നിയമ സഭാ തിരഞ്ഞെടുപ്പ് ;യോഗ്യരായവരെ തിരഞ്ഞെടുക്കണം (എഡിറ്റോറിയല്‍)

നിയമ സഭാ തിരഞ്ഞെടുപ്പ് ;യോഗ്യരായവരെ തിരഞ്ഞെടുക്കണം (എഡിറ്റോറിയല്‍)

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള നടപടികള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈകൊണ്ട് വരികയാണ്. നാടിന്നുതകുന്നവരും, അഴിമതി രഹിതരും, ധാര്‍മ്മിക ബോധമുള്ളവരും, മാന്യമായ ജീവിതം നയിക്കുന്നവരും ആയിരിക്കണം രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടത്. സമീപകാല കേരള രാഷ്ട്രീയത്തില്‍ ജനപ്രതിനിധികള്‍ക്കടക്കം നേരെ ഉയര്‍ന്നുവരുന്ന മലീമസമായ വാര്‍ത്തകള്‍ നമ്മുടെ സമൂഹത്തെ ദുഷിപ്പിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. മാന്യന്മാരല്ലാത്തവര്‍ അധികാര സ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ അവരുടെ തെറ്റായ ചെയ്തികള്‍ സമൂഹത്തിന് ദോഷകരമായ സന്ദേശം നല്‍കും എന്നതിന് ഇത്തരം സംഭവങ്ങള്‍ മകുടോദാഹരണങ്ങളാണ്. ആധുനിക വിദ്യാഭ്യാസം കരസ്ഥമാക്കിയ മിടുമിടുക്കന്മാരായ തലമുറ കേരളത്തില്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ ദീര്‍ഘ വീക്ഷണമുള്ള അവരെയെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ബദ്ധശ്രദ്ധ വരുത്തുമെന്ന് പ്രതീക്ഷിക്കാം.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കേരളത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയണമെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകളടക്കം സ്വായത്തമാക്കിയ തലമുറകളിലേക്ക് അധികാര കൈമാറ്റം നടക്കേണ്ടത് ആവശ്യമാണ്. ഇന്ന് അധികാരസ്ഥാനത്തിരിക്കുന്ന പലരും വര്‍ഷങ്ങളായി അവിടെ കുറ്റിയടിച്ചിരിപ്പാണ്. ഇപ്രാവശ്യത്തെ നിയമ സഭാ തിരഞ്ഞെടുപ്പിലും വീണ്ടും മല്‍സരിക്കാന്‍ അവര്‍ കോപ്പുകൂട്ടുന്നുണ്ട്. ഒന്നും, രണ്ടും പ്രാവശ്യം എംഎല്‍എയും, എംപിയും, മന്ത്രിയുമായവര്‍, പഞ്ചായത്ത്, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനങ്ങളിലൊക്കെ പതിറ്റാണ്ടുകളായി സ്ഥാനം അലങ്കരിക്കുന്നവര്‍ മാറി നിന്ന് മികച്ച വ്യക്തികള്‍ക്ക് അവസരമൊരുക്കണം. ശാരീരിക പ്രയാസമുള്ളവരും, പ്രായാധിക്യമുള്ളവരും മറ്റുള്ളവര്‍ക്കായി മാറി നില്‍ക്കാന്‍ തയ്യാറാവണം.
രാഷ്ട്രീയ പാര്‍ട്ടികളില്‍ മികച്ച പുതു തലമുറ വളര്‍ന്നു വരുന്നുണ്ടോ എന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ആത്മ പരിശോധന നടത്തണം. മികച്ച പുതു നിരയെ വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാവണം. അരനൂറ്റാണ്ട് മുന്‍പ് ബുള്ളറ്റ് ട്രെയിന്‍ ഓടിയ രാജ്യങ്ങള്‍ ലോകത്തുണ്ട്. നമുക്കൊരു പുതിയ വേഗ റെയിലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തര്‍ക്കം കാരണം നടക്കുന്നില്ല. ഐടി മേഖലയുടെ വികസനം, കാര്‍ഷിക മേഖലയുടെ നവീകരണം, വ്യവസായ മേഖലയുടെ പുനരുദ്ധാരണം എന്നീ കാര്യങ്ങളില്‍ പുരോഗതിയുണ്ടാക്കിയില്ലെങ്കില്‍ പുതു തലമുറ കേരളം വിടും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ജാതിയും, മതവും, സമുദായവും നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ദുര്‍ബ്ബലമാക്കപ്പെടുന്നത് ജനാധിപത്യമാണ്്. മത-സുദായ നേതൃത്വങ്ങളുടെ തിട്ടൂരങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അടിയറവെക്കേണ്ട ഒന്നല്ല ജനാധിപത്യം. സാമുദായിക-മത രാഷ്ട്രീയത്തിന്റെ വലിയ വെല്ലുവിളിയാണ് ഇന്ന് കേരളീയ സമൂഹം നേരിടുന്നത്. കൈരളിയുടെ മക്കള്‍ ഒന്നാണെന്ന പൊതു ബോധം ഈ നാടിന്റെ ഞരമ്പുകളിലൂടെ ഓടുന്ന ജീവരക്തമാണ്.
ജനവിരുദ്ധരും, സാമൂഹിക വിരുദ്ധരുമായവരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ അവരെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം.

നിയമ സഭാ തിരഞ്ഞെടുപ്പ് ;യോഗ്യരായവരെ തിരഞ്ഞെടുക്കണം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *