കോഴിക്കോട്: വയനാട് സ്വദേശി വിപിന്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുല്‍ ഹമീദിന് മിടിപ്പ് പകരും. സംസ്ഥാനത്തെ പുതുവര്‍ഷത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്.
32 വയസ്സുള്ള ഷാഹുല്‍ ഹമീദിന് 2020ല്‍ വിദേശത്ത് നിന്നാണ് ഹൃദയ സംബന്ധമായ രോഗലക്ഷണങ്ങള്‍ പിടിപെട്ടത്. മാസത്തില്‍ രണ്ടോ മൂന്നോ തവണ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയില്‍ ഇനി അവയവമാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന് തിരിച്ചറിഞ്ഞ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മസ്തിഷ്‌ക മരണം സംഭവിച്ച വയനാട് സ്വദേശി വിപിന്റെ ഹൃദയം
അവയവദാനത്തിലൂടെ ഷാഹുല്‍ ഹമീദിന്റെ ജീവിതത്തിന് തുടിപ്പ് നല്‍കുകയായിരുന്നു. ജനുവരി നാലിനായിരുന്നു ശസ്ത്രക്രിയ. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. ബിജോയ് ജേക്കബ് നേതൃത്വം നല്‍കി. കാര്‍ഡിയോ തൊറാസിക് സര്‍ജന്മാരായ ഡോ. ഗിരീഷ് വാര്യര്‍, ഡോ.ശബരിനാഥ് മേനോന്‍, ഡോ. ദിന്‍ രാജ്, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ.ശരത്, ഡോ.സുജാത തുടങ്ങിയവരും കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍,ഡോ.സുദീപ് കോശി, ഡോ.സന്ദീപ്, ഡോ.ജയേഷ് ഭാസ്‌കര്‍, ഡോ.ബിജോയ് കെ, പെര്‍ഫ്യൂഷനിസ്റ്റ് ഗിരീഷ്, നഴ്സിംഗ് സ്റ്റാഫ്, ടെക്നിഷ്യന്‍സ് ഉള്‍പ്പെടെയുള്ള ടീം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന മനുഷ്യരില്‍ നിന്ന് വിഭിന്നമായി സ്‌നേഹത്തിന്റെ കൈമാറ്റത്തിലൂടെ തനിക്ക് ലഭിച്ച പുതുജീവന് കാരണക്കാരായ വിപിന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് തന്നെ ചികിത്സിച്ച കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരോടും മറ്റു സ്റ്റാഫ് അംഗങ്ങളോടും നന്ദി പറഞ്ഞുകൊണ്ട് ഷാഹുല്‍ ഹമീദ് പൂര്‍ണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി.
മരണാന്തര അവയമാറ്റത്തിന് കൂടുതല്‍ പേര്‍ക്ക് പ്രചോദനം നല്‍കാന്‍ കുടുംബത്തിന്റ ഈ തീരുമാനം സഹായകരമായിട്ടുണ്ടെന്നും മിംസ് സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു.
