‍. അതുകൊണ്ട്തന്നെ സ്പീക്കര്‍ ഭരണകക്ഷിയുടേയോ പ്രതിപക്ഷത്തിന്റെയോ വക്താവല്ല മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ  ശ്രീകോവിലായ പാര്‍ലമെന്റിന്റെ അധ്യക്ഷനാണ്. ഈ അധ്യക്ഷ പദവി നിഷ്പക്ഷമായി നിറവേറ്റാന്‍ സ്പീക്കര്‍ക്ക് സാധിക്കണം. എന്നാല്‍ ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ലക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മൂന്ന് കേന്ദ്ര ഫണ്ടുകളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്പീക്കര്‍ ശ്രമിക്കുമ്പോള്‍ അത് ജനാധിപത്യ വിരുദ്ധം തന്നെയാണ്.പ്രതിപക്ഷ നേതാവിന് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം നിഷേധിക്കപ്പെടുമ്പോള്‍ അത് ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന്റെ  ഫണ്ട് എന്നാല്‍ അത് രാജ്യത്തിന്റെ  ഫണ്ടാണ്. അതിന്റെ  വരവ് ചെലവ് കണക്കുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക തന്നെ വേണം. അക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം സ്പീക്കര്‍ അവഗണിക്കുകയാണ്.ചെയ്യേണ്ടിയിരുന്നത്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം പരിരക്ഷിക്കാന്‍ ഭരിക്കുന്ന കക്ഷിക്കും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഐതിഹാസികമായ സമരത്തിലൂടെയാണ് ഇന്ന് കാണുന്ന ജനാധിപത്യ ഇന്ത്യ യാഥാര്‍ത്ഥ്യമായിട്ടുള്ളത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മനോഹാരിത തന്നെയാണ് ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെ ഉറ്റുനോക്കുന്നത്. സമീപ രാജ്യങ്ങളിലെ ഭരണ മേഖലകളിലെല്ലാം അനഭിലഷണീയമായ പ്രവണതകള്‍ ഉണ്ടാകുമ്പോഴും ഇന്ത്യ മികച്ച് നില്‍ക്കുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ  ശക്തികൊണ്ടാണ്. അത് തല്ലിത്തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്.

ലോക്‌സഭാ സ്പീക്കര്‍ നിഷ്പക്ഷനാവണം

Share

Leave a Reply

Your email address will not be published. Required fields are marked *