ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തെ ചൊല്ലി ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയെത്തുടര്‍ന്ന് ഇന്നും സഭ സ്തംഭിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു.സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും യുഡിഎഫ് എംഎല്‍എ ടി വി ഇബ്രാഹിമും അന്‍വര്‍ സാദത്തും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാന്‍ ശ്രമിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കേസില്‍ പുറത്ത് നില്‍ക്കുന്ന പ്രതികളെക്കുറിച്ച് അന്വേഷിക്കാതെ അകത്തായ പ്രികളെ പുറത്തിറങ്ങാന്‍ സഹായിക്കുന്ന തരത്തില്‍ അന്വേഷണം വഴിമുട്ടിനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
