കൊച്ചി: രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടര്‍ന്ന് ജനുവരി 26ന് സിപിഎമ്മില്‍നിന്ന് പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍. ഫെബ്രുവരി 4ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നും ചടങ്ങ് തടസ്സപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
സിപിഎംല്‍ നിന്ന് പുറത്താക്കിയതിനു ശേഷം പയ്യന്നൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും പുസ്തകത്തില്‍ ഭരണകക്ഷിയിലെ ഉന്നത നേതാക്കള്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്നും കുഞ്ഞികൃഷ്ണന് പറയുന്നു. അതിനാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും കുഞ്ഞികൃഷ്ണന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പയ്യന്നൂര്‍ എരിയ സെക്രട്ടറി പി.സന്തോഷ്, ടി.ഐ.മധുസൂദന്‍ എംഎല്‍എ എന്നിവരെയും കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ധനാപഹരണം നടന്നെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ സിപിഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണംആവശ്യപ്പെട്ട് വി. കുഞ്ഞികൃഷ്ണന്
