ഉള്‍നാടന്‍ ജലപാതക്ക് വളരെയികം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ രംഗത്ത് കേരളം വേണ്ടത്ര മുന്നേറിയിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ വച്ച് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ നടന്ന മീറ്റിങ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. യോഗത്തിന് ശേഷം മന്ത്രി 1500 കോടി രൂപയുടെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് ഏറെ ഉപകരിക്കുന്നതാണ് ഉള്‍നാടന്‍ ജലപാത. ഒരുകാലത്ത് കേരളത്തിന്റെ ചരക്കു ഗതാഗതത്തിന്റെ വലിയൊരു ഭാഗം ജലഗതാഗതം വഴിയായിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ കടന്ന് വരവും റോഡ് വികസനവും നടന്നതുമാണ് ഈ രംഗത്തെ പിറകോട്ട് അടിപ്പിക്കാന്‍ കാരണം. കേരളത്തില്‍ അഞ്ചു ദേശീയ ജലപാതകള്‍ ആണുള്ളത്. ഇവയുടെ ദൈര്‍ഘ്യം 46589 കിലോമീറ്റര്‍ ആണ്. 30 ലക്ഷം മെട്രിക് ടണ്‍ ചരക്കാണ് നിലവില്‍ നമ്മുടെ ജലപാതകള്‍ വഴി കൊണ്ടുപോകുന്നത. സംസ്ഥാന സര്‍ക്കാര്‍ ഉള്‍നാടന്‍ ജലപാത വികസനത്തിനായി കര്‍മ്മ പദ്ധതികളെ ഉണ്ടാക്കണം. ഉള്‍നാടന്‍ ജലപാതകളുടെ വികസനത്തിനായി വിളിച്ചുചേര്‍ന്ന ദേശീയ ഇന്‍ലാന്‍ഡ് വാട്ടര്‍ വേയ്സ് ഡെവലപ്മെന്റ് കൗണ്‍സില്‍ (ഐഡബ്ലൂസിസി) യോഗത്തില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരാരും പങ്കെടുത്തില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട. ടൂറിസത്തിനു സാധ്യത ഏറെയുള്ള സംസ്ഥാനത്തിന് ഉള്‍നാടന്‍ ജലപാത വികസനം കൂടുതല്‍ മെച്ചമുണ്ടാക്കാന്‍ സാധിക്കും. കോഴിക്കോട് കനോലി കനാല്‍ വഴിയാണ് മലബാറിലെ ചരക്കു ഗതാഗതം ഒരു കാലത്ത് നടന്നിരുന്നത്. കനാല്‍ വൃത്തിയാക്കി ജലഗതാഗതം പുനസ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇക്കാര്യവും അധികൃതര്‍ വളരെ ഗൗരവത്തില്‍ എടുക്കണം. നവീകരണവും ഗതാഗത സാധ്യതയും വികസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന്റെ കൂടി സഹായത്തോടെ പദ്ധതി നടപ്പാക്കാവുന്നതാണ്. നമ്മുടെ കായലുകളും പുഴകളും കൂടുതല്‍ മെച്ചമായി സംരക്ഷിക്കാനും അതിലൂടെ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. കായലുകളും പുഴകളും തോടുകളും വലിയ മാലിന്യ ഭീഷണി നേരിടുകയാണ്. അതിനു ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് എല്ലാവരും കൂടി ശ്രമിക്കേണ്ടത്. പുഴകളും കായലുകളും കനാലുകളും തോടുകളും ഉപയോഗിച്ച് ടൂറിസം സാധ്യത വികസിപ്പിക്കണം. ആധുനിക ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ നമ്മുടെ നാട്ടിലും നടപ്പാക്കാന്‍ സാധിക്കണം. കേന്ദ്രമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. കേന്ദ്രസര്‍ക്കാറിന്റെ ഫണ്ടുകള്‍ ഉപയോഗിച്ച് ഉള്‍നാടന്‍ ജലപാത വികസനം ത്വരിതഗതിയില്‍ ആക്കണം.
