കേരളത്തില്‍ മതനിരപേക്ഷ പ്രസ്ഥാനം വളര്‍ന്നുവരണം

കേരളത്തില്‍ മതനിരപേക്ഷ പ്രസ്ഥാനം വളര്‍ന്നുവരണം

        വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ കേരളീയ സമൂഹത്തില്‍ പടര്‍ത്തി രാഷ്ട്രീയവും, സാമുദായികവുമായ മുതലെടുപ്പ് നടത്താന്‍ തല്‍പ്പര കക്ഷികള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ജനങ്ങളൊന്നാകെ അണിനിരക്കുന്ന മതനിരപേക്ഷ പ്രസ്ഥാനം വളര്‍ന്നു വരേണ്ടത് ഭാവി കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തില്‍ നിന്ന് സാമൂഹിക നവോത്ഥാന നായകര്‍ പരിവര്‍ത്തിപ്പിച്ച കേരളത്തെ ഭ്രാന്താലയമല്ല, മുഴു ഭ്രാന്താലയമാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. എന്തിലും, ഏതിലും വര്‍ഗ്ഗീയ നിറം കാണുന്ന പ്രവണതകള്‍ വളര്‍ന്നുവരികയാണ്. ഒരുജാതി, ഒരുമതം മനുഷ്യന്‍ എന്ന് കേരളീയരെ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാരെന്നവകാശപ്പെടുന്ന സമുദായ നേതാക്കളില്‍ ചിലര്‍ പുറത്തേക്ക് വമിക്കുന്ന പരാമര്‍ശങ്ങള്‍ പരിഷ്‌കൃത കേരളത്തിന് അപമാനമാണ്.
സമുദായ നേതാക്കള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തകരുന്നത് നമ്മുടെ മഹത്തായ സാഹോദര്യത്തിന്റെ  പാരമ്പര്യമാണ്. ജനങ്ങളുടെ വിശ്വാസത്തിലൂടെ സംഘടിതമായും സാമ്പത്തികമായും ശക്തിപ്പെടുത്തുന്ന സാമുദായിക സ്ഥാപനങ്ങളും, അതിന്റെ തലതൊട്ടപ്പന്മാരും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓശാന പാടുന്നതും അവസാനിപ്പിക്കണം. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ നിത്യ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് യാതൊരു പരിഹാരവും കണ്ടെത്താന്‍ ശ്രമിക്കാത്തവരാണ് സമുദായ നേതാക്കളായി വേഷം കെട്ടിയാടുന്നത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ലെന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെ പേരും പറഞ്ഞ് നടക്കുന്നവരും, നിന്നെ പോലെ നിന്റെ അയല്‍വാസിയെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ വക്താക്കളായി നടക്കുന്നവരും, ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഉരിയാടി ആത്മീയ പരിവേഷത്തോടെ നടക്കുന്നവരും ദയവ് ചെയ്ത് സാമൂഹിക മണ്ഡലത്തിന് ഭാരമാവരുത്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ  മന്ത്രി തന്നെ പച്ചക്ക് വര്‍ഗ്ഗീയത വിളമ്പിയത് നാം കണ്ടു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ജനപ്രതിനിധികളെ അവരുടെ പേര് നോക്കി നിശ്ചയിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയത്തില്‍ സമൂഹത്തിന് അപകടമുണ്ടാക്കുന്ന ഇത്തരം നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് മുഴുവനും രാഷ്ട്രീയ തിരഞ്ഞെടുപ്പാണെന്ന് പറയാനാവില്ല. പ്രാദേശികമായുള്ള വ്യക്തികളുടെ സാമൂഹിക പ്രതിബദ്ധത ജനങ്ങളുമായുള്ള ബന്ധം ഇതെല്ലാം തിരഞ്ഞെടുപ്പ് വിജയങ്ങളെ സ്വാധീനിക്കും. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരെ പേര് നോക്കി ചാപ്പകുത്തുന്നത് അവസാനിപ്പിക്കപ്പെടണം. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയതയോ, വിഭാഗീയതയോ ദൃശ്യമാണെങ്കില്‍ വിമര്‍ശിക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഹിന്ദുവിന്റെ പേരിലും, മുസ്ലിമിന്റെ പേരിലും, ക്രിസ്ത്യാനിയുടെ പേരിലും മറ്റും മനുഷ്യരെ വേര്‍തിരിക്കുന്ന രാഷ്ട്രീയം പറഞ്ഞ് നടക്കുന്നവരെ ജനങ്ങള്‍ പടിക്ക് പുറത്ത് നിര്‍ത്തണം. ഇക്കാര്യത്തില്‍ യുവതലമുറ ഏറെ ജാഗ്രത പുലര്‍ത്തണം. ഭൂരിപക്ഷ മത താല്‍പ്പര്യങ്ങളും, ന്യൂനപക്ഷ മത താല്‍പ്പര്യങ്ങളും പരസ്യമായും, രഹസ്യമായും ഉയര്‍ത്തിപ്പിടിച്ച്, പിന്നീട് മതേതരത്വത്തിന്റെ വക്താക്കളായി ചമയുന്നത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചതിന് ശേഷം രാഷ്ട്ര സ്‌നേഹം പ്രകടിപ്പിക്കുന്നത് പോലെയാണ്.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ,പ്രതിലോമ ശക്തികളെ ന്യൂനപക്ഷങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കണം. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്ന ഭ്രാന്തിനെ ന്യൂനപക്ഷ വര്‍ഗ്ഗീയത എന്ന ഭ്രാന്തുകൊണ്ട് നേരിടാനാവില്ല. ഈ രണ്ട് അപകടങ്ങളെയും ചെറുക്കാന്‍ മാനവികതയിലധിഷ്ഠിതമായ മത സൗഹാര്‍ദ്ദത്തിന്റെയും, മതനിരപേക്ഷതയുടെ മഹാ പ്രസ്ഥാനത്തിനും മാത്രമേ സാധിക്കൂ. ഇക്കാര്യത്തില്‍ സമുന്നതരായ നമ്മുടെ സാഹിത്യകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഉല്‍പ്പതിഷ്ണുക്കളായ മനുഷ്യര്‍ നേതൃത്വം നല്‍കണം. കാലഹരണപ്പെട്ട ചിന്താഗതികളുമായി പോകുന്നവരെ വകഞ്ഞ്മാറ്റി കേരളത്തെ മനോഹരമായ പൂങ്കാവനമാക്കാന്‍ യുവ സമൂഹം മുന്നിട്ടിറങ്ങണം.

കേരളത്തില്‍ മതനിരപേക്ഷ പ്രസ്ഥാനം വളര്‍ന്നുവരണം

Share

Leave a Reply

Your email address will not be published. Required fields are marked *