കേരളത്തില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാവും; നെടുമണ്‍ കാവ്‌ ഗോപാലകൃഷ്ണന്‍

കേരളത്തില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാവും; നെടുമണ്‍ കാവ്‌ ഗോപാലകൃഷ്ണന്‍

                                           ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകനും, സംസ്ഥാന അധ്യക്ഷനുമായ നെടുമണ്‍ കാവ്‌ ഗോപാലകൃഷ്ണന്‍  പാര്‍ട്ടിയുടെ കോഴിക്കോട് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍                                                           കോഴിക്കോട്ടെത്തിയപ്പോള്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറുമായി നടത്തിയ അഭിമുഖം

?  കേരളത്തില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി എന്താണ്

1957 മുതല്‍ കേരളം ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാരുകള്‍ക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാന്‍ സാധിക്കാത്ത സാഹചര്യമുള്ളതിനാല്‍ കേരളത്തില്‍ ഇടത്-വലത്-ബിജെപിക്കെതിരെ ഒരു ബദല്‍ രാഷ്ട്രീയം വളര്‍ന്നുവരണമെന്ന് ജനങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. ജനങ്ങള്‍ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉള്ളുകൊണ്ട് ഇഷ്ടപ്പെടുന്നില്ല. അവര്‍ മടുത്തിരിക്കുകയാണ്. ഇവിടെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസക്തി. കര്‍ഷക-തൊഴിലാളി-യുവജന-മഹിളാ മേഖലയിലുള്ളവരെല്ലാം നിലവിലുള്ള രാഷ്ട്രീയത്തില്‍ മടുത്തവരാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കാഴ്ചപ്പാടുകള്‍ വളരെ പരിമിതമാണ്. ഒരു പാലമുണ്ടാകുമ്പോള്‍ 25 വര്‍ഷംകൊണ്ടുള്ള വികസനമാണ് വിഭാവനം ചെയ്യുന്നത്. നിലവില്‍ 5 വര്‍ഷം പിന്നോക്കം പോകുന്ന കാഴ്ചപ്പാടുകളാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ളത്.

?  വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാടെന്തായിരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും. ഭാവി കേരളത്തെ സ്വപ്‌നം കാണുന്ന അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍, കാര്‍ഷികരംഗത്തുള്ളവര്‍, വ്യവസായ രംഗത്തുള്ളവര്‍, സാമൂഹിക സേവനം ജീവിതവ്രതമാക്കുന്നവരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കും. ഇന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്നത് ഏറെ ചിലവേറിയതാണെങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയുന്നതുപോലെ കഴിവിന്റെ പരമാവധി പാര്‍ട്ടി ബദല്‍ശക്തിയായി ഉയര്‍ന്നുവരാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ വേദിയാക്കും.

?  സാമുദായിക രാഷ്ട്രീയമാണോ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

തീര്‍ച്ചയായും. രാഷ്ട്രീയം എന്നത് സാമുദായിക നേതാക്കളുടെ വലയിലായി. മത മേലധ്യക്ഷന്മാര്‍ക്ക് മതമില്ലെങ്കില്‍ ജീവിക്കാനാവില്ല. മതത്തില്‍ വര്‍ഗ്ഗീയത ചേര്‍ത്ത് നാടിനെ പുറകോട്ടടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാമുദായിക – വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ യുവജന സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കണം. സാമുദായിക നേതാക്കള്‍ക്ക് തലവച്ചുകൊടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരളത്തെ മുരടിപ്പിക്കുകയാണ്.

?  എന്താണ് പാര്‍ട്ടി പരിപാടി

പാര്‍ട്ടിക്ക് കൃത്യമായ ഭരണഘടനയും, പരിപാടിയുമുണ്ട്. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനിഫെസ്റ്റോ അവതരിപ്പിക്കും. 30 വര്‍ഷം മുന്നില്‍ കണ്ടുളള ഭാവി കേരളത്തിന്റെ രൂപരേഖയായിരിക്കും അത്. വിദേശ രാജ്യങ്ങളിലുള്ളവരെ കേരളത്തിലേക്കാകര്‍ഷിക്കാനുള്ള വലിയ പ്രൊജക്ടുകള്‍ അതിലുണ്ടാവും. കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്. സാമ്പ്രദായിക കക്ഷി രാഷ്ട്രീയത്തിന്റെയും, വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെയും കാലം കഴിയുകയാണ്. സമത്വം, സാഹോദര്യം, സഹവര്‍ത്തിത്വം എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വരുന്ന ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യയെ കേരളീയര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നദ്ദേഹം പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാവും; നെടുമണ്‍ കാവ്‌ ഗോപാലകൃഷ്ണന്‍

Share

Leave a Reply

Your email address will not be published. Required fields are marked *